Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

‘എന്‍ജിനീയറിങ്ങിനുവിട്ട മകന്‍ 40 സപ്ലികളില്‍ എട്ടെണ്ണം പാസായതിന് നാട്ടുമുക്കില്‍ ഫ്‌ളക്‌സ് വയ്ക്കുന്നതു പോലെയാണ് കോണ്‍ഗ്രസിന്റെ വീടുകള്‍’; വയനാട് ദുരിത ബാധിതര്‍ക്കുള്ള വീടിന്റെ കാര്യത്തില്‍ നുണ ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിഹാസം; പോസ്റ്റ് വൈറല്‍

കൊച്ചി: വയനാട് ടൗണ്‍ഷിപ്പിന്റെ പേരിലും ദുരിതബാധിതര്‍ക്കു നല്‍കുന്ന വീടുകളുടെ പേരിലും വ്യാജ അവകാശ വാദങ്ങളുമായി എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ പരിഹാസം. വയനാട്ടില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന 300 വീടുകള്‍ കോണ്‍ഗ്രസിന്റെയാണെന്നു നേരത്തേ വി.ഡി. സതീശന്‍ അവകാശപ്പെട്ടിരുന്നു. ഇതും വ്യാപകമായ പരിഹാസത്തിന് ഇടയാക്കി.

ഇപ്പോള്‍ മാതൃഭൂമി ഫെസ്റ്റിവലില്‍ ഇതേ നുണ ആവര്‍ത്തിക്കുകയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. കര്‍ണാടക സര്‍ക്കാര്‍ 10 കോടികൂടി നല്‍കുമെന്നത് കോണ്‍ഗ്രസിന്റെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ് സണ്ണി. കേരള സര്‍ക്കാര്‍ നിര്‍മിക്കുന്ന വീടുകള്‍ സിപിഎമ്മിന്റെയല്ലാത്തതു പോലെതന്നെ കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന പണം കോണ്‍ഗ്രസിന്റെയുമല്ല. വസ്തുത ഇതായിരിക്കേയാണ് സ്ഥലംപോലും വാങ്ങാതെ കോണ്‍ഗ്രസ് നേതാക്കള്‍ നുണകള്‍ പരത്തുന്നത്. ഇതിനെതിരേ മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ് എഴുതിയ കുറിപ്പാണ് വൈറല്‍

പോസ്റ്റിന്റെ പൂര്‍ണരൂപം

Signature-ad

 

ഇനി കോണ്‍ഗ്രസിന്റെ വയനാട് വീട് പ്രോജക്ടിനെപ്പറ്റി ഒന്നും എഴുതില്ല എന്നുറപ്പിച്ചതാണ്. പക്ഷെ ഇപ്പോഴും കോണ്‍ഗ്രസുകാര്‍ തങ്ങള്‍ ആ കാര്യത്തില്‍ കാണിച്ച ഉപേക്ഷ മറയ്ക്കാന്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞുനടക്കുകയാണ്, ഹോം വര്‍ക്ക് ചെയ്യാതെ വന്ന കുട്ടി അധ്യാപകന്‍ ചോദിക്കുമ്പോള്‍ ബെഞ്ചില്‍നിന്നെണീക്കുന്ന സമയത്ത് ഉണ്ടാക്കി പറയുന്ന നുണകള്‍ പോലെയാണ് യൂത്ത് കോണ്‍ഗ്രസ്-കോണ്‍ഗ്രസ് നേതാക്കള്‍ അതിനെപ്പറ്റി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നത്.

കഴിഞ്ഞ ദിവസം മാതൃഭൂമി ക ഫെസ്റ്റിവലില്‍ കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് പോലും അമ്മാതിരി വാദങ്ങള്‍ നിരത്തി എന്നത് ചെറിയ കാര്യമല്ല. കര്‍ണ്ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ പത്തു കോടി രൂപ (പത്തുകോടി കൂടി കൂടി നല്‍കും) അദ്ദേഹം കോണ്‍ഗ്രസിന്റെ കണക്കില്‍ കൂട്ടി. പല സംസ്ഥാന സര്‍ക്കാരുകളും കേരളത്തിന് ആ സമയത്തു പണം നല്‍കിയിട്ടുണ്ട്; അവര്‍ക്കൊരാവശ്യം വരുമ്പോള്‍ കേരളം അങ്ങോട്ടും കൊടുക്കും. അതൊക്കെ ഓരോ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വരവുവയ്ക്കുന്നതു ശരിയല്ല എന്നദ്ദേഹം മനസിലാക്കുന്നില്ല; കേരള സര്‍ക്കാര്‍ വയനാട്ടില്‍ പണിയുന്ന ടൗണ്ഷിപ് സി പി എമ്മിന്റെയോ സി പി ഐ യുടെയോ അല്ലാത്തതുപോലെത്തന്നെ കര്‍ണ്ണാടക സര്‍ക്കാര്‍ തന്ന പണം കോണ്‍ഗ്രസിന്റെയല്ല.

പിന്നെ അദ്ദേഹം പറഞ്ഞത് സര്‍ക്കാര്‍ ഭൂമി നല്കാത്തതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പ്രോജക്റ്റ് താമസിച്ചത് എന്നാണ്. ഈ അവകാശവാദം ആദ്യം ഉന്നയിച്ചത് കെ പി സി സി വൈസ് പ്രസിഡന്റ് ശ്രീ ഷാഫി പറമ്പിലാണ്. ഇതുമായി ബന്ധപ്പെട്ട ഞാന്‍ റവന്യൂ മന്ത്രിയുടെ ഓഫീസുമായി അന്നുതന്നെ ബന്ധപ്പെട്ടിരുന്നു. പിറ്റേ ദിവസം റവന്യൂ മന്ത്രി ശ്രീ കെ രാജന്‍ അതുമായി ബന്ധപ്പെട്ടു വ്യക്തത വരുത്തി: സര്‍ക്കാര്‍ തന്നെ കേസുപറഞ്ഞും പണം കൊടുത്തുമാണ് സ്ഥലം വാങ്ങിയത്. സ്ഥലം ആവശ്യമുണ്ട് എന്ന് കാണിച്ചു കോണ്‍ഗ്രസ് ഒരപേക്ഷയും നല്‍കിയിട്ടില്ല, കൊടുക്കാമെന്നു സര്‍ക്കാരും പറഞ്ഞിട്ടില്ല.

ഇന്നുവരെ ശ്രീ രാജന്റെ നിലപാട് ഒരു കോണ്‍ഗ്രസുകാരാരും ചോദ്യം ചെയ്തിട്ടില്ല. പക്ഷെ അതേ തെറ്റായ അവകാശവാദങ്ങള്‍ കിട്ടുന്ന വേദികളിലെല്ലാം ആവര്‍ത്തിക്കുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് മൂന്നരയേക്കര്‍ സ്ഥലം വാങ്ങിയിട്ടുണ്ട് എന്നാണ്. സര്‍ക്കാര്‍ കൊടുക്കുന്ന ഏഴുസെന്റ് സ്ഥലവും ആയിരം ചതുരശ്ര അടി വീടിനും ഉപരിയായി എട്ടു സെന്റ് സ്ഥലവും ആയിരത്തി ഒരുനൂറ് ചതുരശ്ര അടി വീടും നല്‍കും എന്നും പറയുന്നു. അതൊരു ടൗണ്‍ഷിപ്പായിരിക്കും എന്നും.

നൂറ്റമ്പതു ഏക്കറിലാണ് കേരള സര്‍ക്കാര്‍ 410 വീട് പണിയുന്നത്. എന്നുവച്ചാല്‍ റോഡും പൊതു സൗകര്യങ്ങളുമൊക്കെ കണക്കാക്കുമ്പോള്‍ ഏഴു സെന്റുള്ള ഒരു വീടിനായി കേരള സര്‍ക്കാരിന് അവിടെ വേണ്ടിവരുന്നത് 36 സെന്റ് സ്ഥലമാണ്. എട്ടു സെന്ററില്‍ കോണ്‍ഗ്രസ് വീട് പണിയുമ്പോള്‍ അതില്‍ കൂടുതല്‍ വരുമല്ലോ. പോട്ടെ, സര്‍ക്കാരിന്റെ കണക്കുവച്ചു തന്നെ നോക്കിയാല്‍ കഷ്ടിച്ച് പത്തുവീട് പണിയാനുള്ള സ്ഥലം. വാഗ്ദാനം നൂറു വീടുകള്‍.

നാലുവര്‍ഷത്തെ എന്‍ജിനീയറിങ് കോഴ്‌സ് പഠിക്കാന്‍ വിട്ട മകന്‍ ആകെയുള്ള നാല്‍പതു സപ്ലികളില്‍ നാലെണ്ണം എട്ടാം വര്‍ഷം പാസായതിന്റെ പേരില്‍ നാട്ടുമുക്കില്‍ ഫ്‌ളക്‌സ് വെക്കുന്നതുപോലെയാണ് വയനാട് വാങ്ങിയ മൂന്നര ഏക്കറിനെപ്പറ്റിയുള്ള കോണ്‍ഗ്രസിന്റെ അവകാശവാദം.

അത് കണ്ട് കയ്യടിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: