‘എയർ ആംബുലൻസുകൾ പറത്തി നിരവധി ജീവനുകൾ അവൻ രക്ഷിച്ചു, പക്ഷെ…. വീട്ടിൽ വന്നേ ഭക്ഷണം കഴിക്കുവെന്ന് അവൻ പറഞ്ഞിരുന്നു, അവന്റെ ചാച്ചി ഭക്ഷണം തയ്യാറാക്കിയിരുന്നു, വികാസ് വരാനായി അവൾ രാത്രി 11 മണി വരെ കാത്തിരുന്നു’…റാഞ്ചിയിൽ അപകടത്തിൽ മരിച്ച പൈലറ്റിന്റെ പിതാവ്

റാഞ്ചി: റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ആംബുലൻസ് ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ തകർന്നുവീണ് ഏഴുപേരാണ് മരിച്ചത്. ഡിജിസിഎയുടെ റിപ്പോർട്ട് അനുസരിച്ച്, പൈലറ്റ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും അപകടത്തിൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം
മാധ്യമപ്രവർത്തകരോട് സംസാരിക്കവേ, മരിച്ച പൈലറ്റിന്റെ പിതാവ് ഡി.എസ്. ഭഗത് മകന്റെ നഷ്ടത്തിൽ ദുഃഖം രേഖപ്പെടുത്തി. “എന്റെ മകൻ എയർ ആംബുലൻസ് പറത്തിക്കൊണ്ട് നിരവധി ജീവൻ രക്ഷിച്ചു, പക്ഷേ ഇന്ന് അവന്റെ ജീവൻ നഷ്ടമായി,” അദ്ദേഹം എഎൻഐയോട് പറഞ്ഞു. ഡൽഹിയിൽ ഇറങ്ങുമ്പോൾ ഒരു ബന്ധുവിനെ കാണാനും ഭക്ഷണം കഴിക്കാനും വികാസ് എത്തേണ്ടതായിരുന്നു എന്ന് പിതാവ് കൂട്ടിച്ചേർത്തു.
“അവന്റെ ചാച്ചി ഭക്ഷണം തയ്യാറാക്കിയിരുന്നു. വീട്ടിൽച്ചെന്ന് ഭക്ഷണം കഴിക്കാമെന്ന് അവൻ പറഞ്ഞിരുന്നു, രാത്രി 9 മണിയോടെ ഡൽഹിയിൽ എത്തുമെന്നും അറിയിച്ചു. വികാസ് വരാനായി അവൾ രാത്രി 11 മണി വരെ കാത്തിരുന്നു, അതിനുശേഷമാണ് ഞങ്ങൾ അപകടത്തെക്കുറിച്ച് അറിയുന്നത്,” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വിമാനത്തിലുണ്ടായിരുന്ന ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, ക്യാപ്റ്റൻ സവ്രജ്ദീപ് സിങ്, സഞ്ജയ് കുമാർ, ഡോ. വികാസ് കുമാർ ഗുപ്ത, സച്ചിൻ കുമാർ മിശ്ര, അർച്ചന ദേവി, ധുരു കുമാർ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഡൽഹി ആസ്ഥാനമായുള്ള റെഡ്‌ബേർഡ് എയർവേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ബീച്ച്ക്രാഫ്റ്റ് സി90 വിമാനം വി.ടി-എ.ജെ.വി. റാഞ്ചിയിൽ നിന്ന് വൈകുന്നേരം 7:11 ന് രോഗിയെ ന്യൂഡൽഹിയിലേക്ക് കൊണ്ടുപോകാനായി പുറപ്പെട്ടു. ടേക്ക്ഓഫിന് ശേഷം വിമാനത്തിന് കൊൽക്കത്തയുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ, ഏകദേശം 7:34 ന് വിമാനവുമായുള്ള ആശയവിനിമയവും റഡാർ ബന്ധവും നഷ്ടപ്പെട്ടു.
“ഒരു അപകടം സംഭവിച്ചതായി ഏകദേശം രാത്രി 10 മണിയോടെയാണ് ഞങ്ങൾക്ക് വിവരം ലഭിച്ചത്. ഈ പ്രദേശത്തേക്ക് എത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു. അന്വേഷണത്തിനായി ഡൽഹി സംഘം ഇവിടെയെത്തും, ബ്ലാക്ക് ബോക്സ് കണ്ടെത്താൻ ശ്രമിക്കും,” എസ്.പി. സുമിത് കുമാർ എഎൻഐയോട് പറഞ്ഞു.
ഡിജിസിഎയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ബ്ലാക്ക് ബോക്സ് കണ്ടെത്താനും അപകടത്തിൻ്റെ യഥാർഥ കാരണം അറിയാനും വേണ്ടി എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയിൽ (എ.എ.ഐ.ബി) നിന്നുള്ള സംഘവും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.






