ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ട; സമയമാകുമ്പോള്‍ പാര്‍ട്ടി പറയും; മുന്നറിയിപ്പുമായി പിണറായി വിജയന്; ‘ചിലപ്പോള്‍ സ്ഥാനാര്‍ഥിയാകും, ചിലപ്പോള്‍ മാറേണ്ടിവരും’

തിരുവനന്തപുരം: ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമയമാകുമ്പോള്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സിറ്റിങ് എംഎല്‍എമാര്‍ മണ്ഡലം ശ്രദ്ധിക്കുക. ചിലപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും, ചിലപ്പോള്‍ മാറേണ്ടി വരുമെന്നും പിണറായി വിജയന് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണം താന്‍ നയിക്കും എന്ന് പറഞ്ഞ പിണറായി വീണ്ടും മല്‍സരിക്കുമോയെന്ന് വ്യക്തമാക്കിയില്ല. തുടര്‍ഭരണം ഉറപ്പ് എന്ന് പ്രതീക്ഷ പങ്കുവെച്ച മുഖ്യമന്ത്രി പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭവന സന്ദര്‍ശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്ന ഉപദേശവും നല്കി. തിരഞ്ഞെടുപ്പ് ഒരുക്കത്തിനായി ഇന്നലെ വൈകിട്ടായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത യോഗം ചേര്‍ന്നത്.
കോന്നിയിലും ആറന്മുളയിലും നിലവിലെ അംഗങ്ങള്‍ തുടരും എന്ന മട്ടില്‍ ജില്ലാ സെക്രട്ടറി രാജു എബ്രഹാം പരാമര്‍ശം നടത്തിയിരുന്നു. ആറന്മുളയില് വീണ ജോര്‍ജും കോന്നിയില്‍ കെ.യു.ജിനീഷ് കുമാറും തുടരുമെന്ന മട്ടിലായിരുന്നു ആ പരാമര്‍ശം, അതിനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു.






