Breaking NewsLead NewsNEWS

ആഗോള അയ്യപ്പസംഗമം: മൊത്തം മൊത്തം തിരിമറി: നടത്താത്ത പരിപാടിയുടെ ബില്ലു വരെ കണക്കിൽ; പരിപാടി അവതരിപ്പിക്കാത്ത നന്ദഗോവിന്ദം ഭജൻസിന് എട്ടുലക്ഷം നല്കിയെന്ന് കണക്ക്

പത്തനംതിട്ട: പമ്പയിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ 20-ന് സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിൻ്റെ മറവിൽ നടത്തിയ തട്ടിപ്പുകൾ ഒന്നായി പുറത്തുവരികയാണ്. സംഗമത്തിലേയ്ക്ക് ക്ഷണിക്കുകയോ പരിപാടി അവതരിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത നന്ദഗോവിന്ദം ഭജൻസ് ട്രൂപ്പിന് എട്ടു ലക്ഷം നസ്കിയെന്ന് കണക്കിൽ ചേർത്തിട്ടുണ്ടെന്ന് റിപ്പോർട്ട്. രണ്ടുലക്ഷം രൂപയുടെ ബജറ്റാണ് കലാപരിപാടിക്കായി മൊത്തത്തിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ അതിലേറെ ചിലവായിയെന്ന തരത്തിലാണ് കണക്കുകൾ.

സംഗമം നടന്ന ദിവസം രാവിലെ എട്ടരയ്ക്ക് നടന്ന ഭക്തിഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻദേവിൻ്റെ സംഘമായിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിന് ഒരു മണിക്കൂർ മുമ്പ് ഈ സംഗീതപരിപാടി അവസാനിച്ചിരുന്നു. എന്നാൽ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച ഓഡിറ്റ് ചെയ്ത കണക്കിൽ നന്ദഗോവിന്ദം ഭജൻസിൻ്റെ പേര് കാണിച്ചിട്ടുണ്ട്. എന്നാൽ പമ്പയിലോ സന്നിധാനത്തോ ഇതുവരെ പരിപാടികൾ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജൻസിൻ്റെ പ്രവർത്തകർ വ്യക്തമാക്കി. യഥാർത്ഥ പരിപാടി അവതരിപ്പിച്ച ഇഷാൻദേവിൻ്റെ സംഘത്തിന് എത്ര രൂപ കൊടുത്തുവെന്ന് ഒഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുമില്ല.

Signature-ad

സംഗമത്തിലെ സെഷനുകൾ കഴിഞ്ഞ് വൈകിട്ട് നാലരയോടെ വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അയ്യപ്പഭക്തിഗാനമേള നടന്നു. എന്നാൽ ഇതിൻ്റെ ചെലവ് കണക്കുകളില്ല. ഇവർ സൗജന്യമായാണ് പരിപാടിയെന്ന് ദേവസ്വവുമായി ബന്ധപ്പെട്ടവർ നൽകിയ വിവരം.

ഒഡിറ്റ് റിപ്പോർട്ടും ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടും ഇപ്പോൾ ഹൈക്കോടതിയിലുണ്ട്. നന്ദഗോവിന്ദം ഭജൻസിൻ്റെ പേരിൽ ബില്ലെഴുതിയതടക്കമുള്ള ക്രമക്കേടുകൾ ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് വിശദീകരണം നൽകേണ്ടിവരും. ഫെബ്രുവരി 27-നകം ഇത് നൽകണമെന്നാണ് ദേവസ്വം ബെഞ്ചിലെ ജസ്റ്റീസ് രാജാ വിജയരാഘവൻ, ജസ്റ്റിസ് വി. ജയകുമാർ എന്നിവർ കഴിഞ്ഞദിവസം ഉത്തരവിട്ടത്. ദേവസ്വം ബോർഡ് സ്വകാര്യ ഏജൻസിയെക്കൊണ്ടാണ് ഓഡിറ്റിങ് നടത്തിയത്. നന്ദഗോവിന്ദം ഭജൻസിൻ്റെ പേരിൽ എഴുതിയ ബിൽ ഓഡിറ്റ് ഏജൻസിക്ക് ദേവസ്വം ബോർഡിൽ നിന്ന് നൽകിയില്ലെങ്കിൽ ഇത് കടന്നുകൂടില്ലെന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: