സ്വര്‍ണപ്പാളികള്‍ മൊത്തത്തില്‍ അടിച്ചുമാറ്റി വിറ്റു? വി.എസ്.എസ്.സി. റിപ്പോര്‍ട്ടില്‍ ഗുരുതര സൂചനകള്‍; സ്വര്‍ണക്കൊള്ളയുടെ ആഴം കൂടുന്നു; കട്ടിളപ്പാളി, ദ്വാരപാലക ഘടനയില്‍ വ്യത്യാസം

പത്തനംതിട്ട: വി.എസ്.എസ്.സി. നല്കിയ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടിനു പിന്നാലെ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ മൊത്തത്തില്‍ അടിച്ചുമാറ്റി വിറ്റെന്നു സംശയം. സ്വര്‍ണക്കൊള്ളയുടെ ആഴം പലമടങ്ങ് വര്‍ധിപ്പിച്ചേക്കാവുന്ന ഗുരുതരമായ സൂചനകള്‍ റിപ്പോര്‍ട്ടില്‍. 1999 ല്‍ യു ബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞ് നല്കിയ പാളികളുടെ ശാസ്ത്രീയ ഘടനയും നിലവില്‍ സന്നിധാനത്തുള്ള ദ്വാരപാലക , കട്ടിളപ്പാളികളുടെ ഘടനയും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് പരിശോധനാഫലത്തില്‍ പറയുന്നത്.
എന്നാല്‍ പാളികളുടെ കാലപ്പഴക്കം കൃത്യമായി പറഞ്ഞിട്ടില്ല. അതിനാല്‍ ഘടനയിലെ വ്യത്യാസം ഹൈക്കോടതിയെ അറിയിച്ച ശേഷം വി എസ് എസ് സി യുമായി വീണ്ടും ആശയവിനിമയം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടുതല്‍ വിവരങ്ങള്‍ വിഎസ്എസ് സിയില്‍ നിന്ന് ലഭിച്ചാല്‍ മാത്രമേ പാളികള്‍ വിറ്റെന്നും നിലവില്‍ ശബരിമലയിലുള്ളത് ഡ്യൂപ്ലിക്കേറ്റെന്നും ഉറപ്പിക്കാനാവൂവെന്നാണ് എസ് ഐ ടി പറയുന്നത്
ശബരിമലയില്‍ നടന്നതു സ്വര്‍ണക്കൊള്ളയാണെന്നു സ്ഥിരീകരിച്ച് വിഎസ്എസ്സി ലാബിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണന് പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച ദ്വാരപാലക ശില്‍പപാളികളിലെയും കട്ടിളപ്പാളികളിലെയും സ്വര്‍ണം കുറവാണെന്നു പരിശോധനയില്‍ കണ്ടെത്തിയതായാണു വിവരം. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ മറ്റ് പാളികളുമായി നടത്തിയ താരതമ്യ പഠനത്തിന്റെ അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് തയറാക്കിയത്.
1998ല്‍ വിജയ് മല്യയുടെ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞു നല്കിയ പാളിയും 2019ല്‍ പോറ്റി സ്വര്‍ണം പൂശാനായി കൊണ്ടുപോയി തിരികെയെത്തിച്ച സ്വര്ണപ്പാളിയുമാണ് ശാസ്ത്രീയമായി പരിശോധിച്ചത്. ഇതിനായി പാളികളില്‍നിന്ന് നിശ്ചിത അളവില്‍ സ്വര്‍ണം വെട്ടിയെടുത്ത് 15 സാംപിളുകള്‍ ശേഖരിച്ചിരുന്നു.
സീല്‍ ചെയ്ത കവറില്‍ കൊല്ലം വിജിലന്‍സ് കോടതിക്കു നല്കിയ പരിശോധനാ റിപ്പോര്‍ട്ട് കോടതി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ഈ റിപ്പോര്‍ട്ടാണ് ഇന്നു ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. ചെമ്പുപാളികളിലെ സ്വര്‍ണത്തിന്റെ അളവും കാലപ്പഴക്കവും വിഎസ്എസ്സിക്കു ശാസ്ത്രീയ പരിശോധനയില്‍ നിര്‍ണയിക്കാനായി.പരിശോധനാഫലത്തില്‍ കോടതിയുടെ സ്ഥിരീകരണം വന്നാല്‍ സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്നാണു വിലയിരുത്തല്‍.
പഴയ സ്വര്‍ണപ്പാളികള്‍ മാറ്റിയശേഷം ശേഷം പുതിയ അച്ചുണ്ടാക്കി, ചെമ്പില്‍ പുതിയ പാളികള്‍ നിര്‍മിച്ച് സ്വര്‍ണം പൊതിഞ്ഞു തിരികെയെത്തിച്ചോയെന്നും പരിശോധിക്കും. കട്ടിളകളിലും ദ്വാരപാലക ശില്പപാളികളിലും മുന്‍കാലങ്ങളില്‍ നടത്തിയ അറ്റകുറ്റപ്പണികളെക്കുറിച്ചും വിശദമായി അന്വേഷിക്കും. ആരൊക്കെ, ഏത് കാലയളവില്‍, എന്ത് തീരുമാനപ്രകാരമാണ് സ്വര്‍ണം അഴിച്ചെടുത്തതെന്നും പരിശോധിക്കും. ഇതുവരെ ശേഖരിച്ച മൊഴികളുമായി റിപ്പോര്‍ട്ട് താരതമ്യം ചെയ്തു പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനും തയാറായേക്കും.കേസില്‍ പോറ്റിയടക്കമുള്ള പ്രതികള്‍ അറസ്റ്റിലായിട്ട് 90 ദിവസങ്ങള്‍ പിന്നിടുകയാണ്.






