Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പിഴയടക്കാതെ ഒഴിയാനാകുമോ: തലസ്ഥാനത്ത് ബിജെപി നേതൃത്വം തലപുകയ്ക്കുന്നു: പിഴയ്ക്കാൻ നോട്ടീസ് ലഭിച്ച അഞ്ച് ദിവസം ആകുമ്പോഴും ബിജെപിക്ക് കുലുക്കമില്ല  

 

 

Signature-ad

തിരുവനന്തപുരം : പിഴ അടച്ചില്ലെങ്കിൽ അത് നിയമലംഘനവും അടച്ചാൽ അഭിമാനക്ഷതവും ആവുമെന്ന സ്ഥിതിയിലാണ് തലസ്ഥാനത്തെ ബിജെപി.

 

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അനുമതി ഇല്ലാതെ ഫ്‌ളക്സ് ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിച്ചതിനു ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ചുമത്തിയ പിഴ അടയ്ക്കണോ അടക്കേണ്ടയോ എന്ന തീരുമാനത്തിൽ ഇനിയും ബിജെപി നേതൃത്വം എത്തിയിട്ടില്ല. തങ്ങളുടെ പാർട്ടി ഭരിക്കുന്ന കോർപ്പറേഷൻ തങ്ങൾക്കെതിരെ പിഴ ചുമത്തിയതിന്റെ ക്ഷീണം ബിജെപി ജില്ലാ കമ്മിറ്റിക്ക് വലിയ ആഘാതം ആയിട്ടുണ്ട്. അതുകൊണ്ടാണ് പിഴ ഒടുക്കുന്ന കാര്യത്തിൽ രണ്ടു മനസ്സ് വന്നിരിക്കുന്നത്.

പിഴ ഒടുക്കാതിരിക്കാനാവില്ല എന്ന് അറിയാമെങ്കിലും അങ്ങനെ ചെയ്താൽ അത് പാർട്ടിക്ക് മറ്റു പാർട്ടിക്കാരുടെ മുന്നിലുണ്ടാക്കുന്ന ക്ഷീണം ചെറുതായിരിക്കില്ല എന്ന് ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക്‌ നല്ല ബോധ്യമുണ്ട്. അതുകൊണ്ടാണ് പിഴ അടക്കുന്നതിൽ കാലതാമസം വന്നിരിക്കുന്നത്.

ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് നല്‍കി അഞ്ചു ദിവസമായിട്ടും ഇത് വരെ പിഴയടച്ചില്ല.

വിഷയത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതു ചൂണ്ടിക്കാട്ടി 19.97 ലക്ഷം രൂപ പിഴ രണ്ടു ദിവസത്തിനകം അടയ്ക്കണമെന്ന് കാട്ടിയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ റവന്യൂ ഓഫിസര്‍ 23ന് നോട്ടിസ് നല്‍കിയത്. രണ്ടു ദിവസത്തിനുള്ളില്‍ പിഴത്തുക അടച്ച് തുടര്‍നടപടികള്‍ ഒഴിവാക്കണമെന്നാണ് നോട്ടിസില്‍ പറയുന്നത്.

 

ഹൈക്കോടതിയില്‍ അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ ബിജെപിക്കു നോട്ടിസ് അയച്ചത്. പിഴ നോട്ടിസിന്റെ പകര്‍പ്പ് സഹിതം കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനെതിരെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കന്റോണ്‍മെന്റ്, തമ്പാനൂര്‍, മ്യൂസിയം പൊലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിയുടെ പ്രചാരണാര്‍ഥം ബോര്‍ഡുകള്‍ സ്ഥാപിച്ചതിനും കോര്‍പ്പറേഷന്‍ ബിജെപിക്ക് 36,000 രൂപയുടെ പിഴ നോട്ടിസ് നല്‍കിയിട്ടുണ്ട്.

 

പിഴ അടച്ചില്ലെങ്കിൽ തുടർനടപടികൾക്ക് സാധ്യതയുള്ളതിനാൽ തൽക്കാലം ഇക്കാര്യത്തിൽ മസിൽ പിടുത്തം വേണ്ടെന്നും പിഴ ഒടുക്കുന്നതാണ് നല്ലതെന്നും ജില്ലാ കമ്മിറ്റിക്ക് വിദഗ്ധോപദേശം ലഭിച്ചിട്ടുണ്ട്. തലസ്ഥാനത്ത് അധികാരത്തിലേറിയ ഉടൻ തന്നെ ഉണ്ടായ ഈ കല്ലുകടി പാർട്ടിയിൽ വരുംദിവസങ്ങളിൽ ചർച്ചയാകും എന്ന് ഉറപ്പാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: