Breaking NewsCrimeIndiaLead NewsNEWS

നീറ്റ് പരീക്ഷയിൽ രണ്ടുതവണ പരാജയം, ഒടുവിൽ ഭിന്നശേഷി വിഭാ​ഗത്തിൽ കയറിപ്പറ്റാൻ യുവാവിന്റെ അറ്റകൈ പ്രയോ​ഗം, കട്ടറുപയോ​ഗിച്ച് സ്വയം കാലിനെ നാല് വിരലുകൾ മുറിച്ചുമാറ്റി!! വധശ്രമത്തിനു പോലീസ് കേസെടുത്തത് നിരപരാധിക്കൾക്കെതിരെ!! വഴിത്തിരിവായത് യുവാവിന്റെ ഡയറി… “2026-ൽ ഞാൻ എംബിബിഎസ് ഡോക്ടറാകും”

വാരാണസി: നീറ്റ് മെഡിക്കൽ പ്രവേശനത്തിന് ഭിന്നശേഷി സംവരണാനുകൂല്യം ലഭിക്കാൻ സ്വന്തം കാൽ മുറിച്ചുമാറ്റി ഇരുപത്തിനാലുകാരന്റെ അറ്റകൈ പ്രയോ​ഗം. ഉത്തർപ്രദേശിലെ ജൗൻപൂരിൽ ഖാലിപുർ സ്വദേശിയായ സൂരജ് ഭാസ്‌കർ ആണ് ഈ കൈവിട്ട കളി നടപ്പിലാക്കിയത്. ഫാർമസിയിൽ ഡിപ്ലോമ പഠനത്തിനുശേഷം നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു സൂരജ് ഭാസ്‌കർ. രണ്ടുതവണ നീറ്റ് പരീക്ഷയെഴുതിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഭിന്നശേഷി വിഭാ​ഗത്തിൽ പ്രവേശനം ഉറപ്പിക്കാൻ സുരജ് തന്റെ ഇടത് കാലിലെ നാല് വിരലുകൾ സ്വയം മുറിച്ചുമാറ്റുകയായിരുന്നു. തുടർന്ന്, അജ്ഞാതർ ആക്രമിച്ചതായി പോലീസിൽ പരാതി നൽകി. പിന്നീട് യുവാവിന്റെ ഡയറിയിലെ കുറിപ്പും പെൺസുഹൃത്തിന്റെ മൊഴിയുമാണ് പോലീസിനെ യാഥാർഥ്യം കണ്ടെത്താൻ സഹായിച്ചത്. തന്നെ ആരോ ആക്രമിച്ചതായുള്ള പരാതിയുമായി ജനുവരി 18-നാണ് സൂരജ് പോലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അജ്ഞാതരായ രണ്ടുപേർക്കെതിരെ വധശ്രമം ചുമത്തിയായിരുന്നു പോലീസ് കേസെടുത്തതെന്ന് ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥൻ പറഞ്ഞു.

Signature-ad

എന്നാൽ ചോദ്യം ചെയ്യലിനിടെ സൂരജ് പലതവണ മൊഴി മാറ്റിപ്പറഞ്ഞതോടെ പോലീസിന് സംശയമായി. ഇയാളുടെ ഡയറി പരിശോധിച്ചതോടെ മെഡിക്കൽ പ്രവേശനത്തെ കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ടു. ഡയറിയിൽ “2026-ൽ ഞാൻ എംബിബിഎസ് ഡോക്ടറാകും” എന്ന വാചകം പലതവണ രേഖപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. കൂടാതെ വിവാഹരജിസ്‌ട്രേഷനുള്ള അപേക്ഷാഫോമും ഇയാളിൽ നിന്ന് കണ്ടെത്തി.

എംബിബിഎസിന് പ്രവേശനം കിട്ടുമോയെന്ന കാര്യത്തിൽ സൂരജിന് ആശങ്കയുണ്ടായിരുന്നതായി സൂരജിന്റെ പെൺസുഹൃത്ത് പോലീസിന് മൊഴി നൽകി. കൂടുതൽ ചോദ്യം ചെയ്യലിൽ യുവാവ് സത്യം തുറന്നുപറഞ്ഞു. ഇയാളുടെ വീട്ടിൽനിന്ന് വേദനയറിയാതിരിക്കാനുള്ള മരുന്ന് കുത്തിവെക്കാൻ ഉപയോഗിച്ച സിറിഞ്ചുകൾ പോലീസ് കണ്ടെടുത്തു.

നിലവിൽ ഇയാൾ മെഡിക്കൽ ചികിത്സയിൽ തുടരുകയാണ്. വ്യാജ പരാതി നൽകിയതും റിസർവേഷൻ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതുമുൾപ്പെടെ നിയമനടപടികൾ പരിഗണനയിലാണെന്ന് അധികൃതർ അറിയിച്ചു. ഈ സംഭവം നീറ്റ് പോലുള്ള കടുത്ത മത്സരപരീക്ഷകൾ നേരിടുന്ന വിദ്യാർത്ഥികൾ അനുഭവിക്കുന്ന അതിരൂക്ഷമായ മാനസിക സമ്മർദ്ദത്തെയും ക്വോട്ട അടിസ്ഥാനത്തിലുള്ള അഡ്മിഷനുകളിൽ കൂടുതൽ കർശന പരിശോധനകൾ ആവശ്യമാണെന്നതെയും കുറിച്ച് വ്യാപക ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: