ഗേ ഗ്രൂപ്പില്‍ അംഗം; ഇഷ്ടം ആണുങ്ങളോട്; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം; അഞ്ചുവര്‍ഷം അവഗണിച്ചിട്ടും ഗ്രീമ ബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിച്ചില്ലെന്നും വെളിപ്പെടുത്തല്‍

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. എസ്.എല്‍.സജിത (54), മകള്‍ ഗ്രീമ എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആണ് സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന് ശ്രമിച്ചതിന്റെ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്ന ഉണ്ണികൃഷ്ണന് ആണ് സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ അംഗമായതിന്റെയും അവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നതിന്റെയും തെളിവുകള്‍ ഗ്രീമയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഭര്‍ത്താവ് കൂടെക്കൂട്ടുമെന്ന് വിശ്വസിച്ച ഗ്രീമ അഞ്ച് വര്‍ഷം കടുത്ത അവഗണന നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ഇയാള്‍ പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചെന്നും, ഈസമയം പലയിടങ്ങളിലേക്കും സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിന് പിന്നാലെ പാസ്പോര്‍ട്ട് എടുത്ത് തയാറായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് എത്തിയ സമയം ഉണ്ണികൃഷ്ണന് അമ്മയ്ക്കും മകള്‍ക്കും താങ്ങാനാവാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നാണ് വിവരം. ഭാര്യാപിതാവിന്റെ മരണവിവരം അറിഞ്ഞിട്ടും വിളിക്കാന്‍ പോലും മനസ് ഇയാള്‍ കാണിച്ചില്ല.
എന്നാല്‍, ഉണ്ണികൃഷ്ണന് തെറ്റുകാരനല്ലെന്നും പ്രശ്നങ്ങള്‍ക്ക് കാരണം ഗ്രീമയുടെ അമ്മയാണെന്നും ഉണ്ണികൃഷ്ണന്റെ ബന്ധുക്കള്‍ പറയുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൗണ്‍സിലിംഗ് നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു.






