ട്രംപിനെതിരെ ഒളിയമ്പെയ്ത് മാർക്ക് കാർണി!! ‘വൻ ശക്തികൾ സാമ്പത്തിക നയങ്ങളെ ആയുധമാക്കുന്നതും താരീഫിൽ സ്വാധീനം ചെലുത്തുന്നതും വർധിച്ചു വരുന്നു’… കാനഡ നിലനിൽക്കുന്നത് അമേരിക്ക കാരണമാണമെന്ന് ട്രംപ്!! അമേരിക്കയില്ലെങ്കിലും ഞങ്ങൾ നിലനിൽക്കും കാരണം ഞങ്ങൾ കനേഡിയൻസാണ്- മാർക്ക് കാർണി… ബോർഡ് ഓഫ് പീസി’ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം പിൻവലിച്ച് ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൊമ്പുകോർത്തതിനു പിന്നാലെ ‘ബോർഡ് ഓഫ് പീസി’ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ അഭിസംബോധന ചെയ്തുകൊണ്ട് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച് തുറന്ന കത്തിലൂടെയാണ് ക്ഷണം പിൻവലിച്ച കാര്യം ട്രംപ് അറിയിച്ചത്.
സ്വിറ്റ്സർലാൻഡിലെ ദാവോസിൽ വെച്ച് നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മാർക്ക് കാർണി നടത്തിയ പ്രസംഗമാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കത്തിനു പിന്നിൽ. പരിവർത്തനമല്ല, അടിസ്ഥാനപരമായ തകർച്ചയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് കാർണി ദാവോസിൽ വെച്ച് പറഞ്ഞിരുന്നു. കൂടാതെ വൻ ശക്തികൾ സാമ്പത്തിക നയങ്ങളെ ആയുധമാക്കുന്നതും താരീഫിൽ സ്വാധീനം ചെലുത്തുന്നതും വർധിച്ചു വരുന്നുവെന്നും കാർണി പറഞ്ഞു. അമേരിക്കയുടേയോ ട്രംപിന്റേയോ പേര് എടുത്ത് പറയാതെയായിരുന്നു കാർണിയുടെ പരാമർശം. എന്നാൽ ഇത് ട്രംപിനെതിരേയാണെന്ന് വ്യാപകമായി പ്രചരിച്ചു.
സംഭവം വൈറലായതിനു പിന്നാലെ മറുപടിയുമായി ട്രംപ് രംഗത്തെത്തി. അമേരിക്ക കാരണമാണ് കാനഡ നിലനിൽക്കുന്നതെന്ന് ട്രംപ് പറഞ്ഞു. അടുത്ത തവണ കാർണി ഇത്തരം പരാമർശം നടത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു വേണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അമേരിക്ക കാരണമല്ല തങ്ങൾ നിലനിൽക്കുന്നതെന്നും തങ്ങൾ കനേഡിയൻസ് ആണെന്നും മർക്ക് കാർണി മറുപടി നൽകി. വാഷിങ്ടണുമായി അടുത്തബന്ധം സൂക്ഷിക്കുന്നുണ്ട്. എന്നാൽ അമേരിക്ക കാരണം അല്ല കാനഡയുടെ നിലനിൽപ്പ് എന്ന് കാർണി എക്സ് പോസ്റ്റിൽ കുറിച്ചു.
അതേസമയം ഗാസയിൽ സുസ്ഥിര സമാധാനമുണ്ടാക്കുക, പിന്നീട് ആഗോള സംഘർഷ പരിഹാരവേദിയായി മാറ്റുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥാപിച്ച ‘സമാധാന സമിതി’ (ബോർഡ് ഓഫ് പീസ്) വ്യാഴാഴ്ച ഔദ്യോഗികമായി നിലവിൽ വന്നിരുന്നു. ഹംഗറിയും അർജന്റീനിയും പാക്കിസ്ഥാനുമുൾപ്പെടെ 19 രാജ്യങ്ങളാണ് പ്രമാണരേഖയിൽ ഒപ്പുവെച്ചത്.
ബോർഡിൽ സ്ഥിരാംഗത്വം കിട്ടണമെങ്കിൽ ഓരോ രാജ്യവും 100 കോടി ഡോളർ (ഏകദേശം 9100 കോടിരൂപ) നൽകണം. ഇങ്ങനെ കിട്ടുന്ന പണം ഗാസയുടെ പുനർനിർമാണത്തിനുപയോഗിക്കും എന്നാണ് ട്രംപിന്റെ വാഗ്ദാനം.






