കേരളത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സാധ്യത; ദീപക് സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ ആവിഷ്‌കരിക്കും; റീല്‍സും ഷോര്‍ട്ട്‌സും നിരീക്ഷിക്കാന്‍ സംവിധാനം വേണമെന്ന് ആവശ്യം; സോഷ്യല്‍ മീഡിയ സെന്‍സറിങ് അനിവാര്യമാണെന്നും വിലയിരുത്തല്‍ ; ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി; യുവതിക്കെതിരെ കേസെടുത്തു

കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സോഷ്യല്‍ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സാധ്യത.
ദീപക് സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് വിവിധ കോണുകളില്‍ നിന്ന് ശക്തമായി ആവശ്യമുയരുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം ശക്തമാക്കാന്‍ നീക്കം നടക്കുന്നത്.
ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാവുന്ന പ്ലാറ്റ്‌ഫോം ആയി സോഷ്യല്‍ മീഡിയകള്‍ മാറുന്നതിനെതിരെ ദീപക് സംഭവത്തോടെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
ഈ പ്രതിഷേധം കൂടുതലും സോഷ്യല്‍ മീഡിയയില്‍ ആണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

പൗരന്മാര്‍ക്കു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ചില സമൂഹമാധ്യമങ്ങള്‍ ലംഘിച്ചെന്ന ആരോപണവും സോഷ്യല്‍ മീഡിയയ്ക്ക് എതിരെ ഉയരുന്ന പ്രധാന ആരോപണമാണ്.
സോഷ്യല്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ചില നിയമങ്ങളും ചട്ടങ്ങളും എല്ലാം കൊണ്ടുവന്നിട്ടുണ്ട്. അതിനെതിരെ ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ഒരു നിയന്ത്രണം അനിവാര്യമാണെന്ന് വിവിധ മേഖലകളില്‍ ഉള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് യുവതിക്കെതിരെ കേസെടുത്തു.. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി.
മെഡിക്കല്‍ കോളേജ് പോലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക്ക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. പിന്നീടായിരുന്നു ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ഉയര്‍ന്ന ആവശ്യം.
ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. സംഭവം നോര്‍ത്ത് സോണ്‍ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് എതിരെയാണ് പോലീസ് കേസ് എടുത്തത്. യുവതിയുടെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസടുത്തത്. പയ്യന്നൂരില്‍ സ്വകാര്യ ബസില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് കാട്ടി പൊതു പ്രവര്‍ത്തക കൂടിയായ യുവതി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ദീപക് ജീവനൊടുക്കിയത്. വസ്തുതാ വിരുദ്ധമായ ആരോപണം ഉന്നയിക്കപ്പെട്ടതില്‍ മനം നൊന്താണ് ആത്മഹത്യയെന്ന ആരോപണവുമായി ദീപക്കിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ യുവതിക്കെതിരെ ഇവര്‍ മുഖ്യമന്ത്രിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരുന്നു.
ബസില്‍ വെച്ച് ദുരനുഭവമുണ്ടായെന്ന ആരോപണം ദീപക്കിന്റെ മരണത്തിന് ശേഷവും യുവതി ആവര്‍ത്തിച്ചിരുന്നു. വടകര പോലീസില്‍ ഇക്കാര്യം അറിയിച്ചെന്നുമായിരുന്നു യുവതിയുടെ അവകാശ വാദം. എന്നാല്‍ ഈ വാദം വടകര പോലീസ് തള്ളി. ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നുമായിരുന്നു വടകര ഇന്‍സ്പ്‌കെടറുടെ വിശദീകരണം. സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതിന് പിന്നാലെ യുവതി ഇന്‍സ്റ്റഗ്രാം. എഫ് ബി അക്കൗണ്ടുകള്‍ നീക്കി.






