പുതുവര്‍ഷ മെഗാ ഓഫറുമായി കോണ്‍ഗ്രസ്; പദവികള്‍ വില്പനയ്ക്ക്; ലാലി പറഞ്ഞത് സത്യമാണെങ്കില്‍ കോണ്‍ഗ്രസിനിത് അപചയത്തിന്റെ അവസാനകാലം; മതസാമുദായിക സംഘടനകള്‍ക്കും ആശങ്ക; ലാലിയുടെ ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തം

തൃശൂര്‍; സസ്പെന്റു ചെയ്യപ്പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ സത്യമാണെങ്കിലും അല്ലെങ്കിലും ആരോപണം കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും ചൂടേറിയ ചര്‍ച്ച.
പണം വാങ്ങി കോണ്‍ഗ്രസ് പദവികളും സ്ഥാനമാനങ്ങളും വില്‍ക്കുന്നുവെന്ന ആരോപണം കേരളത്തിലെ കോണ്‍ഗ്രസിനെ മാത്രമല്ല ദേശീയതലത്തില്‍ തന്നെ നാണക്കേടിലാക്കിയിട്ടുണ്ട്.
കോഴവിവാദങ്ങള്‍ കോണ്‍ഗ്രസിന് പുത്തരിയല്ലെങ്കിലും പദവികള്‍ വില്‍ക്കാനായി സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നത് ഇതാദ്യമായിരിക്കും.
ലാലി ജെയിംസ് ഉന്നയിച്ച ആരോപണം പാര്‍ട്ടി നേതൃത്വം തമാശയായി മാത്രമേ എടുത്തിട്ടുള്ളുവെങ്കിലും ആരോപണം ഉന്നയിച്ച ലാലിയെ സസ്പെന്റു ചെയ്തെങ്കിലും അതത്ര നിസാരമായി കാണുന്നില്ല എന്നതാണ് സത്യം.
ലാലി ഉന്നയിച്ച ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്.

കോണ്‍ഗ്രസിനെ എന്നും നിയന്ത്രിക്കുന്ന സമുദായിക സമവാക്യങ്ങളും ഗ്രൂപ്പ് ആധിപത്യവുമെല്ലാം പിന്നിലേക്ക് മാറി പകരം പണത്തിന്റെ പരുന്തുകള്‍ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നാണ് ലാലിയുടെ വെളിപ്പെടുത്തലുകള്‍ പറയുന്നത്.
ഇതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ തറപ്പിച്ചു പറയാം ഇത് കോണ്‍ഗ്രസിന്റെ ശവകൂടീരത്തിലെ അവസാനത്തെ ആണിയാണ്. ജനാധിപത്യ പാര്‍ട്ടിയെന്ന് കൊട്ടിഘോഷിച്ചൊടുവില് പണാധിപത്യത്തിന് കീഴടങ്ങുന്ന ദയനീയ കാഴ്ചയാണ് തൃശൂരില്‍ തെളിയുന്നത്.
പണം ചോദിക്കാനും പണം കൊടുക്കാനും ആളുകള്‍ തയ്യാറുള്ള സ്ഥിതിയില്‍ കോണ്‍ഗ്രസില്‍ ലാലി പറഞ്ഞത് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഇനിയങ്ങോട്ട് ഫോര്‍ സെയില്‍ കാലം മാത്രമായിരിക്കും.
എന്തും ഏതും ഫോര്‍ സെയില്‍ ടാഗ് കെട്ടി വില്‍ക്കുന്ന ഇന്ത്യ മഹാരാജ്യത്ത് വില്പനമാമാങ്കത്തിന് കോണ്‍ഗ്രസ് ഇറങ്ങിപ്പുറപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അവസാനത്തെ വേരറ്റു പോകാന്‍ പിന്നെയധികം താമസമുണ്ടാകില്ലെന്നതില് സംശയമില്ല.

തൃശൂരില്‍ ഉയര്‍ന്നിട്ടുള്ള ആരോപണം പദവി കിട്ടാതെ പോയ ലാലിയുടെ വിലാപം മാത്രമായി കാണരുതെന്നും വളരെ ഗൗരവത്തില്‍ കണ്ട് ഇതിനെ കൈകാര്യം ചെയ്യണമെന്നുമുള്ള ആവശ്യം പലരും ഉന്നയിച്ചിട്ടുണ്ട്.
അഗ്നിശുദ്ധി വരുത്തി നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത കോണ്‍ഗ്രസിന് മാത്രമാണ്. വരാനിരിക്കുന്ന ദിവസങ്ങളില്‍, തെരഞ്ഞെടുപ്പ് പ്രചരണവേദികളില്‍, പരസ്പരം കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങളിലെല്ലാം ലാലിയുടെ ആരോപണം ഇനി കാലങ്ങളോളം ഉന്നയിക്കപ്പെടും.
പണ്ടൊക്കെ സഭ പറഞ്ഞാലോ സമുദായം പറഞ്ഞാലോ ഏതെങ്കിലും മതാധ്യക്ഷന്മാരോ സമുദായ നേതാക്കളോ പറഞ്ഞാലോ സ്ഥാനവും പദവിയും വീതം വെച്ചുകൊടുത്തിരുന്ന ശീലങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് മാറുന്നതില്‍ മതസാമുദായിക സംഘടനകളും അസ്വസ്ഥരാണ്. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസില്‍ തങ്ങള്‍ക്കുണ്ടായിരുന്ന വോയ്സ് നഷ്ടപ്പെടുകയാണോ എന്ന ആശങ്കയിലാണ് സ്ഥാനാര്‍ഥികളെ വരെ നിശ്ചയിച്ചുറപ്പിച്ചു കല്പ്പിച്ചു നല്‍കിയിരുന്ന കേരളത്തിലെ മതസാമുദായിക സംഘടനകള്‍. ലാലി തൊടുത്തുവിട്ട ആരോപണം ചെന്നു കൊള്ളുന്നത് അവര്‍ക്കു കൂടിയാണ്.
ആരോപണങ്ങള്‍ അന്വേഷിച്ച് നെല്ലും പതിരും തിരിക്കണമെന്ന് അവരും ആവശ്യപ്പെടാനൊരുങ്ങുന്നുണ്ട്.




