അധികാരത്തില്‍ ‘ഷാഡോ പ്രിന്‍സ്’; പിടിച്ചതിനേക്കാള്‍ വലുതോ അളയില്‍? ഇറാനില്‍ സ്വതന്ത്ര ഭരണമെന്ന യുഎസ്- ഇസ്രയേല്‍ ലക്ഷ്യം ഇനിയുമകലെ; മൊജ്തബ തീവ്ര നിലപാടുള്ള പിന്‍ഗാമി; പ്രതിഷേധവുമായി ജനം തെരുവില്‍ ഇറങ്ങുമെന്ന കണക്കു കൂട്ടലും പാളുന്നോ?

ടെഹ്റാന്: ഇറാനില്‍ ഏകാധിപത്യം അവസാനിപ്പിച്ചു ജനങ്ങളെ ഭരണമേല്‍പ്പിക്കുകയെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും ലക്ഷ്യം ഇനിയും അകലെയെന്നു സൂചന. ഇറാന് നടത്തുന്ന ആണവപദ്ധതികള്‍ അവസാനിപ്പിക്കുക, പശ്ചിമേഷ്യയില്‍ പാശ്ചാത്യ സ്വാധീനം ഉറപ്പിക്കുക, ആയത്തുള്ള അലി ഖമനയിയെ വധിക്കുക എന്നിവയായിരുന്നു ലക്ഷ്യം. പ്രധാനമായി ഉന്നമിട്ട കാര്യം നേടിയെങ്കിലും പിന്നാലെ തീവ്രനിലപാടുകളുള്ള പിന്‍ഗാമികള്‍ തന്നെ ഭരണത്തില്‍ വരുന്നത് തങ്ങളുടെ ലക്ഷ്യത്തിന് എതിരായാണ് ഇസ്രയേലും അമേരിക്കയും കാണുന്നത്. ഖമനയിയുടെ മകന് മുന്‍ സൈനികന് കൂടിയായ മൊജ്തബ ഖമനയിയാണ് ഇറാന്റെ പരമോന്നത നേതാവായി വിദഗ്ധസമിതി തിരഞ്ഞെടുത്തത്.
ഇതു വമ്പന്‍ തിരിച്ചടിയായിട്ടാണ് ട്രംപും നെതന്യാഹുവും കണക്കാക്കുന്നത്. പിതാവിനെയും കുടുംബത്തെയും ഇല്ലാതാക്കിയവര്‍ എക്കാലത്തും മൊജ്തബയ്ക്കും ശത്രുക്കളായിരിക്കും. ഖമനയി ഭരണത്തെ തുടച്ചുനീക്കി മൃദുസമീപനമുള്ള നേതാവിനെ അവരോധിക്കാനാണ് അമേരിക്കയും ഇസ്രയേലും ഈ യുദ്ധം നടത്തിയതെങ്കിലും കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ് പോകുന്നത്.
ഖമനയിക്കൊപ്പം ഇറാന് പോറ്റിവളര്‍ത്തി വലുതാക്കിയ ഗ്രൂപ്പുകളേയും ഇല്ലാതാക്കി ഒരു പാവസര്‍ക്കാറിനെ പ്രതീക്ഷിച്ച ഇസ്രയേലിനും അമേരിക്കയ്ക്കും ഇനിയുമേറെ മുന്നോട്ട് പോകേണ്ടിവരും. അടിസ്ഥാന ലക്ഷ്യം നിറവേറ്റിയതിനൊപ്പം മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഇറാനെ ഒറ്റപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ഈ യുദ്ധത്തിലൂടെ അമേരിക്കയ്ക്ക് സാധിച്ചേക്കും. എക്കാലത്തും എണ്ണ സമ്പത്തുള്ള രാജ്യങ്ങളെ നിയന്ത്രണത്തിലാക്കുന്ന അമേരിക്കയ്ക്ക് പശ്ചിമേഷ്യയില്‍ കൂടുതല്‍ നിയന്ത്രണം കിട്ടിയെന്നും പറയാം. ഖമേനിയെ വധിച്ചാല്‍ ജനം തെരുവിലിറങ്ങി വീണ്ടും പ്രക്ഷോഭം ആരംഭിക്കുമെന്ന പ്രതീക്ഷയും പാളിയെന്നാണു വിലയിരുത്തല്‍. ഇറാനിയന്‍ സൈന്യത്തെയും മിസൈലുകളെയും ഭയന്ന് ജനങ്ങള്‍ വീട്ടിനുള്ളില്തന്നെയാണ് ഇപ്പോഴുമുള്ളത്.
പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാതെ അമേരിക്കയും ഇസ്രയേലും ഈ യുദ്ധത്തില്‍ നിന്നും പിന്മാറുമോയെന്നും ചര്‍ച്ച തുടങ്ങി. മേഖലയില്‍ സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണങ്ങള്‍ നടത്താനും ഒമാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളെ കൂടെനിര്‍ത്തി ഇറാനെ ഒറ്റപ്പെടുത്താനുമാകും ഇനിയുള്ള ശ്രമം. മാത്രമല്ല സമ്മര്‍ദ്ദം ശക്തിപ്പെടുത്തി സന്ധിസംഭാഷണത്തിനും ശ്രമിക്കും. കൂടാതെ അമേരിക്കയ്ക്ക് താല്പര്യമുള്ള പോക്കറ്റുകളുടെ നിയന്ത്രണം ഏറ്റെടുത്തും സ്വാധീനം വര്‍ധിപ്പിച്ചേക്കാം.
100 മണിക്കൂര്‍ യുദ്ധം എന്ന് പ്രഖ്യാപിച്ച് തുടങ്ങിയ ആക്രമണം അഞ്ചാം ദിവസത്തിലേക്ക് എത്തിനില്‍ക്കുകയാണ്. പ്രധാന എണ്ണപ്പാതയായ ഹോര്‍മുസ് ഉള്‍പ്പെടെ നിശ്ചലമായ പശ്ചാത്തലത്തില്‍ യുദ്ധം ദീര്‍ഘകാലം നീളാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധ വിലയിരുത്തല്‍. മിസൈലുകളടക്കം അനാവശ്യമായി ഉപയോഗിക്കുന്നു എന്നതില്‍ പെന്റഗണ്‍ ആശങ്കയും അറിയിച്ചിട്ടുണ്ട്.
ഇറാനെതിരായ ആക്രമണം നിലവിലെ അവസ്ഥയില്‍ പത്ത് ദിവസം കൂടി തുടര്‍ന്നാല്‍ അമേരിക്കയുടെ അത്യാധുനിക മിസൈല്‍ ശേഖരം പരിധിക്ക് താഴെപ്പോകുമെന്നാണു പെന്റഗണിന്റെ മുന്നറിയിപ്പ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇറാന് യുഎസ് ഇസ്രയേല്‍ സംഘര്‍ഷം അഞ്ചാം ദിനവും രൂക്ഷമായി തുടരുന്നതിനിടെയാണ് യുഎസ് സൈനിക കരുത്തിനെക്കുറിച്ചുള്ള നിര്‍ണായക ആശങ്കകള്‍ ഉയരുന്നത്.
അമേരിക്കയുടെ കൈവശം അനന്തമായ ആയുധശേഖരമുണ്ടെന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോള്‍ സൈനിക ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചനകള്‍ മറിച്ചാണ്. ഈ വിഷയത്തില്‍ പെന്റഗണും ട്രംപും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രധാനമായും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളാണ് കുറയാന്‍ സാധ്യതയുള്ളതെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ജനറല്‍ ഡാന്‍ കെയിനും പെന്റഗണ്‍ ഉദ്യോഗസ്ഥരും ട്രംപിന് ആയുധവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഫെബ്രുവരി 23ന് ദ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇറാനുമായുണ്ടായ ആക്രമണത്തില്‍ മാത്രം യുഎസ് തങ്ങളുെട 25ശതമാനം താഡ് ഇന്റര്‍സെപ്റ്റര്‍ മിസൈലുകളും ഉപയോഗിച്ചു കഴിഞ്ഞിരുന്നു.
150ഓളം മിസൈലുകള്‍ അന്ന് ഉപയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല കപ്പലുകളില്‍ നിന്നും ഉപയോഗിക്കുന്ന ഷിപ് ബോണ്‍ ഇന്റര്‍സെപ്റ്ററുകളുടെ ശേഖരം കഴിഞ്ഞ വര്‍ഷത്തെ ആക്രമണത്തില്‍ തീര്‍ന്നിരുന്നുവെന്നും പെന്റഗണ്‍ ഓര്‍മിപ്പിക്കുന്നു. കൃത്യതയാര്‍ന്ന മറ്റ് അത്യാധുനിക ആയുധങ്ങളുടെ ലഭ്യതയും കുറഞ്ഞുവരികയാണ്.
പെന്റഗണിന്റെ മുന്നറിയിപ്പും ട്രംപിന്റെ നിലപാടും രണ്ട് തലത്തിലായത് യുഎസിനെ പ്രതിസന്ധിയിലാക്കുകയാണ്. ഇറാന്റെ പ്രത്യാക്രമണങ്ങളെ തടയാന്‍ യുഎസിന് ബുദ്ധിമുട്ടുണ്ടായേക്കുമെന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം. യുഎസിന്റെ ആയുധശേഖരം മറ്റെല്ലാ രാജ്യങ്ങളേക്കാളും വലിയ രീതിയിലായിരുന്നെങ്കിലും ഇസ്രയേല്‍, യുക്രെയ്ന് സഖ്യരാജ്യങ്ങള്‍ക്കായി വന്‍തോതില്‍ സൈനിക സഹായം നല്‍കിയതോടെയാണ് ആയുധശേഖരത്തില്‍ കുറവ് വന്നത്.
#IranIsraelWar, #DonaldTrump, #Netanyahu, #MojtabaKhamenei, #Pentagon, #USMilitary, #MiddleEastCrisis, #BreakingNews, #InternationalNews, #WarUpdate, #MalayalamNews, #Geopolitics, #OilCrisis, #ഇറാൻ, #അമേരിക്ക, #ഇസ്രയേൽ, #യുദ്ധം, #വാർത്തകൾ, #ട്രംപ്, #ഖമേനി






