Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

‘കൊലപാതകം പോലെയുള്ള കേസല്ല, സങ്കീര്‍ണവും അസാധാരണവും, എസ്‌ഐടി ജോലി കൃത്യമായി ചെയ്യുന്നുണ്ട്, അന്വേഷണം നല്ലരീതിയില്‍’; ശബരിമല കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉന്നയിച്ച വി.ഡി. സതീശന് കനത്ത തിരിച്ചടിയായി കോടതി വിലയിരുത്തല്‍; പ്രതിപക്ഷം പ്രതിരോധത്തില്‍

90 ദിവസത്തിന് ശേഷം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ല. സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് മാത്രം കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബഞ്ച് വ്യക്തമാക്കി.

കൊച്ചി: ശബരിമല സ്വര്‍ണ മോഷണക്കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് അന്വേഷണം മരവിപ്പിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കനത്ത തിരിച്ചടിയായി ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണങ്ങള്‍. ബജറ്റ് ചര്‍ച്ച ചെയ്യണമെന്നു ധനമന്ത്രിയടക്കം നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണപക്ഷത്തിനെതിരേ രൂക്ഷമായ ആക്രമണം അഴിച്ചുവിടാനാണ് ഈ ദിവസങ്ങളില്‍ പ്രതിപക്ഷം മുതിര്‍ന്നത്. സര്‍ക്കാര്‍ ഇടപെട്ട് അന്വേഷണം മരവിപ്പിക്കുകയാണെന്ന് പറഞ്ഞ സതീശന്‍, മന്ത്രിമാര്‍ക്കൊപ്പം ഉണ്ണിക്കൃഷ്ണന്‍ പോറ്റി നില്‍ക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.

എസ്‌ഐടി അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത ഏറ്റവും മികച്ചതാണ്. കൊലപാതകം, മര്‍ദ്ദനം പോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന അന്വേഷണമല്ല ഈ കേസിലേത്. അതിസങ്കീര്‍ണമായ അസാധാരണ കേസാണിത്. കൊള്ളയുടെ ഓരോ കണ്ണിയും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. 90 ദിവസത്തിന് ശേഷം പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ല. സ്വാഭാവിക ജാമ്യം ലഭിച്ചതുകൊണ്ട് മാത്രം കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുടെ ദേവസ്വം ബഞ്ച് വ്യക്തമാക്കി.

Signature-ad

ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരനും വിശ്വഹിന്ദു പരിഷത്ത് നേതാക്കളും ഉള്‍പ്പടെയുള്ളവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതിയുടെ ഇൗ പരാമര്‍ശം. കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കേസിലെ പ്രതികള്‍ ഓരോരുത്തരായി ജാമ്യം നേടി പുറത്തിറങ്ങുന്ന സാഹചര്യം വാദത്തിനിടെ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് പ്രത്യേകാന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും, കൂടുതല്‍ കാര്യങ്ങള്‍ ഈ സമയത്ത് വെളിപ്പെടുത്താനാകില്ലെന്നുമായിരുന്നു കോടതിയുടെ നിലപാട്. ഹര്‍ജികള്‍ കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

 

തൊണ്ണൂറ് ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്കയില്ലെന്ന് ഹൈക്കോടതി ദേവസ്വം ദേവസ്വം ബെഞ്ച് വ്യക്തമാക്കി. അതിസങ്കീര്‍ണ്ണമായ കേസാണ് ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ച. അസാധാരണ കേസാണ്. കൊലപാതകം, മര്‍ദനം പോലെ വേഗത്തില്‍ പൂര്‍ത്തിയാക്കാവുന്ന അന്വേഷണമല്ല ഈ കേസിലേത്. കവര്‍ച്ചയുടെ ഓരോ കണ്ണികളും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. വിചാരണ സൂക്ഷ്മമായി നടത്തേണ്ട കേസാണിത്. കുറ്റപത്രം നല്‍കിയില്ലെന്നത് ആശങ്കപ്പെടുത്തുന്നില്ല. ശാസ്ത്രീയ അന്വേഷണം പൂര്‍ത്തിയാക്കപ്പെടണം.

എസ്ഐടിയുടെത് ഏറ്റവും വിശ്വാസ്യയോഗ്യമായ അന്വേഷണമാണ്. ഏറ്റവും വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരാണ് എസ്ഐടിയുടെ ഭാഗമായി കേസ് അന്വേഷിക്കുന്നത്. എസ്ഐടി അന്വേഷണം നടത്തുന്നത് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ്. അന്വേഷണം എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് ദേവസ്വം ബെഞ്ചിന് അറിയാം. ശരിയായ ദിശയിലാണ് അന്വേഷണം. നിസാരമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സിബിഐ അന്വേഷണം ആവശ്യപ്പെടരുത്. സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥരാണ് സിബിഐയില്‍ ഡെപ്യൂട്ടേഷനില്‍ പോകുന്നത്. അല്‍പംകൂടി കാത്തിരിക്കണമെന്ന് ഹര്‍ജിക്കാരോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

എസ്ഐടി അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. എസ്ഐടിയില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമല്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍സ് വ്യക്തമാക്കി. ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരിട്ടാണ് അന്വേഷണ മേല്‍നോട്ടം. അതിനാല്‍ സിബിഐ അന്വേഷണ ആവശ്യത്തെ എതിര്‍ക്കേണ്ടത് ഹൈക്കോടതിയാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: