Breaking NewsKeralaLead NewsNEWS

എല്ലാ പാർട്ടിയും കണക്കാ… മോദി തലസ്ഥാനത്ത് വന്നപ്പോൾ ഫ്ലക്സ് ബോർഡുകൾ വെച്ചതിൻറെ പിഴ ഈടാക്കിയോ? രാഹുൽ കൊച്ചിയിൽ വന്നപ്പോഴോ… എഫ്ഐആർ എവിടെ? തദ്ദേശ സെക്രട്ടറിമാർക്ക് നടപടിയെടുക്കാൻ പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് പോകണം, എല്ലാം വച്ചിട്ട് സ്വച്ഛ് ഭാരത്, നവകേരളം എന്നും പറഞ്ഞ് ഇങ്ങോട്ട് വന്നേക്കല്ല് … ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് അനധികൃത ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നിറയുന്നതിനെരിതെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇക്കാര്യത്തിൽ എല്ലാ പാർട്ടികളും ഒരു പോലെയാണെന്നു പറഞ്ഞ കോടതി എല്ലായിടത്തും പ്ലാസ്റ്റിക് ബോർഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും വിമർശിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൻറെ ഭാഗമായി തിരുവനന്തപുരത്ത് വ്യാപകമായി അനധികൃത ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിലും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. തിരുവനന്തപുരത്ത് അനധികൃത ബോർഡുകൾ വെച്ചതിൻറെ പിഴ ഈടാക്കിയോ എന്ന് ചോദിച്ച കോടതി എഫ്ഐആർ ഹാജരാക്കാനും നിർദേശിച്ചു.

അതുപോലെ കൊച്ചിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വന്നതിൻറെ ഭാഗമായി കുറെ ബോർഡുകൾ വെച്ചതിനെയും കോടതി വിമർശിച്ചു. അതിൻറെ പേരിൽ കേസെടുത്തോയെന്നും ചോദിച്ച കോടതി കേസെടുത്തെങ്കിൽ എഫ്ഐആർ ഹാജരാക്കാനും നിർദേശിച്ചു. കൊച്ചിയിൽ 248 അനധികൃത ബോർഡുകൾ ഇന്ന് മാത്രം കണ്ടെത്തിയെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ഇത്രയധികം ബോർഡുകൾ നിറച്ചിട്ട് സ്വച്ഛ് ഭാരതും നവകേരളവും പറയാൻ വരരുതെന്നും കോടതി വിമർശിച്ചു.

Signature-ad

അനധികൃത ബോർഡുകൾ നിറയുമ്പോൾ നടപടിയെടുക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് പേടിയാണെങ്കിൽ പണി അവസാനിപ്പിച്ച് വീട്ടിൽ പോകണം. അതുപോലെ കൊച്ചി നഗരത്തിൽ ഇന്ന് ബോർഡ് വെച്ചത് ആരാണെന്ന് ഹൈക്കോടതി ചോദിച്ചു. ഏത് ഏജൻസിയാണ് ഇതിന് പിന്നിലെന്ന് ചോദിച്ച കോടതി ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശിച്ചു.

അതേസമയം തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക്‌ പിഴയിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥലം മാറ്റം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് തിരുവനന്തപുരം കോർപ്പറേഷൻ റവന്യു ഓഫീസർ പിഴയിട്ടിരുന്നു. ഇതിനുപിന്നാലെ ഇവരെ സ്ഥലംമാറ്റുകയായിരുന്നു. കോർപ്പറേഷൻ റവന്യു ഓഫീസറായിരുന്ന ജി ഷൈനിയെ റവന്യു വിഭാഗത്തി നിന്ന് മാറ്റുകയായിരുന്നു. അനുമതിയില്ലാതെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപിക്ക് 20 ലക്ഷം രൂപ ഇവർ പിഴയിട്ടിരുന്നു. കൂടാതെ, കോർപ്പറേഷൻ പരാതിയിൽ ബിജെപി ജില്ലാ പ്രസിഡൻറ് കരമന ജയനെതിരെ പോലീസ് കേസുമെടുത്തിരുന്നു. നടപ്പാത തടസപ്പെടുത്തി ഫ്ലക്സ് ബോർഡ് വെച്ചതിനാണ് പോലീസ് കേസെടുത്തത്. പാളയം മുതൽ പുളിമൂട് ജംങ്ഷൻ വരെ പൊതുജനങ്ങളുടെ വഴി തടസപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. കേസെടുത്തതിൻറെ എഫ്ഐആർ അടക്കം ഹാജരാക്കാനാണ് ഇപ്പോൾ ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: