Breaking NewsKeralaLead NewsNEWS

സംസ്ഥാന നേതൃത്വം നിർദേശിച്ചു, ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃ സ്ഥാനത്തു നിന്ന് പിപി ദിവ്യ തെറിച്ചു, ഒഴിവാക്കിയതല്ല, സ്വയം മാറിയതെന്ന് പികെ ശ്രീമതി, സൂസൻകോടിയെയും മാറ്റി!! കേന്ദ്രകമ്മിറ്റി അംഗം കെഎസ് സലീഖ പുതിയ അധ്യക്ഷ, സിഎസ് സുജാത തുടരും

തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ നിന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന പിപി ദിവ്യയെ ഒഴിവാക്കി. ഭാരവാഹിത്വത്തിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷൻ ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയായിരുന്നു പിപി ദിവ്യ.

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നാണ് പിപി ദിവ്യ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്. പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റി അംഗത്വത്തിൽ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കേസിലെ ഏക പ്രതിയാണ് പി പി ദിവ്യ.

Signature-ad

പിപി ദിവ്യയെ കൂടാതെ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സൂസൻകോടിയെയും മാറ്റി. കേന്ദ്രകമ്മിറ്റി അംഗം കെ എസ് സലീഖയാണ് പുതിയ അധ്യക്ഷ. സിഎസ് സുജാത സെക്രട്ടറി സ്ഥാനത്ത് തുടരും. ഇ പത്മാവതിയെ ട്രഷററായി തെരഞ്ഞെടുത്തു. കരുനാഗപ്പള്ളിയിലെ പാർട്ടി സമ്മേളനത്തിന്റെ ഭാഗമായുള്ള വിഭാഗീയതയുടെ പേരിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്നും സൂസൻ കോടിയെ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് ജനാധിപത്യമഹിളാ അസോസിയേഷൻ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത്.

ജനുവരി 25 മുതൽ 28 വരെ ഹൈദരാബാദിൽ നടക്കുന്ന പതിനാലാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടന്ന 14ാം സംസ്ഥാന സമ്മേളനത്തിലാണ് നേതൃത്വത്തിൽ അഴിച്ചുപണി നടന്നത്. 36 അംഗ എക്‌സിക്യൂട്ടീവിനെയും സമ്മേളനത്തിൽ തെരഞ്ഞെടുത്തു.

അതേസമയം ഭാരവാഹിത്വത്തിൽ നിന്നും പിപി ദിവ്യയെ ഒഴിവാക്കിയതല്ലെന്നും ചുമതല ഒഴിയണമെന്ന് ദിവ്യ ആവശ്യപ്പെടുകയായിരുന്നുവെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ പികെ ശ്രീമതി പറഞ്ഞു. ദിവ്യ കണ്ണൂരിൽ പ്രവർത്തനം തുടരുമെന്നും പി കെ ശ്രീമതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: