Breaking NewsHealthKeralaLead NewsNEWS

മുണ്ടിനീരു വ്യാപനം തടയാനുള്ള സൗജന്യ വാക്സിൻ വിതരണം നിലച്ചു, ചെലവ് സംസ്ഥാനം വഹിക്കില്ല, പകരം കേന്ദ്രം തരണം!! മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ 21 ദിവസത്തേക്ക് അടച്ചു, ക്ലാസുകൾ ഇനി ഓൺലൈനായി…വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകും- ആരോഗ്യപ്രവർത്തകർ, രോ​ഗം തടയാൻ തെക്കൻ മേഖലയിലെ അടച്ചുപൂട്ടിയത് 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ

ആലപ്പുഴ: സ്കൂൾ കുട്ടികളിൽ മുണ്ടിനീരു വ്യാപനം വേ​ഗത്തിലാകുന്നു. രോ​ഗം തടയാനാകാതെ ആരോഗ്യവകുപ്പ്. കഴിഞ്ഞ ജൂൺ- ജൂലായ് മാസങ്ങളിലായി ജില്ലയുടെ തെക്കൻ മേഖലയിൽ പടർന്നുപിടിച്ച രോഗം വടക്കൻ മേഖലയിലേക്കും പടരുന്നു. കുട്ടികളിൽ മുണ്ടിനീര് സ്ഥിരീകരിച്ചതോടെ മാരാരിക്കുളം ഗവ. എൽ.പി സ്കൂൾ വ്യാഴാഴ്ച മുതൽ 21 ദിവസത്തേക്ക് അടച്ചു. ക്ലാസുകൾ ഓൺലൈനായി നടത്താൻ കളക്ടർ അലക്സ് വർഗീസ് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി.

ദിനംപ്രതി രോഗം കുട്ടികളിലേക്കു വേ​ഗത്തിൽ പടരുമ്പോൾ സ്കൂൾ അടയ്ക്കൽ മാത്രമാണ് ആരോഗ്യവകുപ്പിനു മുന്നിലുള്ള പ്രതിരോധ മാർഗം. വാക്സിനേഷന്‌ നടപടിയുണ്ടായിട്ടില്ല. ഇനിയും വൈകിയാൽ കൂടുതൽ സ്കൂൾ കുട്ടികളിലേക്കു രോഗം പടരും. പരീക്ഷക്കാലമായതിനാൽ കുട്ടികൾക്ക് ഇതേറെ ദുരിതമാകും.

Signature-ad

അതേസമയം സൗജന്യ വാക്സിൻവിതരണം നിലച്ചതോടെയാണു മുണ്ടിനീര് വ്യാപകമായിത്തുടങ്ങിയത്. മീസിൽസ്, മുണ്ടിനീര്, റുബെല്ല എന്നിവ പ്രതിരോധിക്കാനായി നേരത്തേ (എം.എം.ആർ.) വാക്സിൻ നൽകിയിരുന്നു. 2017 മുതൽ കേന്ദ്രം അത് മീസീൽസ്, റുബെല്ലാ വാക്സിൻ (എം.ആർ.) മാത്രമാക്കി. ഇതിനുശേഷം മുണ്ടിനീരു വ്യാപകമായതോടെ സംസ്ഥാനം വാക്സിൻ സൗജന്യമായി നൽകിയിരുന്നു. പിന്നീടതു നിലച്ചു.

രോ​ഗം പ്രതിരോധിക്കാൻ സംസ്ഥാനം മുൻകൈയെടുത്ത് വാക്സിൻ നൽകിയില്ലെങ്കിൽ സ്ഥിതി രൂക്ഷമാകുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. എന്നാൽ, വാക്സിനേഷനുള്ള ചെലവു വഹിക്കാൻ സംസ്ഥാനം തയ്യാറായിട്ടില്ല. പകരം സൗജന്യ വാക്സിനായി കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്.

അതേസമയം എല്ലാമാസവും ജില്ലയിലെ ഏതെങ്കിലും സ്കൂളുകൾ മുണ്ടിനീരു മൂലം അടയ്ക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഡിസംബർ ഒൻപതിന് പുറക്കാട് എ.എസ്.എം.എൽ.പി. സ്കൂളും മുണ്ടിനീരിനെത്തുടർന്ന് അടച്ചിരുന്നു. അതിനുമുൻപ് കലവൂർ ഗവ. ഹൈസ്കൂളിലെ എൽ.കെ.ജി.-യു.കെ.ജി. വിഭാഗം, തമ്പകച്ചുവട് യു.പി. സ്കൂളിലെ എൽ.കെ.ജി.,യു.കെ.ജി. വിഭാഗം, നീർക്കുന്നം എച്ച്.ഐ.എൽ.പി. സ്കൂൾ, മണ്ണഞ്ചേരി ഗവ.ഹൈസ്കൂളിൽ എൽ.പി. വിഭാഗം, മണ്ണഞ്ചേരി അൽഹിദായ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എൽ.കെ.ജി., യു.കെ.ജി. വിഭാഗം എന്നിവയും അടച്ചിരുന്നു.

നവംബർ മുതലാണ് വടക്കൻമേഖലയിലേക്കു രോഗവ്യാപനമുണ്ടായത്. തെക്കൻ മേഖലയിലെ രോഗവ്യാപനം മൂലം സ്കൂളുകളും അങ്കണവാടികളുമുൾപ്പെടെ 38 വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടേണ്ടി വന്നു. ഒരാഴ്ചയ്ക്കിടെ മാത്രം എട്ടുസ്കൂളുകൾ അടയ്ക്കേണ്ട ഗുരുതര സാഹചര്യമാണുണ്ടായി. ഇപ്പോഴും അതേ സാഹചര്യമാണ്. സാധാരണ രണ്ടാഴ്ചയ്ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും രോഗാണുവിന്റെ ഇൻക്യുബേഷൻ കാലയളവ് (രോഗികളുമായി സമ്പർക്കത്തിലായവർക്ക് രോഗലക്ഷണം പ്രകടമാകാൻ സാധ്യതയുള്ള സമയം) 12 മുതൽ 25 ദിവസം വരെയാണ്. അതിനാലാണ് സ്കൂളുകൾക്ക് 21 ദിവസം അവധി നൽകുന്നത്.

രോ​ഗം പകരുന്നത് എങ്ങനെ

മുണ്ടിനീരിൽ പാരമിക്സോ വൈറസാണ് രോഗകാരി. ഉമിനീര്, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ എന്നിവയുടെ കണികകൾ വായുവിൽ കലർന്നാണ് മറ്റൊരാളിലേക്ക് പടരുന്നത്. രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും പകരും. കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നത്. മുതിർന്നവരെയും ബാധിക്കാം. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെടാം.

ലക്ഷണങ്ങൾ

ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണം. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസപ്പെടും. വിശപ്പില്ലായ്മ, ക്ഷീണം, വേദന, പേശീവേദന എന്നിവയാണ് മറ്റുലക്ഷണങ്ങൾ. നീര്, തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ വൈകിക്കരുത്.

രോഗികൾ ശ്രദ്ധിക്കേണ്ടത്

ധാരാളം വെള്ളം കുടിക്കുക. പുളിപ്പുള്ള പഴച്ചാറുകൾ പോലെയുള്ളവ കുടിക്കരുത്. ചവയ്ക്കാൻ ബുദ്ധിമുട്ടില്ലാത്ത നേർത്ത ഭക്ഷണങ്ങൾ കഴിക്കുക. നീരിന്റെയും വേദനയുടെയും പ്രയാസം കുറയ്ക്കുന്നതിനായി ഇളം ചൂടുള്ള ഉപ്പുവെള്ളം കവിൾകൊള്ളുക. ഐസ് വെക്കുന്നതും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണി ഉപയോഗിച്ച് ചൂടു വെക്കുന്നതും നീരിനും വേദനയ്ക്കും ആശ്വാസമേകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: