Breaking NewsLead NewsNEWSpoliticsWorld

പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് റഷ്യ; ഇസ്ലാമാബാദിലുണ്ടായ ചാവേറാക്രമണം അപലപനീയമെന്ന് പുടിൻ; ഇന്ത്യയെ പ്രതിരോധത്തിലാക്കാനുള്ള തന്ത്രമോ?

മോസ്കോ: പാകിസ്ഥാൻ സലസ്ഥാനമായ ഇസ്ലാമാബാദിൽ പള്ളിയിലുണ്ടായ ബോംബാക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ ​​പുടിൻ. അക്രമത്തെ പ്രാകൃതമെന്ന് വിശേഷിപ്പിച്ച പുതിൻ ഭീകരവാദത്തിനെതിരെ പോരാടുന്നതിന് പാകിസ്ഥാന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. പാകിസ്ഥാൻ പ്രസിഡൻ്റ് ആസിഫ് അലി സർദാരിക്കും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും അയച്ച സന്ദേശങ്ങളിൽ പുടിൻ തൻ്റെ അനുശോചനം രേഖപ്പെടുത്തി. ഒപ്പം ആക്രമണത്തിനിരകളായവരോടും ഇരകളോടും രാഷ്ട്രത്തോടുമുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഒരു മതച്ചടങ്ങിനിടെ ആളുകളെ കൊലപ്പെടുത്തുന്നത് ഭീകരവാദത്തിൻ്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ സ്വഭാവത്തിൻ്റെ തെളിവാണെന്ന് പുടിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും തൻ്റെ ആത്മാർത്ഥമായ അനുതാപവും പിന്തുണയും അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Signature-ad

ഭീകരവിരുദ്ധ പോരാട്ടത്തിലും സുരക്ഷയിലും പാക്കിസ്ഥാനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള റഷ്യയുടെ സന്നദ്ധതയും പുതിൻ സൂചിപ്പിച്ചു. ഇന്ത്യ-യു.എസ്. വ്യാപാരക്കരാർ ചട്ടക്കൂടിന് ധാരണയാകുകയും റഷ്യയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങില്ലെന്ന് ഇന്ത്യ ഉറപ്പുനൽകിയതായി യു.എസ്. പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാകിസ്താന് റഷ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ, നേരിട്ടോ പരോക്ഷമായോ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യില്ലെന്ന് ഉറപ്പായതിനാൽ അധികമായി 25 ശതമാനം പിഴ ചുമത്തിയതായി പ്രഖ്യാപിച്ച വൈറ്റ് ഹൗസ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിൽ അവകാശപ്പെട്ടിരുന്നു. റഷ്യൻ എണ്ണയിൽ ഏതെങ്കിലും തരത്തിൽ വാങ്ങുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും വാക്കുപാലിച്ചില്ലെങ്കിൽ വീണ്ടും നടപടിയെടുക്കുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പശ്ചാത്തലത്തിൽ പാക്കിസ്ഥാനോട് റഷ്യ പ്രകടമാക്കിയിരിക്കുന്ന അനുഭാവം ഇന്ത്യയ്‌ക്കുള്ള മുന്നറിയിപ്പെന്ന നിലയിലും വിലയിരുത്തപ്പെടുന്നുണ്ട്.

ഇസ്ലാമാബാദിലുണ്ടായ ആക്രമണത്തിനു പിന്നിൽ ഇന്ത്യയും അഫ്​ഗാൻ താലിബാനുമാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് കഴിഞ്ഞ ​ദിവസം ആരോപണം ഉയർത്തിയിരുന്നു.അതിനു പിന്നാലെയാണ് റഷ്യ പാക്കിസ്ഥാന് പിന്തുണ അറിയിച്ചതെന്നതും ശ്രദ്ധേയം.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: