Breaking NewsLead NewsNEWSWorld

ചെറിയ ആക്രമണങ്ങൾക്ക് പദ്ധതി തയാർ, അടുത്ത 10 മുതൽ 15 ദിവസത്തിനകം ആണവ കരാറിൽ എത്തിച്ചേരാത്ത പക്ഷം അതിന്റെ ഫലം ദൗർഭാഗ്യകരം- മുന്നറിയിപ്പുമായി ട്രംപ്!! വിദ്യാർഥികൾ വീണ്ടും തെരുവിൽ…ട്രംപേ എത്രയും പെട്ടെന്ന് പറഞ്ഞ പോലെ പണി തീർക്കൂ, ഖമനേയിക്ക് എത്രയും വേ​ഗം മരണം സംഭവിക്കട്ടെ- മുദ്രാവാക്യം വിളികൾ

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരേ പ്രതിഷേധവുമായി കൂടുതൽ വിദ്യാർഥികൾ തെരുവിലേക്കിറങ്ങി. ഖമനേയിക്ക് എത്രയും വേ​ഗം മരണം സംഭവിക്കട്ടെയെന്നും വേഗം പണി തീർക്കൂവെന്നും മുദ്രാവാക്യം വിളിച്ച് ഷരീഫ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ പ്രതിഷേധിക്കുന്ന ദൃശ്യങ്ങൾ ഇറാൻ ഇന്റർനാഷണൽ പുറത്തുവിട്ടു. ഇതിനിടെ നടന്ന സംഘർഷങ്ങളിൽ നിരവധിപേർക്ക് പരുക്കേറ്റു.

കഴിഞ്ഞ മാസം നടന്ന സർക്കാർ അടിച്ചമർത്തലിൽ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് വീണ്ടും ക്യാമ്പസുകളിൽ പ്രതിഷേധം ശക്തമായതായി റിപ്പോർട്ട്. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിൽ പരമോന്നത നേതാവായ അലി ഖമനേയി ക്കെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾ, പുറത്താക്കപ്പെട്ട ഷായുടെ മകനായ റേസ പഹ്‌ലവിയെ പുതിയ ഭരണാധികാരിയായി ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

Signature-ad

തലസ്ഥാനമായ ടെഹ്‌റാനിലെ മറ്റ് സർവകലാശാലകളിലും വടക്കുകിഴക്കൻ നഗരമായ *മഷാദിലെ ക്യാമ്പസുകളിലും പ്രതിഷേധം നടന്നതായി മനുഷ്യാവകാശ സംഘടനകൾ പ്രസിദ്ധീകരിച്ച സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. പ്രതിഷേധങ്ങൾ കഴിഞ്ഞ മാസം നടന്ന സർക്കാർ വിരുദ്ധ സമരങ്ങളിൽ സുരക്ഷാസേനയുടെ നടപടിയിൽ കൊല്ലപ്പെട്ടവരുടെ 40ാം ദിന അനുസ്മരണച്ചടങ്ങുകളോടനുബന്ധിച്ചാണ് നടന്നത്.

1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ ആഭ്യന്തര കലാപമായി വിലയിരുത്തപ്പെട്ട സമരങ്ങളിൽ ആയിരങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. അതേസമയം അമേരിക്കൻ സൈനികാക്രമണം നടന്നാൽ ഇറാൻ ചർച്ചകളിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 10 മുതൽ 15 ദിവസത്തിനുള്ളിൽ കരാറിൽ എത്തണമെന്ന ട്രംപിന്റെ അൾട്ടിമേറ്റത്തിനിടെ, പുതിയ വ്യോമാക്രമണങ്ങൾ യഥാർത്ഥത്തിൽ എന്ത് നേട്ടമുണ്ടാക്കുമെന്നതിൽ വ്യക്തതയില്ലെന്നാണ് നിരീക്ഷണം.

അടുത്ത 10 മുതൽ 15 ദിവസത്തിനകം ആണവ കരാറിൽ എത്തിച്ചേരാത്ത പക്ഷം അതിന്റെ ഫലം ദൗർഭാഗ്യകരമായിരിക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി. “ഞങ്ങൾ ഒരു കരാറിലെത്തും, അല്ലെങ്കിൽ അത് അവർക്കു ദൗർഭാഗ്യകരമായിരിക്കും. 10 മുതൽ 15 ദിവസം മതിയാകും,” എന്നാണ് ട്രംപ് പറഞ്ഞത്. ‘ബോർഡ് ഓഫ് പീസിൻഫെ’ ഉദ്ഘാടന യോഗത്തിൽ സംസാരിച്ച ട്രംപ് ഇറാൻ അമേരിക്കയുമായി സഹകരിക്കേണ്ട സമയമാണിതെന്നും അവർ ചേർന്നാൽ അത് മികച്ചതായിരിക്കുമെന്നും ചേർന്നില്ലെങ്കിൽ വഴിയൊരിക്കലും ഒരുപോലെയാകില്ലെന്നും ആവർത്തിച്ചു.

അതേസമയം ഒമാന്റെ മധ്യസ്ഥതയിൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടന്ന രണ്ടാംഘട്ട ചർച്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ കടുപ്പത്തിലായത്. 2025 ഡിസംബറിൽ ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തമായതിനെ തുടർന്ന് നടന്ന അടിച്ചമർത്തലും ചർച്ചകളെ ബാധിച്ചു. അമേരിക്കയുടെ പ്രധാന ലക്ഷ്യം ഇറാൻ ആണവായുധ ശേഷി നേടുന്നത് തടയലാണെങ്കിലും ഇറാൻ തങ്ങൾക്ക് ആണവ ബോംബ് പദ്ധതിയില്ലെന്ന് ആവർത്തിച്ച് പറയുന്നുണ്ട്.

ഇതിനിടെ പുതിയ ആണവ കരാറിൽ ഒപ്പുവയ്ക്കാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ സമ്മർദ്ദത്തിലാക്കുന്നതിനായി പരിമിതമായ സൈനികാക്രമണങ്ങൾ നടത്തുന്നതിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ആലോചിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ട് വിമാനവാഹിനിക്കപ്പലുകൾ, യുദ്ധവിമാനങ്ങൾ, റീഫ്യൂവലിംഗ് വിമാനങ്ങൾ എന്നിവ ഉൾപ്പെടുന്ന വൻ സൈനിക സന്നാഹമാണ് പെന്റഗൺ മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: