Breaking NewsCrimeKeralaLead NewsNEWSNewsthen Special

അയ്യപ്പന്റെ വാജിവാഹനം തന്ത്രിയുടെ വീട്ടില്‍നിന്ന് കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചു; വര്‍ഷങ്ങളുടെ പഴക്കം; 11 കിലോ തൂക്കം; ദ്വാരപാലക പാളി കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ശബരിമലയിലെ പഴയ കൊടിമരത്തിലുണ്ടായിരുന്ന ‘വാജിവാഹനം’ ഏറ്റെടുത്തു. തന്ത്രിയുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഈ വിഗ്രഹം കസ്റ്റഡിയിലെടുത്ത ശേഷം കൊല്ലത്തെ കോടതിയില്‍ ഹാജരാക്കി.

സ്വര്‍ണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ശബരിമലയിലെ സ്വര്‍ണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ വാജിവാഹനം തന്ത്രിയുടെ കൈവശമിരിക്കുന്നത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു.

Signature-ad

വാജിവാഹനം തന്റെ വീട്ടിലെ പൂജാമുറിയിലുണ്ടെന്ന് തന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പരമ്പരാഗതമായി തന്ത്രിമാര്‍ക്ക് ലഭിക്കുന്ന അവകാശമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ വിവാദമായതോടെ ഇത് തിരികെ എടുക്കണമെന്ന് കാട്ടി തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇത് ഏറ്റെടുക്കാന്‍ ദേവസ്വം കമ്മീഷണറെ ബോര്‍ഡ് ചുമതലപ്പെടുത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് നീണ്ടുപോയി.

കഴിഞ്ഞ ദിവസം തന്ത്രിയുടെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് അന്വേഷണ സംഘം വാജിവാഹനം കസ്റ്റഡിയിലെടുത്തത്. വിഗ്രഹം കോടതിയില്‍ ഹാജരാക്കിയ സാഹചര്യത്തില്‍, ഇത് ദേവസ്വം ബോര്‍ഡിന് കൈമാറുമോ അതോ കേസിന്റെ ഭാഗമായി സൂക്ഷിക്കുമോ എന്ന കാര്യത്തില്‍ കോടതിയാകും അന്തിമ തീരുമാനമെടുക്കുക.

വര്‍ഷങ്ങള്‍ പഴക്കമുള്ള ശില്‍പ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതാണ് വാജി വാഹനം. 2017ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജി വാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിനു കോടതി അനുമതി നല്‍കിയിട്ടുണ്ട്. ദ്വാരപാലക പാളി കേസില്‍ തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള അനുമതിയാണ് കൊല്ലം വിജിലന്‍സ് കോടതി നല്‍കിയത്. നിലവില്‍ കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുടരുകയാണ് കണ്ഠരര് രാജീവര്.

സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. 14 ദിവസത്തേക്ക് പത്മകുറിനെ റിമാന്‍ഡ് ചെയ്യാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്നത്തേക്ക് മാറ്റിയിരുന്നു. എ പത്മകുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

പന്ത്രണ്ടാം പ്രതി പങ്കജ് ഭണ്ഡാരിയും ഇന്ന് ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റും എസ്ഐടിയുടെ നടപടിക്രമങ്ങളും നിയമവിരുദ്ധമാണെന്ന് കാട്ടിയാണ് സ്മാര്‍ട്ട് ക്രിയേന്‍ സിഇഒ പങ്കജ് ഭണ്ഡാരി ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് ചെയ്തത് മതിയായ കാരണങ്ങള്‍ അറിയിക്കാതെയായിരുന്നുവെന്നും പങ്കജ് ഭണ്ഡാരി വാദിച്ചു. പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജിയില്‍ എസ്ഐടിയോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തില്‍ ഒരാഴ്ച്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. കേസ് അടുത്ത ബുധനാഴ്ച്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: