Breaking NewsKeralaLead NewsNEWS

‘ഇടക്കിടെ വേദന വരും, അപ്പോൾ വെള്ളം കുടിക്കും, മരുന്നു കഴിക്കും… ഇടക്കിടെ ചോര വരും, അപ്പോൾ വീണ്ടും ആശുപത്രിയിൽ പോകും… കഴിഞ്ഞ ഒരു വർഷമായി കാര്യങ്ങൾ കൂടുതൽ മോശമായി’…

കൊച്ചി: ഡോക്ടർമാരുടെ അശ്രദ്ധയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി അമ്മ ഉഷ അനുഭവിക്കുന്ന ദുരിതം വിവരിക്കുകയാണ് മകൻ ഷിബിൻ ജോസഫ്. ‘‘വേദന വരുമ്പോൾ അമ്മ കുറച്ചു വെള്ളം കുടിക്കും, അപ്പോൾ അതങ്ങ് പോകും. മൂത്രത്തിൽ അണുബാധയാണെന്ന് കരുതിയാണല്ലോ നമ്മൾ ചികിത്സിക്കുന്നത്. എത്ര ആശുപത്രിയിൽ പോയെന്നോ എത്ര ഡോക്ടർമാരെ കണ്ടെന്നോ അറിയില്ല’’… അഞ്ചു കൊല്ലം മുമ്പ് ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെ ഉഷയുടെ വയറ്റിൽ കത്രിക മറന്നു വയ്ക്കുകയായിരുന്നു. ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളജിലായിരുന്നു സംഭവം.

പിന്നീട് തനിക്കെന്താണ് സംഭവിച്ചതെന്നറിയാതെ പല ഡോക്ടർമാരും പറയുന്ന മരുന്നു കഴിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഉഷയുടെ വയറ്റിൽ കത്രികയുണ്ടെന്ന് കണ്ടെത്തിയത് 5 വർഷത്തിനു ശേഷമാണ്. അമ്മയെ കുറിച്ചുള്ള മകന്റെ വാക്കുകൾ ഇങ്ങനെ-

Signature-ad

‘‘ഇടക്കിടെ വേദന വരും. അപ്പോൾ മരുന്നു കഴിക്കും. വെള്ളം കുടിക്കും. അതിനിടയിലും അമ്മ തൊഴിലുറപ്പു ജോലിക്കു പോകുമായിരുന്നു. വേദന വരുമ്പോൾ മരുന്ന് കഴിക്കും. ഇൻഫെക്‌ഷൻ ആണെന്നാണല്ലോ അപ്പോഴൊക്കെ കരുതിയിരിക്കുന്നത്. ഇടക്കിടെ ചോര വരും. അപ്പോൾ വീണ്ടും ആശുപത്രിയിൽ പോകും. ഇതു തന്നെയായിരുന്നു കുറച്ചു വർഷങ്ങളായി. എന്തെങ്കിലും കാര്യമായ അസുഖമുണ്ടെന്ന് അമ്മയൊട്ട് സമ്മതിക്കുകയുമില്ല’’

എന്നാൽ കഴിഞ്ഞ ഒരു വർഷമായി കാര്യങ്ങൾ കൂടുതൽ മോശമായെന്ന് ഷിബിൻ പറയുന്നു. ‘‘വേദന ഇടക്കിടെ വരും. പല ക്ലിനിക്കുകളിലും പോയി. മരുന്നു കഴിച്ചു. പക്ഷേ വേദന കുറയുന്നില്ല. രക്തവും വരുന്നുണ്ട്. പിന്നെയാണ് ഒരു യൂറോളജിസ്റ്റിനെ കാണുന്നത്. അദ്ദേഹം എക്സ്റേ എടുക്കാൻ പറഞ്ഞു. ആദ്യ തവണ എടുത്തപ്പോൾ എന്തോ ഒരു വര പോലെ കണ്ടു. ഒരിക്കൽ കൂടി എക്സ്റേ എടുക്കാൻ പറഞ്ഞു. അതിലാണ് കത്രിക തെളിഞ്ഞു വന്നത്’’.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: