എട്ടുമാസം മുൻപ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽനിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങി, എട്ടുമാസത്തോളം 10, 000 രൂപവെച്ച് അടച്ചു, രണ്ടുമാസമായി അടവ് മുടങ്ങി… ഫോണിലൂടെയും നേരിട്ടും ഭീഷണി!! ‘എല്ലാവരും എന്റെ മക്കളെ നോക്കണേ’… കുറിപ്പെഴുതിവച്ച് വീട്ടമ്മ തീകൊളുത്തി ജീവനൊടുക്കി

തൃശ്ശൂർ: പലിശക്കാരുടെ ഭീഷണിയെത്തുടർന്ന് വീട്ടമ്മ സ്വയം തീകൊളുത്തി ജീവനൊടുക്കി. ഗുരുവായൂർ ഇരങ്ങിപ്പുറം പുതുവീട്ടിൽ ജുമൈലയാണ് മരിച്ചത്. പലിശക്കാരുടെ ഭീഷണിയെത്തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് പറഞ്ഞ് ജുമൈല എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ ജുമൈലയ്ക്ക് പലിശക്കാരുടെ ഭീഷണിയുണ്ടായിരുന്നതായും മകനും മാധ്യമങ്ങളോട് പറഞ്ഞു.
ഒരുവർഷം മുൻപാണ് ഗുരുവായൂരിലെ ഒരു സ്ത്രീയിൽനിന്ന് 50,000 രൂപ പലിശയ്ക്ക് വാങ്ങിയതെന്ന് ജുമൈലയുടെ കുറിപ്പിൽ പറയുന്നു. എട്ടുമാസത്തോളം പ്രതിമാസം 10,000 രൂപവെച്ച് അടച്ചിരുന്നു. പക്ഷെ, കഴിഞ്ഞ രണ്ടുമാസമായി തിരിച്ചടവ് മുടങ്ങി. ഇതോടെ സ്ത്രീ വീട്ടിലെത്തിയും ഫോണിൽവിളിച്ചും നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് കുറിപ്പിൽ പറയുന്നത്. ഇനി സഹോദരനെയും കൂട്ടി വീട്ടിൽ വരുമെന്ന് സ്ത്രീ പറഞ്ഞതായും കുറിപ്പിലുണ്ട്. ഇതോടെ എല്ലാവരും എന്റെ മക്കളെ നോക്കണേയെന്ന് കുറിപ്പ് എഴുതിവച്ചശേഷം ജുമൈല ജീവനൊടുക്കുകയായിരുന്നു. വീടിന് പിറകിലെ പറമ്പിലാണ് ജുമൈലയെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പലിശയ്ക്കു പണം കൊടുത്ത സ്ത്രീ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ജുമൈല വീടിന് പിറകിൽവെച്ച് ജീവനൊടുക്കിയതെന്നു കുടുംബം പറയുന്നു.





