സഞ്ജുവിന്റെ കളി കണ്ടിട്ടൊന്നുമല്ല ചെന്നൈ സ്വന്തമാക്കിയത്, അതിന് ആവശ്യത്തിന് ഓപ്പണർമാർ ചെന്നെെയ്ക്കുണ്ട്!! പക്ഷെ സഞ്ജു എവിടെ കളിച്ചാലും കേരളത്തിൽ നിന്നുള്ള ആരാധകർ അയാൾക്കായി ആർത്തുവിളിക്കും, അവർ കളി കാണാൻ ഇരച്ചെത്തും… സമൂഹമാധ്യമങ്ങൾ ആഘോഷമാക്കും… ഐപിഎലിൽ ഒരു കളിക്കാരന് എത്രമാത്രം വിപണി മൂല്യമുണ്ടെന്നാണ് ഐപിഎൽ ഉടമകൾ ചിന്തിക്കുക- ഹനുമ വിഹാരി

ചെന്നൈ: ഇതുവരെയുള്ള ഐപിഎൽ ചരിത്രമെടുത്തുനോക്കിയാൽ ഒരുപക്ഷെ ഇതുപോലൊരു താരകൈമാറ്റത്തിന് ഒരു ആരാധകരും കാത്തിരുന്നിട്ടുണ്ടാകില്ല, ഒരു താരകൈമാറ്റവും ഇത്രയും ചർച്ചയായിട്ടുമുണ്ടാവില്ല. 2026 ഐപിഎൽ സീസണിനു മുന്നോടിയായി നടന്ന ഏറ്റവും വലിയ താര കൈമാറ്റമായിരുന്നു സഞ്ജു സാംസണിൻറേതെന്ന് നിസംശയം പറയാം. എന്നാൽ ക്രിക്കറ്റ് ലോകത്തിൻറെ ശ്രദ്ധ മാസങ്ങളോളം പിടിച്ചുപറ്റിയ ഈ കൈമാറ്റത്തിന് പിന്നിലെ അറിയാക്കഥകൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് വെറ്ററൻ ഇന്ത്യൻ താരം ഹനുമ വിഹാരി.
സഞ്ജുവിൻറെ ക്രിക്കറ്റ് കളി കണ്ടിട്ടോ, സാമ്പത്തിക കാരണങ്ങളാലോ അല്ല ചെന്നൈ സ്വന്തമാക്കിയതെന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിഹാരിയുടെ കണ്ടെത്തൽ സഞ്ജുവിൻറെ ആരാധകവൃന്ദമാണ് ചെന്നൈയെ ആകർഷിച്ചതെന്നും അതല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടെന്ന് കരുതാൻ വയ്യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഹാരിയുടെ വാക്കുകൾ ഇങ്ങനെ- ‘‘സഞ്ജുവിന് ദക്ഷിണേന്ത്യയിൽ വൻ ആരാധകരാണുള്ളത്. ഐപിഎലിൽ ക്രിക്കറ്റ് മാത്രമാണ് പ്രധാനമെന്ന് കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ക്രിക്കറ്റിനുമപ്പുറത്തേക്ക് ഒരു കളിക്കാരന് എത്രമാത്രം വിപണി മൂല്യമുണ്ടെന്നാണ് ഐപിഎൽ ഉടമകൾ ചിന്തിക്കുക. സഞ്ജു എവിടെ കളിച്ചാലും കേരളത്തിൽ നിന്നുള്ള ആരാധകർ സഞ്ജുവിനായി ആർത്തുവിളിക്കും. അവർ കളി കാണാൻ എത്തുകയും ചെയ്യും. സമൂഹമാധ്യമങ്ങളിലും ആഘോഷമാക്കും. അതല്ലാതെ അടുത്ത സീസണിൽ ഓപ്പണറാക്കാൻ വേണ്ടിയല്ല. ആവശ്യത്തിന് ഓപ്പണർമാർ ചെന്നൈയ്ക്കുണ്ട്.’’
അതുപോലെ സഞ്ജു ടീമിലേക്കു വരുന്നതിനു മുൻപ് തന്നെ അടുത്ത സീസണിലേക്ക് ചെന്നൈയ്ക്ക് ആവശ്യത്തിന് ഓപ്പണർമാരുണ്ടായിരുന്നു. ക്യാപ്റ്റന‍് ഋതുരാജ് ഗെയ്ക്‌വാദ്, ആയുഷ് മാത്രെ, ഉർവിൽ പട്ടേൽ തുടങ്ങിയവർ ഓപ്പണർമാരായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരാണ്. സഞ്ജു കൂടി എത്തുമ്പോൾ ഓപ്പണർമാർ തമ്മിലുള്ള മത്സരം കടുക്കുകയാണ് ചെയ്യുന്നത്.
അതേസമയം ചെന്നൈയിൽ സഞ്ജു ഓപ്പണറാവില്ലെന്നും മൂന്നാമനായി ഇറങ്ങാനാണ് സാധ്യതയെന്നും ഹനുമ വിഹാരി പറഞ്ഞു. ഗെയ്ക്വാദിനെ പോലെയൊരാൾ ഉള്ളപ്പോൾ സഞ്ജുവിനെ ഓപ്പണറാക്കേണ്ടതില്ല. പരുക്കിന് ശേഷം രാജസ്ഥാനായി സഞ്ജു മൂന്നാമനായാണ് ഇറങ്ങിയതെന്ന് ഓർക്കണമെന്നും വിഹാരി വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ സീസണിൽ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയതെങ്കിലും പരുക്കും ടീമിനുള്ളിലെ അസ്വസ്ഥതകളും താരത്തെ ഫ്രാഞ്ചൈസി മാറാൻ പ്രേരിപ്പിക്കുകയായിരുന്നു. 18 കോടിയുടെ കരാറിൽ സഞ്ജു ചെന്നൈയിൽ എത്തുകയായിരുന്നു. 2012 ൽ ഐപിഎലിൽ കൊൽക്കത്തയിലൂടെ അരങ്ങേറ്റം കുറിച്ച സഞ്ജു 2013ൽ രാജസ്ഥാനിലെത്തി. പിന്നീട് രണ്ട് സീസണുകളിൽ ഡൽഹി ഡെയർ ഡെവിൾസ് താരമായിരുന്നു. 2018ൽ വീണ്ടും രാജസ്ഥാൻ റോയൽസിലെത്തുകയായിരുന്നു. 2021ൽ ക്യാപ്റ്റനുമായി. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലുമെത്തി.
View this post on Instagram






