Breaking NewsHealthKeralaLead NewsNEWS
ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക; ആരോഗ്യപ്രശ്നങ്ങൾ തുടർക്കഥയായ ദുരിത ജീവിതം തുടങ്ങിയിട്ട് അഞ്ച് വർഷം; വണ്ടാനം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക. 5 വർഷം മുൻപ് ഗർഭപാത്രം നീക്കം ചെയ്ത പുന്നപ്ര തെക്ക് നാൽപ്പതിൽ ചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിലാണ് എക്സ്റേ എടുത്തപ്പോൾ കത്രിക കണ്ടത്. കടുത്ത വയറു വേദനയും മൂത്രത്തിൽ രക്തവും കണ്ടതിനെ തുടർന്ന് ഉഷ ചികിത്സ തേടിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് എക്സ്റേ എടുത്തത്. 2021 മേയ് 3 ന് ആയിരുന്നു ഉഷ ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
ശസ്ത്രക്രിയയ്ക്ക് ശേഷം വേദന അനുഭവപ്പെട്ടതിനാൽ വർഷങ്ങളായി ഉഷ മരുന്നു കഴിക്കുകയായിരുന്നു. ഇതേകാരണത്താൽ വീണ്ടും വണ്ടാനത്ത് എത്തിയപ്പോൾ മൂത്രത്തിൽ കല്ലെന്നു പറഞ്ഞ് മടക്കി അയച്ചു. സംഭവത്തിൽ പരാതി നൽകാനാണ് ഉഷയുടെ കുടുംബത്തിന്റെ തീരുമാനം.






