സര്‍ അത് ഡോബര്‍മാനു വേണ്ടി ബുക്ക് ചെയ്ത സീറ്റാണ്; അത് ക്യാറ്റ് കോര്‍ണറാണ് സാര്‍ അവിടെ ഡോഗ്‌സിന് എന്‍ട്രിയില്ല; അബുദാബിയില്‍ ഇനി ഇങ്ങനയൊക്കെ കേള്‍ക്കാം ഹോട്ടലുകളില്‍

അബുദാബി: എന്തുണ്ട് കഴിക്കാന്‍ എന്നു ചോദിച്ചയാള്‍ക്ക് മുന്നില്‍ വെയ്റ്റര്‍ രണ്ടു മെനുകാര്‍ഡ് കൊണ്ടുവെച്ചു. ഒന്ന് എന്തുണ്ട് എന്ന് ചോദിച്ചയാള്‍ക്കുള്ള മെനു, രണ്ടാമത്തേത് അയാളുടെ വളര്‍ത്തുപട്ടിക്കുള്ള ഫുഡിന്റെ മെനു…
ഇത് അബുദാബി വളരെയടുത്ത് സാക്ഷ്യം വഹിക്കാന്‍ പോകുന്ന കാഴ്ചകളിലൊന്ന് മാത്രം.
അബുദാബിയിലെ ഹോട്ടലുകള്‍ പെറ്റ് ഫ്രണ്ട്‌ലി ഹോട്ടലുകളാവുകയാണ്. ഇതുവരെ മനുഷ്യര്‍ക്കു മാത്രമായി തുറന്നിരുന്ന അബുദാബിയിലെ ഹോട്ടലുകളുടെ വാതിലുകള്‍ അരുമകളായ വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടിയും തുറക്കപ്പെടും.
അബുദാബിയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇനി മുതല്‍ വളര്‍ത്തുമൃഗങ്ങളുമായി പ്രവേശിക്കാം. ഇതുസംബന്ധിച്ച നിലവിലുള്ള നിയമത്തില്‍ സുപ്രധാന ഭേദഗതി വരുത്തിക്കൊണ്ട് മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് ഉത്തരവിറക്കി. വളര്‍ത്തുമൃഗങ്ങളുമായി പൊതുസ്ഥലങ്ങളില്‍ എത്തുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.
പലര്‍ക്കും തങ്ങളുടെ ഓമനകളായ വളര്‍ത്തുമൃഗങ്ങളെ മാറ്റിനിര്‍ത്തി വാരാന്ത്യങ്ങളില്‍ ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാന്‍ വരേണ്ടി വന്നിരുന്നത് ബുദ്ധിമുട്ടും വിഷമവുമുണ്ടാക്കിയിരുന്നു. ഇത് മനസിലാക്കിയാണ് പ്രധാനപ്പെട്ട് നിയമഭേദഗതിയിലൂടെ അബുദാബി പുതിയ കാഴ്ചകള്‍ ഒരുക്കുന്നത്.

പൊതുജനാരോഗ്യം, ക്രമസമാധാനം, മൃഗനിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട 2012-ലെ രണ്ടാം നമ്പര്‍ നിയമത്തിലാണ് ഭരണകൂടം മാറ്റം വരുത്തിയത്. ഇതോടെ ടൂറിസം ലൈസന്‍സുള്ള ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഉടമസ്ഥരോടൊപ്പം എത്തുന്ന പൂച്ചകള്‍, നായ്ക്കള്‍ തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ അനുമതി ലഭിച്ചു. മുന്‍പ് സര്‍വീസ് മൃഗങ്ങള്‍ക്ക് മാത്രമായിരുന്നു അബുദാബിയിലെ ഹോട്ടലുകളുടെ അകത്തേക്ക് പ്രവേശനമുണ്ടായിരുന്നത്. അതായത് കാഴ്ചപരിമിതിയുള്ളവര്‍ക്ക് സഹായം നല്‍കുന്ന നായ്ക്കള്‍ക്കായിരുന്നു പ്രവേശനം. അതാണ് ഇപ്പോള്‍ എല്ലാ വളര്‍ത്തുമൃഗങ്ങള്‍ക്കുമായി തുറന്നിട്ടിരിക്കുന്നത്.
പുതിയ നിയമം വരുന്നത് കര്‍ശന നിയന്ത്രണ നിബന്ധനകളോടെയാണ് എന്നതും ഏറെ ശ്രദ്ദേയമാണ്. വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സ്ഥാപനങ്ങള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളും വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വളര്‍ത്തുമൃഗങ്ങള്‍ക്കായി ഹോട്ടലുകളില്‍ പ്രത്യേക ഇടങ്ങള്‍ മാറ്റിവയ്ക്കണം. പ്രധാനമായും തുറസ്സായ സ്ഥലങ്ങള്‍, ബാല്‍ക്കണികള്‍, ഔട്ട്ഡോര്‍ സീറ്റിങ്ങുകള്‍ എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് സൗകര്യം ഒരുക്കേണ്ടത്.

ഹോട്ടലുകളുടെ നയമനുസരിച്ച് അകത്തളങ്ങളില്‍ സൗകര്യം ഒരുക്കുന്നുണ്ടെങ്കില്‍, അവിടെ മറ്റ് അതിഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ സുരക്ഷയും ശുചിത്വവും ഉറപ്പാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പൊതുജനാരോഗ്യത്തെ ബാധിക്കാത്ത രീതിയിലായിരിക്കണം മൃഗങ്ങളെ പരിപാലിക്കേണ്ടതെന്ന് നിയമഭേദഗതിയില്‍ പ്രേേത്യകം നിഷ്‌കര്‍ഷിക്കുന്നു. മൃഗങ്ങളുടെ ക്ഷേമവും അതിഥികളുടെ സൗകര്യവും ഒരുപോലെ ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തുന്നു.
സര്‍ അത് ഡോബര്‍മാനു വേണ്ടി ബുക്ക് ചെയ്ത സീറ്റാണ്; അത് ക്യാറ്റ് കോര്‍ണറാണ് സാര്‍ അവിടെ ഡോഗ്‌സിന് എന്‍ട്രിയില്ല; അബുദാബിയിലെ ഹോട്ടലുകളില്‍ ഇനി ഇങ്ങനയൊക്കെ കേള്‍ക്കാം അധികം താമസിയാതെ തന്നെ. അബുദാബിയുടെ ടൂറിസം മേഖലയില്‍ ഈ പുതിയ തീരുമാനം വലിയ നേട്ടങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






