പരാതിക്കാരിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും കണ്ടെത്തൻ പോലീസ്, പീഡനം നടന്ന ഹോട്ടലിലടക്കം എത്തിച്ച് തെളിവെടുക്കും!! രാഹുൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ, ജാമ്യാപേക്ഷ പരിഗണിക്കുക 16ന്

പത്തനംതിട്ട∙ ബലാത്സംഗ പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു കോടതി. പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടി. എംഎൽഎയെ മൂന്നു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. രാഹുലിനെ ഇന്ന് കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. കസ്റ്റഡിയിൽ ലഭിച്ചതോടെ രാഹുലുമായി ഉടൻ എസ്ഐടി സംഘം തെളിവെടുപ്പ് ആരംഭിക്കും. അതേസമയം രാഹുലിന്റെ ജാമ്യാപേക്ഷ 16ന് പരിഗണിക്കും.
രാഹുലിനെ കസ്റ്റഡിയിൽ കിട്ടിയതോടെ പീഡനം നടന്ന പത്തനംതിട്ടയിലെ ഹോട്ടലിലടക്കം രാഹുലിനെ എത്തിച്ച് തെളിവെടുക്കാനാണ് പോലീസിന്റെ തീരുമാനം. പരാതിക്കാരിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും ഉൾപ്പെടെ കണ്ടെത്താനുണ്ട്. ഇതിനായി അടൂരും പാലക്കാടും രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
രാഹുൽ തന്നെ അതിക്രൂരമായ രീതിയിൽ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പീഡനത്തിനു പിന്നാലെ ഗർഭിണിയായെന്ന് അറിയിച്ചപ്പോൾ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. കൂടാതെ രാഹുൽ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും യുവതി ഇ–മെയിൽ മുഖേന നൽകിയ പരാതിയിൽ പറയുന്നു.






