എതിരാളിയെ മുച്ചൂടും തകർക്കാൻ ഇറാന്റെ വജ്രായുധം ഒരുങ്ങുന്നു: ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു: കടലിലും വായുവിലും കരയിലും ഡ്രോണുകൾ നിറയും

തെഹ്റാൻ : കാലാളും കുതിരയും ആനപ്പടിയും ഒക്കെയാണ് പണ്ടത്തെ യുദ്ധ മുഖത്തെ സേനാബലമെങ്കിൽ ഇന്ന് ഡ്രോൺ സേനയാണ് ശത്രു രാജ്യത്തിനെതിരെ എതിരാളികൾ അണിനിരത്തുന്ന തന്ത്രപ്രധാനമായ സൈനികശക്തി. അതുകൊണ്ടുതന്നെ ആയുധ വ്യാപാര മേഖലയിലെ ഏറ്റവും നിർണായകമായ ആയുധമായി ഡ്രോണുകൾ മാറിയിരിക്കുന്നു.
ഇറാനെതിരെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടിയുടെ ഭീഷണി പശ്ചാത്തലത്തിൽ, ആയിരം തന്ത്രപ്രധാന ഡ്രോണുകൾ ഉപയോഗിച്ച് സായുധ സേനയെ ശക്തിപ്പെടുത്താൻ ഇറാൻ ആർമി കമാൻഡർ അമീർ ഹാതമി ഉത്തരവിട്ടതോടെ ഇറാന്റെ ഡ്രോൺ സൈന്യം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്.
പെട്ടെന്നുള്ള അതിവേഗത്തിലുള്ള പോരാട്ടത്തിൽ തന്ത്രപരമായ നേട്ടങ്ങൾ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പുതിയ യുദ്ധസജീകരണങ്ങൾ സഹായമാകും. ഏതെങ്കിലും അധിനിവേശത്തിനോ ആക്രമണകാരിക്കോ എതിരായി ശക്തമായ പ്രത്യാക്രമണം തന്നെയാണ് സൈന്യത്തിന്റെ മുൻഗണനയെന്ന് അമീർ ഹാതമി വ്യക്തമാക്കി.
നാശം, ആക്രമണം, ഇലക്ട്രോണിക് യുദ്ധം എന്നീ വിഭാഗങ്ങളിൽ പെട്ട പുതിയ ഡ്രോണുകൾ ആധുനിക ഭീഷണികളെ നേരിടാൻ അനുയോജ്യമാണെന്ന് ഇറാൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
കടലിലും വായുവിലും കരയിലും ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങൾ ആക്രമിക്കാനുള്ള ആധുനിക രൂപകൽപ്പനയും ഈ പുതിയ ഡ്രോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ സേനക്കും ഏതാനും നേതാക്കൾക്കും നേരെയുള്ള ആക്രമണങ്ങൾ ഉൾപ്പെടെ ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഓപ്ഷനുകൾ പരിഗണിക്കുന്നുണ്ടെന്ന് ഒന്നിലധികം വൃത്തങ്ങൾ വെളപ്പെടുത്തി. ഇറാനിൽ ഭരണമാറ്റത്തിന് സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ട്രംപ് ആഗ്രഹിക്കുന്നതായി രണ്ട് യു.എസ് സ്രോതസ്സുകൾ വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സർക്കാരിനെയും സുരക്ഷാ ആസ്ഥാനങ്ങളും ആക്രമിക്കാൻ പ്രതിഷേധക്കാർക്ക് ആത്മവിശ്വാസം നൽകാനായി, ഇറാൻ നേതാക്കളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള ഓപ്ഷനുകൾ ട്രംപ് പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ വിശദീകരിച്ചു.
ട്രംപിന്റെ സഹായികൾ ചർച്ച ചെയ്യുന്ന ഓപ്ഷനുകളിൽ ശാശ്വതമായ ആഘാതം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രധാന ആക്രമണവും ഉൾപ്പെടുന്നു. മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ സഖ്യകക്ഷികളെ ആക്രമിക്കാൻ കഴിവുള്ള ബാലിസ്റ്റിക് മിസൈലുകളും യുറേനിയം സമ്പുഷ്ടീകരണ പ്രോഗ്രാമുകളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയേക്കും. അതേസമയം, തങ്ങളുടെ രാജ്യത്തിനെതിരായ ഏതൊരു ആക്രമണത്തിനും നിർണ്ണായകവും ശക്തവും അഭൂതപൂർവവുമായ തിരിച്ചടി ഉണ്ടാകുമെന്ന് ഇറാൻ ഉദ്യോഗസ്ഥർ സമീപ ദിവസങ്ങളിൽ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.






