നടൻ മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് ഗുരുതര പരുക്ക്, അപകടത്തിൽപ്പെട്ട നിവേദിതിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവ്, ഇടിച്ച വണ്ടി നിർത്താതെ പോയി, ഫോൺ സ്വിച്ച്ഓഫ് ചെയ്തു, വാഹനമോടിച്ചത് താൻതന്നെ, കാറിനുപിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു, പേടി കാരണമാണ് വാഹനം നിർത്താത്തതെന്ന് രാവിലെ സ്ഥിരീകരണം

തിരുവനന്തപുരം: നടനും നിർമാതാവുമായ മണിയൻപിള്ള രാജു ഓടിച്ച കാർ ഇടിച്ച് 2 ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരുക്ക്. അപകടത്തിൽ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാൻഡ്രം ക്ലബിനു മുന്നിൽ വച്ചാണ് അപകടം. ഇവരുടെ ബൈക്കിൽ ഇടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. KL 01 CJ 04 നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. നിവേദിതിന്റെ കാലുകൾക്കും സൂരജിന്റെ നട്ടെല്ലിനും ഒടിവുണ്ട്. ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
അതേസമയം സുധീർകുമാർ രാജു എന്നാണ് കാറിന്റെ ആർസി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പോലീസ് നൽകിയ വിവരം. ഒരു നടന്റെ വാഹനമാണെന്നും അദ്ദേഹത്തിന്റെ ഡ്രൈവറായിരിക്കാം വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയൻപിള്ള രാജു ഇന്നു രാവിലെ സ്ഥിരീകരിച്ചു. സുബ്രഹ്മണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്നും മണിയൻപിള്ള രാജു പറഞ്ഞു.
അപകടത്തിനു പിന്നാലെ മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. നടനെ അന്വേഷിച്ച് ഇന്നലെ രാത്രിയോടെ വീട്ടിൽ പോലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല. തന്റെ കാറിന്റെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോൾ പേടി കാരണമാണ് വാഹനം നിർത്താത്തതെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.






