Breaking NewsKeralaLead NewsNEWSNewsthen Specialpolitics

എ ഐ കോണ്‍ഗ്രസിലെ ഗ്രൂപ്പല്ല; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലാണ് ഇനി സിപിഎമ്മിന്റെ കളി; സുബ്രഹ്‌മണ്യന്‍ ഒരൊറ്റ ദിവസം കൊണ്ട് താരമായി; കസ്റ്റഡിയിലെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

 

കോഴിക്കോട്: എ ഐ എന്നാല്‍ പണ്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളായിരുന്നു. അന്ന് അതുകൊണ്ട് കോണ്‍ഗ്രസ് പാടുപെട്ടിട്ടുണ്ട്. ഇന്ന് എ ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് കോണ്‍ഗ്രസിന് തലവേദന.
കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ ഐ നിര്‍മ്മിത ചിത്രം പങ്കുവെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തതോടെ എ ഐയുടെ പേരില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് കളത്തിലിറങ്ങിക്കഴിഞ്ഞു.

Signature-ad

എ ഐ ഉപയോഗിച്ച് ആര്‍ക്കും എന്തുമാകാമെന്ന് വിചാരിക്കേണ്ട എന്ന നിലപാടാണ് സിപിഎം ഈ കേസിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കേരളത്തിലെ പോലീസ് എകെജി സെന്ററിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍.സുബ്രഹ്‌മണ്യന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഈ കാട്ടാള സംസ്‌കാരം ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണെന്ന് സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്തതില്‍ കോപാകുലനായി കെ.സി വേണുഗോപാലും ചോദിച്ചിട്ടുണ്ട്.

സ്വര്‍ണക്കൊള്ളക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തതിനാണ് തനിക്കെതിരെ കേസെന്ന് പറയുന്ന സുബ്രഹ്‌മണ്യന്‍ അതേ ചിത്രം പങ്കുവെച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ ബിജെപി നേതൃത്വവും വെട്ടിലാവുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ നടപടിയെടുക്കാത്തത് സിപിഎം ബിജെപി സ്‌നേഹബന്ധം കൊണ്ടാണെന്ന് പറയുന്നവരും കുറവല്ല.

സുബ്രഹ്‌മണ്യനെ കസ്റ്റഡിയിലെടുത്തത് വലിയവിഷയമാക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
പ്രാതല്‍ പോലും കഴിക്കാന്‍ അനുവദിക്കാതെയാണ് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന് സുബ്രഹ്‌മണ്യന്‍ ആരോപിക്കുന്നു. ഇടയ്ക്കിടെ സിഐയെ ഉന്നതനായ ആരോ വിളിച്ച് നിര്‍ദ്ദേശം കൊടുത്തു. ആദ്യം സ്റ്റേറ്റ്മെന്റ് വേണമെന്നാണ് തന്നോട് പറഞ്ഞത്. സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനിടെ ആരോ വിളിച്ച് കസ്റ്റഡിയിലെടുക്കണമെന്ന് പറഞ്ഞു. രാവിലെയുള്ള മരുന്ന് കഴിക്കാനായില്ല, പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റാനോ പ്രാതല്‍ കഴിക്കാനോ ആയില്ലെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

പോലീസിന്റെ ഹരാസ്മെന്റാണ്. ഇത് കേരളത്തിലെ എകെജി സെന്ററിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. എന്തൊക്കെ ഉണ്ടായാലും കേരളത്തിലെ സ്വര്‍ണക്കൊള്ളക്കാരെ പുറത്തുകൊണ്ട് വരാനുള്ള പോരാട്ടം കോണ്‍ഗ്രസ് നടത്തുമ്പോള്‍ അതിന്റെ മുന്നണിപ്പോരാളികളായി ഞങ്ങളുണ്ടാകും. അറസ്റ്റ് ചെയ്താലും ജയിലിലടച്ചാലും പിണറായി വിജയന്റെ സര്‍ക്കാരിനെ പുറത്താക്കാനുള്ള പോരാട്ടത്തില്‍ മുന്നിലുണ്ടാകുമെന്നാണ് സുബ്രഹ്‌മണ്യത്തിന്റെ പ്രഖ്യാപനം.

കൊലക്കേസിലെയോ കൊള്ളക്കേസിലെയോ പ്രതികളെ പിടികൂടുന്നതുപോലെയാണ് സുബ്രഹ്‌മണ്യത്തിന്റെ വീട് െോലീസ് വളഞ്ഞതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഒരാള്‍ക്കും വിമര്‍ശിക്കാന്‍ കഴിയാത്ത ആളായി മുഖ്യമന്ത്രി മാറി. കേന്ദ്രത്തില്‍ മോദിയും അമിത്ഷായും നടപ്പാക്കുന്നതിന്റെ കാര്‍ബണ്‍ പതിപ്പാണ് മുഖ്യമന്ത്രി ഇവിടെ നടപ്പാക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.

അപ്പോള്‍ എ ഐ ഉപയോഗിച്ച് സുബ്രഹ്‌മണ്യന്‍ സാങ്കല്‍പിക ചി്ത്രം നിര്‍മിച്ച് ഷെയര്‍ ചെയ്തത നിയമത്തിന് എതിരല്ലേ എന്ന ചോദ്യത്തിനും വേണുഗോപാല്‍ മറുപടി പറയുന്നു.
നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നതിന് ആരും എതിരല്ല. എന്നാല്‍ ഈ കേസില്‍ സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്യുന്ന രീതി കണ്ടാല്‍, കൊലക്കേസിലെയോ കൊള്ളനടത്തിയ ആളുടെയോ വീടുപോലെ പോലീസ് വളഞ്ഞു. എന്താണ് ഉദ്ദേശിക്കുന്നത്. ഈ കാട്ടാള സംസ്‌കാരം ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണ്. പോലീസിനെ രാഷ്ട്രീയപ്രേരിതമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നടപടിയാണ് കേരളത്തില്‍ നടക്കുന്നത്. നിയമം എല്ലാവര്‍ക്കും ബാധകമല്ലേ. സര്‍ക്കാരിന്റെ ഇരട്ടനീതിയാണ്. ഇതുകൊണ്ടൊന്നും സ്വര്‍ണക്കൊള്ള മറക്കില്ല- കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് സുബ്രഹ്‌മണ്യത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ബിഎന്‍എസ് 122 വകുപ്പുകള്‍ പ്രകാരം ചേവായൂര്‍ പോലീസായിരുന്നു സുബ്രഹ്‌മണ്യത്തിനെതിരെ സ്വമേധയാ കേസെടുത്തത്. പിണറായി വിജയനും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയായിരുന്നു എന്‍. സുബ്രഹ്‌മണ്യന്‍ ചിത്രം പങ്കുവെച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: