ഇന്ത്യ സെമി കാണില്ല, സൂപ്പർ എട്ടിൽതന്നെ പുറത്താകും… പ്രവചനം നടത്തി മുൻ പാക് താരം!! പാക്കിസ്ഥാനോടൊഴികെ എല്ലാ മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിങ് നിര അമ്പേ പരാജയം, മറുസൈഡിലുള്ള ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും…

ലഹോർ: ട്വന്റി20 ലോകകപ്പിൽ നാലു കളികളും ജയിച്ച് ഗ്രൂപ്പ് ചാംപ്യൻമാരായി സൂപ്പർ എട്ടിലേക്ക് യോഗ്യത നേടിയ ഇന്ത്യയുടെ യാത്ര സൂപ്പർ എട്ടിൽ അവസാനിക്കുമെന്ന് മുൻ പാക് താരം മുഹമ്മദ് ആമിർ. ഈ ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണില്ല, സൂപ്പർ എട്ടിൽ ഇന്ത്യയുൾപ്പെടുന്ന ഗ്രൂപ്പിൽനിന്ന് ദക്ഷിണാഫ്രിക്കയും വെസ്റ്റിൻഡീസും സെമി ഫൈനലിൽ കടക്കുമെന്നും ഒരു ചർച്ചയിൽ ആമിർ പ്രവചിച്ചു.
ഇന്ത്യയുടെ മോശം പ്രകടനം പ്രവചിക്കാനുള്ള കാരണവും ആമിർ വിശദീകരിക്കുന്നുണ്ട്. ‘‘പാക്കിസ്ഥാനെതിരെയുള്ള മത്സരം മാറ്റിനിർത്തിയാൽ, എല്ലാ മത്സരത്തിലും ഇന്ത്യൻ ബാറ്റിങ് ലൈനപ്പ് തകർന്നിട്ടുണ്ട്. കളിക്കുന്ന രീതി നോക്കിയാൽ ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റിൻഡീസിനും ഏതു ടീമിനെ വേണമെങ്കിലും തോൽപിക്കാൻ സാധിക്കും.’’
അതേസമയം 22ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് സൂപ്പർ എട്ട് റൗണ്ടിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം. 26ന് സിംബാബ്‍വെയ്ക്കെതിരെയും മാർച്ച് ഒന്നിന് വെസ്റ്റിൻഡീസിനെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. ഗ്രൂപ്പ് ഘട്ടത്തിൽ സ്പിൻ ബോളർമാർക്കെതിരെ ടോപ് ഓർഡർ ബാറ്റർമാർ പതറിയതിനാൽ സൂപ്പർ എട്ടിനു വേണ്ടി കഠിന പരിശീലനത്തിലാണ് ടീം ക്യാംപ്. എട്ട് ഗ്രൂപ്പിൽനിന്ന് രണ്ട് ടീമുകളാണ് സെമി ഫൈനലിൽ കടക്കുക. ആമിറിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണു വഴി തുറന്നത്.
നേരത്തേ ഇന്ത്യൻ താരം അഭിഷേക്ശർമയ്ക്കെതിരെ ആമിർ നടത്തിയ പ്രതികരണവും ഏറെ വിവാദമായിരുന്നു. എല്ലാ പന്തുകളും അടിക്കാൻ ശ്രമിക്കുന്ന ബാറ്ററെന്നതിൽ കവിഞ്ഞ് അഭിഷേക് ശർമ ഒന്നുമല്ലെന്നായിരുന്നു ആമിറിന്റെ പ്രതികരണം. ‘എല്ലാ പന്തുകളിലും വലിയ ഷോട്ടുകൾക്കാണ് അഭിഷേകിന്റെ ശ്രമം. അതു നന്നായി നടന്നാൽ കുഴപ്പമില്ല. അല്ലെങ്കിൽ പരാജയപ്പെട്ടുപോകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. എട്ട് ഇന്നിങ്സ് കളിച്ചാൽ ഒരു തവണയാകും അഭിഷേക് മികച്ച സ്കോറിലെത്തുന്നത്.’’ അഭിഷേകിന്റെ സാങ്കേതിക മികവിൽ സംശയമുണ്ടെന്നും ആമിർ പ്രതികരിച്ചിരുന്നു.






