ഉടുമ്പൻചോലയിൽ മണിയാശാനെ വെട്ടി, പകരം കെകെ ജയചന്ദ്രൻ!! ജില്ലാ നേതൃത്വം നൽകിയ പട്ടിക തിരുത്തി സംസ്ഥാന സെക്രട്ടേറിയറ്റ്, എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് എന്നിവർക്കും സീറ്റില്ല, വൈപ്പിനിൽ എംബി ഷൈനി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോലയിൽ എംഎം മണിക്കു ഇക്കുറി സീറ്റില്ല. ഇടുക്കി ജില്ലയിലെ സിപിഎം സ്ഥാനാർത്ഥിക പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് തിരുത്തുകയായിരുന്നു. പകരം ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ മത്സരിക്കും. എംഎം മണിയുടെ പേര് അടക്കം ഉൾപ്പെടുത്തിയാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ, ഇത് തിരുത്തിയാണ് കെകെ ജയചന്ദ്രനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
സംസ്ഥാന നേതൃത്വത്തിൻറെ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കും. എംഎം മണിക്ക് പുറമെ എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് തുടങ്ങിയ പ്രമുഖരും മത്സരത്തിനില്ല. വിജയരാഘവന് മത്സരിക്കാൻ പിബി അനുമതി നൽകിയില്ല. കെ കെ ശൈലജയുടെ കാര്യത്തിൽ ജില്ലാ നേതൃത്വത്തിൻറെ തീരുമാനം നിർണായകമാകും.
അതുപോലെ വൈപ്പിൻ എംഎൽഎ കെഎൻ ഉണ്ണികൃഷ്ണൻ തൃപ്പൂണിത്തുറയിൽ സിപിഎം സ്ഥാനാർത്ഥിയാകും. സ്വരാജ് വേണമെന്ന ജില്ലാ നേതൃത്വത്തിൻറെ ആവശ്യം തള്ളി. കൂടാതെ മുൻ മേയർ അനിൽകുമാറിനെയും പരിഗണിച്ചില്ല. എംബി ഷൈനി വൈപ്പിൻ മണ്ഡലം സ്ഥാനാർത്ഥിയാകും. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ്. നാളത്തെ സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും. എറണാകുളത്തും തൃക്കാക്കരയിലും പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം.






