ഡോക്ടർ ചമഞ്ഞ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവതിയുടെ ആൾമാറാട്ടം, രാവിലെയെത്തിയത് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… അവിടുന്ന് മുങ്ങി വേഷം മാറി നേരെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ… രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പിടിവീണു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡോക്ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. വേഷം മാറി രക്ഷപ്പെടാൻ ശ്രമിക്കവെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ യുവതിയെ പിടികൂടി പോലീസിലേൽപ്പിച്ചു. ചോദ്യം ചെയ്യലിൽ ഇവ എന്ന പേരാണ് യുവതി ആദ്യം പറഞ്ഞത്. പെരുന്ന സ്വദേശിയാണെന്നും ഇപ്പോൾ പേരൂർക്കടയിൽ താമസമാണെന്നും ഇവർ പറയുന്നു.
രാവിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ കടന്നുകൂടിയ യുവതി സീനിയർ റസിഡന്റായ ന്യൂറോ സർജൻ ആണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്. എന്നാൽ പെരുമാറ്റത്തിൽ സംശയം തോന്നിയ സെക്യൂരിറ്റി വിവരം അധികൃതരെ അറിയിച്ചു. അങ്ങനെ ഒരാൾ ഉള്ളതായി ഡോക്ടർമാർ സംശയം പറഞ്ഞതോടെ തിരച്ചിൽ ആരംഭിച്ചു. പക്ഷേ ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. CCTVകൾ പരിശോധിച്ചപ്പോൾ ഇവർ ലിഫ്റ്റിൽ കയറി അഞ്ചാം നിലയിലെത്തിയ ശേഷം പടി കെട്ടുകൾ ഇറങ്ങി താഴെ വന്ന് കാന്റീനിൽ ഭക്ഷണം കഴിച്ച ശേഷം പുറത്തു പോയതായി കണ്ടെത്തി.
പിന്നാലെ പതിനൊന്നരയോടെ വേഷം മാറി മറ്റൊരു സാരിയിൽ ഇവർ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിൽ നിന്നും പുറത്തിറങ്ങി ഓട്ടോയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വനിതാ സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞുവച്ചു. പല പല പേരുകൾ മാറിയാണ് പറയുന്നത് ഭർത്താവ് ശ്രീചിത്രയിലാണ് ജോലിയെടുക്കുന്നതെന്ന് പറഞ്ഞു. തുടർന്ന് മെഡിക്കൽ കോളേജ് പോലീസിൽ ഏൽപ്പിച്ചു. സെക്യൂരിറ്റി ഓഫീസറുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു. ഇവർ പറഞ്ഞ പേരും സ്ഥലവും പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. വിശദമായി ചോദ്യം ചെയ്താലേ ശരിയായ വിലാസവും മറ്റും ലഭിക്കുകയുള്ളൂ എന്ന് പോലീസ് പറഞ്ഞു.





