Breaking NewsKeralaLead NewsNEWS

6 വർഷം മുൻപ് ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങി, അബദ്ധം മനസിലായി ഒന്നുകൂടി ഓപ്പറേഷൻ വേണമെന്ന് ആശുപത്രി അധികൃതർ, സംശയം തോന്നി പുറത്ത് ടെസ്റ്റ് ചെയ്തപ്പോൾ വയറ്റിൽ കത്രിക, ഒരു വർഷം മുൻപ് രോ​ഗിയും മരിച്ചു, തെളിവെടുപ്പിന് ഹാജരാകാൻ മരിച്ചയാൾക്ക് നോട്ടിസ്, പിന്നാലെ സിറ്റിങ് മാറ്റിവച്ചെന്ന അറിയിപ്പും

തൃശൂർ: ഏതാനു ദിവസം മുൻപ് വാ​ഹനാപകടത്തിൽ മരിച്ച ടീച്ചർക്ക് എക്സാം ഡ്യൂ‌ട്ടി കൊടുത്തതിനു പിന്നാലെ മറ്റൊരു കേസുകൂടി. ആറ് വർഷം മുമ്പ് സർക്കാർ മെഡിക്കൽ കോളജിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ ആൾക്ക് തെളിവെടുപ്പിന് ഹാജരാകാൻ ആരോ​ഗ്യ വകുപ്പിന്റെ നോട്ടിസ്, പക്ഷെ നോട്ടീസ് കൈപ്പറ്റാൻ ആളില്ല, ഒരു വർഷം മുൻപ് ഇര മരിച്ചു. ഇതറായാതെയാണ് ആരോ​ഗ്യ വകുപ്പ് നോട്ടീസ് നൽകിയത്.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 2020 മേയിൽ വയറുവേദനക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ തൃശൂർ കൂർക്കാഞ്ചേരി സ്വദേശി ജോസഫ് പോൾ (53) എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെയും അദ്ദേഹത്തിൻറെ കുടുംബത്തിൻറെയും ദയനീയ അവസ്ഥയാണ് മേൽ വിവരിച്ചത്. കത്രിക കണ്ടെത്തിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിൽ കത്രിക പുറത്തെടുത്തിരുന്നു. ഇതിനുശേഷം ഒരുവർഷം മുൻപാണ് രോഗി മരിച്ചത്. എന്നാൽ ഇതൊന്നും അറിയാതെയാണ് തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച രോഗിക്ക് ആരോഗ്യവകുപ്പിൻറെ നോട്ടിസ് അയച്ചത്.

ജോസഫിന്റെ ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെ ഫോൺ വിളിച്ച് സിറ്റിങ് മാറ്റിയെന്ന അറിയിപ്പും. 2020 ൽ വയറുവേദനയെ തുടർന്നാണ് ജോസഫ് തൃശൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിൽസ തേടിയത്. ഡോ. പോളി ടി. ജോസഫ് ശസ്ത്രക്രിയയും നിർദേശിച്ചു. ഡോക്ടർ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം പ്രാക്ടീസ് നടത്തുന്ന സ്വകാര്യ ആശുപത്രിയിലെത്തി പതിനായിരം രൂപ കൈക്കൂലിയും കൊടുത്തു. തുടർന്ന് മേയ് അഞ്ചിന് ആദ്യ ശസ്ത്രക്രിയ നടത്തി. ദിവസങ്ങൾക്ക് ശേഷം പരിശോധനയിൽ ശസ്ത്രക്രിയയിലെ അപാകത കണ്ടു. തുടർന്ന് മേയ് 12 ന് വീണ്ടും ശസ്ത്രക്രിയ നടത്തി.

Signature-ad

മേയ് 30 വരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഡിസ്ചാർജായി വീട്ടിൽ പോയ ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും മെഡിക്കൽ കോളജിൽ രണ്ടുതവണ എത്തി ശസ്ത്രക്രിയ നടത്തിയ ഡോ. പോളിയെ കണ്ടു. തുടർന്ന് സിടി സ്കാൻ ഡോക്ടർ പറഞ്ഞു. സിടി സ്കാൻ എടുത്ത് തുടങ്ങിതോടെ ആശുപത്രി അധികൃതരുടെ ഭാവത്തിൽ മാറ്റം വന്നു. സിടി സ്കാൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉടൻ ശസ്ത്രക്രിയ നടത്താമെന്നും അഡ്മിറ്റാകണമെന്നും അവർ ആവശ്യപ്പെട്ടു. തുടർന്ന് സംശയം തോന്നി പുറത്തെ ഒരു ക്ലിനിക്കിൽ പോയി എക്സ്റേ എടുത്തപ്പോഴാണ് വയറിൽ കത്രിക കുടുങ്ങിയത് വ്യക്തമായത്. അതിൻറെ അടിസ്ഥാനത്തിൽ ഇനിയും മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തുന്നതിൻറെ പന്തികേട് മനസിലാക്കിയ ജോസഫിൻറെ ബന്ധുക്കൾ ഡിസ്ചാർജ് വാങ്ങി സ്വകാര്യ ആശുപത്രിയിലെത്തി സ്കാൻ ചെയ്തു. അപ്പോഴും കത്രികയുടെ സാന്നിധ്യം പ്രകടമായി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയാണ് കത്രിക പുറത്തെടുത്തത്.

പക്ഷെ അന്ന് മുതൽ ജോസഫ് നിത്യരോഗിയായി മാറി. തൻറെ ഉപജീവനമാർഗമായ ഓട്ടോറിക്ഷ ഓടിക്കാൻ പോലും കഴിയാതെയായി. തുടർന്ന് ജോസഫും ബന്ധുക്കളും പോലീസിലും ആരോഗ്യവകുപ്പിലും പരാതി നൽകി. തുടർന്ന് ഡോക്ടറെയും ചില ജീവനക്കാരെയും പേരിന് സസ്പെൻഡ് ചെയ്തു, കേസും എടുത്തു. ശസ്ത്രക്രിയയിൽ തങ്ങളുടെ ഭാഗത്ത് നിന്നും പാളിച്ചയുണ്ടായെന്ന് മനസിലാക്കിയ ഡോക്ടർ ആദ്യം പണം കൊടുത്ത് രോഗിയെ വരുതിയിലാക്കാൻ ശ്രമിച്ചു. വഴങ്ങുന്നില്ലെന്നായപ്പോൾ ഭീഷണിയായി. തുടർന്ന് ജോസഫ് മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി. 2022 ആഗസ്റ്റിൽ അനുകൂലവിധിയുണ്ടായി വർഷങ്ങൾ കഴിഞ്ഞിട്ടും വിധിച്ച നഷ്ടപരിഹാരതുക ഇതുവരെ ലഭിച്ചില്ലെന്ന് മാത്രം. അതിനിടെ കേസുകൾ കോടതിയിൽ ഒച്ചിഴയുന്ന വേഗത്തിൽ നീങ്ങുകയാണ്. തനിക്ക് നീതി തേടി പല വാതിലുകളും മുട്ടി ഒടുവിൽ നീതി ലഭിക്കാതെ കഴിഞ്ഞവർഷം ജനുവരി 29 ന് ജോസഫ് മരിച്ചു.

തുടർന്നു ഈമാസം 20നാണ് സെക്രട്ടേറിയറ്റ് അനക്സിൽ തെളിവെടുപ്പിന് ഹാജരാകാൻ മരിച്ച ജോസഫിന് ആരോഗ്യവകുപ്പിൻറെ നോട്ടിസ് വന്നത്. നോട്ടിസ് എത്തിയതാകട്ടെ അത് 17 നും. തിരുവനന്തപുരത്ത് എത്തിച്ചേരാൻ ജോസഫിൻറെ ഭാര്യയും മകളും തയാറാകുന്നതിനു മണിക്കൂറുകൾ മുൻപ് ആരോഗ്യവകുപ്പിൽ നിന്നാണെന്ന് പറഞ്ഞ് സിറ്റിങ് മാറ്റിയതായി അവരെ ഫോൺ വിളിച്ച് അറിയിക്കുകയും ചെയ്തു. കത്ത് കിട്ടിയതാകട്ടെ 20നും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: