പാക്ക് മിസ്റ്ററി സ്പിന്നർ ഇന്ത്യയ്ക്ക് വെല്ലുവിളിയോ? “സമീപകാല ചരിത്രത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഈ മത്സരം!! ഫ്‌ളാറ്റ് പിച്ചുകളിൽ തിളങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക്, പന്ത് തിരിയുന്ന വേഗത കുറഞ്ഞ പിച്ചുകളിൽ പഴയ മികവ് പുലർത്താൻ കഴിയുന്നില്ല”- ദിനേശ് കാർത്തിക്ക്

കൊളംബോ: ടി20 ലോകകപ്പിൽ വെറും മൂന്നോ, നാലോ മണിക്കൂറുകൾ മാത്രം ബാക്കി നിൽകെ കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ- പാക്ക് പോരാട്ടം കടുത്തതായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക്. സമീപകാല ചരിത്രത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. കൊളംബോയിലെ വേഗത കുറഞ്ഞ പിച്ചുകളിൽ ഇന്ത്യൻ ബാറ്റിംഗ് നിര കടുത്ത വെല്ലുവിളി നേരിടുമെന്നാണ് കാർത്തിക്കിന്റെ മുന്നറിയിപ്പ്.
മാത്രമല്ല കൊളംബോയിലെ സാഹചര്യങ്ങളുമായി പാക്കിസ്ഥാൻ കൂടുതൽ പൊരുത്തപ്പെട്ടിട്ടുണ്ടെന്നും അതിനാൽ തന്നെ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ അവർക്ക് സാധിക്കുമെന്നും കാർത്തിക് പറയുന്നു. ഫ്‌ളാറ്റ് പിച്ചുകളിൽ തിളങ്ങുന്ന ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക്, പന്ത് തിരിയുന്ന വേഗത കുറഞ്ഞ പിച്ചുകളിൽ പഴയ മികവ് പുലർത്താൻ കഴിയുന്നില്ല. ഇത് ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറുസൈഡിൽ ഈ ലോകകപ്പിൽ ഇതിനോടകം രണ്ട് വിജയങ്ങൾ നേടിയ പാക്കിസ്ഥാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നെതർലൻഡ്സിനെതിരെ കഷ്ടിച്ചാണ് ജയിച്ചതെങ്കിലും ടീം എന്ന നിലയിൽ അവർ കരുത്താർജ്ജിച്ചു കഴിഞ്ഞു. പ്രത്യേകിച്ച്, പാക്കിസ്ഥാന്റെ മിസ്റ്ററി സ്പിന്നർ ഉസ്മാൻ താരിഖ് കൊളംബോയിലെ പിച്ചിൽ ഇന്ത്യയ്ക്ക് വലിയ ഭീഷണിയായേക്കാം. വെല്ലുവിളികൾ ഉണ്ടെങ്കിലും പോരാട്ടത്തിൽ ഇന്ത്യ തന്നെയാണ് ഫേവറിറ്റുകൾ. ടി20 ലോകകപ്പ് ചരിത്രത്തിൽ പാകിസ്ഥാനെതിരെ കളിച്ച 8 മത്സരങ്ങളിൽ 7 എണ്ണത്തിലും ഇന്ത്യയ്ക്കായിരുന്നു വിജയമെന്നും കാർത്തിക് കൂട്ടിച്ചേർത്തു.
അതേസമയം 2025-ലെ ഏഷ്യാ കപ്പിൽ തുടർച്ചയായ മൂന്ന് വിജയങ്ങളടക്കം പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വ്യക്തമായ ആധിപത്യമുണ്ട്. അതുപോലെ ടൂർണമെന്റിലുടനീളം ബാറ്റിങ് പരാജയപ്പെടുന്നിടത്ത് ബൗളിങ്ങിൽ ഇന്ത്യ ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. എങ്കിലും യുഎസിനും അമീബിയയ്ക്കുമെതിരെ ഇന്ത്യയുടെ എണ്ണംപറഞ്ഞ ബാറ്റർമാർ പരാജയപ്പെടുന്നത് തെല്ലൊരു ആശങ്ക ഉണ്ടാക്കുന്നുണ്ട്.






