
ന്യൂഡൽഹി : ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം കൂടുതൽ ആഴങ്ങളിലേയ്ക്ക്. ഫ്രഞ്ച് പ്രതിരോധ കമ്പനിയായ ദസ്സോയയിൽ നിന്ന് ഇന്ത്യ 114 റഫാൽ വിമാനങ്ങൾ വാങ്ങാൻ തയ്യാറെടുക്കവേ ഇന്ത്യയിൽനിന്ന് ആയുധങ്ങൾ വാങ്ങാൻ ഫ്രാൻസും ഒരുങ്ങുന്നു. ഇന്ത്യൻ തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ‘പിനാക’-മണ്ണബാരൽ റോക്കറ്റ് ലോഞ്ചർ സിസ്റ്റമാണ് ഫ്രാൻസിൻ്റെ താല്പര്യ പട്ടികയിൽ ഒന്നാമതുള്ളത്. അങ്ങനെ ഇന്ത്യയുമായുള്ള ആയുധ ഇടപാടിൽകൊടുക്കൽ വാങ്ങൽ തന്ത്രം പയറ്റാനൊരുങ്ങുകയാണ് ഫ്രാൻസ് . ഫ്രഞ്ച് മാധ്യമമായ ‘ലെ മോണ്ടെ’ (Le Monde) ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
പതിറ്റാണ്ടുകളായി ഫ്രഞ്ച് വിമാനങ്ങളുടെ വലിയൊരു ഉപഭോക്താവാണ് ഇന്ത്യ. എന്നാൽ, ഇന്ത്യയെ കേവലം ഒരു ഉപഭോക്താവായി മാത്രം കാണാതെ, തുല്യശക്തിയുള്ള ഒരു പ്രതിരോധ പങ്കാളിയായി ഫ്രാൻസ് അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണ് പുതിയ നീക്കം. പ്രതിരോധ സഹകരണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുകയാണ്
പിനാക റോക്കറ്റുകൾക്ക് പുറമെ ഇന്ത്യയുടെ പീരങ്കി സംവിധാനങ്ങൾ (ആർട്ടിലറി), മിസൈലുകൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവയും ഫ്രാൻസ് നിരീക്ഷിച്ചു. ആഗോള വിതരണ ശൃംഖലകളിൽ വിശ്വാസയോഗ്യമായ പങ്കാളിയെ കണ്ടെത്തുക എന്ന ഫ്രാൻസിൻ്റെ താൽപ്പര്യവും ഇതിനു പിന്നിലുണ്ട്. ഈ സഹകരണം വെറുമൊരു കച്ചവടത്തിനപ്പുറം ഇരുരാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ധർക്കും എൻജിനീയർമാർക്കും പുതിയ തൊഴിലവസരങ്ങളും നൂതനമായ കണ്ടുപിടുത്തങ്ങൾക്കും വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു.
യുദ്ധസാഹചര്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ച റോക്കറ്റ് സംവിധാനമാണ് പിനാക. കൃത്യത (കൃത്യത), അതിവേഗത്തിലുള്ള ഫയറിങ് (Rapid fire), വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള കഴിവ് (Versatility) എന്നിവയ്ക്ക് പേരു കേട്ടതാണ് പിനാക റോക്കറ്റ് സിസ്റ്റം. തങ്ങളുടെ കാലഹരണപ്പെട്ട റോക്കറ്റ് ലോഞ്ചർ സംവിധാനങ്ങൾ ഇന്ത്യയുടെ ഭാഗമായാണ് ഈ തദ്ദേശീയ സാങ്കേതികവിദ്യയെ ഗൗരവമായി പരിഗണിക്കുന്നത്.
ഇന്ത്യ അടുത്തിടെ ഗൈഡഡ് പിനാക റോക്കറ്റുകൾ പരീക്ഷിച്ചിരുന്നു. ശത്രുലക്ഷ്യങ്ങളെ കൃത്യമായി തകർക്കാൻ സഹായിക്കുന്ന ഗൈഡഡ് മ്യൂണിഷനുകൾ ഉപയോഗിക്കാൻ പിനാകയ്ക്ക് ശേഷിയുണ്ട്. ഇതിലൂടെ ലക്ഷ്യസ്ഥാനങ്ങളിൽ വന്തോതിൽ പ്രഹരമേൽപ്പിക്കാൻ സാധിക്കും. തുടർച്ചയായ നവീകരണങ്ങളിലൂടെ പിനാകയുടെ ദൂരപരിധി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ കയറ്റുമതിക്കായി തയ്യാറാക്കിയിട്ടുള്ള വകഭേദങ്ങൾക്ക് ഏകദേശം 90 മുതൽ 120 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. ഇതിൽ ദൂരപരിധി കൂടിയ വകഭേദമാകും ഫ്രാൻസ് വാങ്ങാനാണ് റിപ്പോർട്ട്. കൂടാതെ 300 മുതൽ 450 കിലോമീറ്റർ വരെ ദൂരപരിധിയുള്ള പിനാക റോക്കറ്റുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഇത് വരും വർഷങ്ങളിൽ സജ്ജമാകുമെന്ന് റിപ്പോർട്ടുകൾ.
ഫ്രാൻസിനെപ്പോലെ ആധുനികമായ ഒരു സൈന്യമുള്ള രാജ്യം ഇന്ത്യൻ നിർമ്മിത ഹാർഡ് വെയറുകൾക്കായി വാതിൽ തുറക്കുന്നത് ആഗോള വിപണിയിൽ ഇന്ത്യയുടെ വിശ്വാസ്യത വർദ്ധിപ്പിക്കും. വരും കാലങ്ങളിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ വിപണിയിലേക്ക് എത്തുന്നതിന് വഴിയൊരുക്കും. പ്രതിരോധ സാമഗ്രികൾ ഇറക്കുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽനിന്ന് ആഗോളതലത്തിൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരു പ്രമുഖ ശക്തിയായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ ഇടപാട് വലിയ കരുത്ത് പകരുകയും ചെയ്യും.






