മുല്ലപ്പള്ളി മുന്‍കൂട്ടി കണ്ടു മൂന്നുമുഴം മുന്നേയെറിഞ്ഞു; അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍; അന്‍വറിന് മുല്ലപ്പള്ളിയുടെ നടയടി; അന്‍വര്‍ സംയമനം പാലിക്കണം

കോഴിക്കോട്: മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നും അങ്ങനെയാണ്, എല്ലാം മുന്‍കൂട്ടി കണ്ട്് മൂന്നുമുഴം മുന്നേയെറിയാന്‍ മുല്ലപ്പള്ളി മിടുക്കനാണ്. അധ്യയനവര്‍ഷാരംഭത്തില്‍ നാട്ടിലെ കുട്ടികളെ മുഴുവന്‍ തങ്ങളുടെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സ്‌കൂളുകാര്‍ പാടുപെടും പോലെ ചേരാനും ചാടാനും തയ്യാറായി നില്‍ക്കുന്ന മറ്റു പാര്‍ട്ടിക്കാരെ മുഴുവന്‍ ചേര്‍ത്തുനിര്‍ത്താന്‍ യുഡിഎഫ് തയ്യാറാകുന്നത് കണ്ടിട്ടാണ് മുല്ലപ്പള്ളി ഈ ഒപ്പം നിര്‍ത്തലിനെ വിമര്‍ശിച്ചത്. അതൊരു മുന്നറിയിപ്പും താക്കീതും ഓര്‍മപ്പെടുത്തലുമായിരുന്നു.

അവസരസേവകന്മാരുടെ അവസാന അഭയകേന്ദ്രമായി യുഡിഎഫ് മാറരുതെന്നും വഴിയമ്പലമായി യുഡിഎഫിനെ നോക്കിക്കാണാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞത് കയ്യടി നേടാനല്ല കയ്യിലുള്ളത് യുഡിഎഫിന് പോകാതിരിക്കാനാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി മുന്നണി വിപുലീകരണവുമായി ലക്കുംലഗാനുമില്ലാതെയാണ് യുഡിഎഫ് മുന്നോട്ടു പോകുന്നതെന്ന് പലര്‍ക്കും തോന്നിയ ഘട്ടത്തിലാണ് മുല്ലപ്പള്ളിക്ക് ഇങ്ങനെ പറയേണ്ടി വന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസിയുടെ മുന്‍ അധ്യക്ഷനുമായ മുല്ലപ്പള്ളിക്ക് യുഡിഎഫിലേയും കോണ്‍ഗ്രസിലേയും കാര്യങ്ങള്‍ നന്നായി അറിയാവുന്നതുകൊണ്ട് പറയേണ്ട കാര്യങ്ങള്‍ നേരത്തെ തന്നെ പറഞ്ഞുവെച്ചതാണ്. അന്‍വറിനേയും ജാനുവിനേയുമൊക്കെ കൂടെ ചേര്‍ത്ത് യുഡിഎഫ് ജംബോ സംഘടനയായി മാറുന്നത് കണ്ടപ്പോഴാണ് ഒരു കണ്‍ട്രോളൊക്കെ വേണ്ടേ മുന്നണിക്കെന്ന് മുല്ലപ്പള്ളിക്ക് തോന്നിയത്.
യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ ത്വരപൂണ്ടു നില്‍ക്കുന്ന പി.വി.അന്‍വറിനെ ജയിലിലേക്ക് കടക്കുമ്പോള്‍ ജയില്‍പുള്ളികള്‍ക്ക് കൊടുക്കുന്ന നടയടി പോലെ മുല്ലപ്പള്ളിയും ഒന്നു കൊടുത്തു. പി.വി.അന്‍വര്‍ അല്പം സംയമനം പാലിക്കണം. അത് എവിടെയായാലും. മുന്നണിയിലായാലും പാര്‍ട്ടിയില്‍ ആയാലും അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുന്നതും പരസ്യപ്രസ്താവന നടത്തുന്നതും ഗുണകരമാവില്ല. അവസരസേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ മുന്നണിയില്‍ ഉള്‍പ്പെടുത്താവു. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാര്‍ട്ടിയെ കുറിച്ച് തനിക്ക് അറിയുക പോലുമില്ല. അദ്ദേഹം ആരാണെന്ന് പോലും അറിയില്ല – എന്ന് മുല്ലപ്പള്ളി തുറന്നടിക്കുമ്പോള്‍ മുന്നണി വിപുലീകരണം യുഡിഎഫില്‍ ചര്‍ച്ച ചെയ്യാതെ ആരുടെയെങ്കിലുമൊക്കെ താത്പര്യം സംരക്ഷിക്കാനെടുത്ത തീരുമാനമാണോ എന്നുപോലും സാധാരണക്കാരന് തോന്നിപ്പോകും.
എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്നു പറഞ്ഞാല്‍ അതിന് പ്രയാസമുണ്ട്. എല്ലാവര്‍ക്കും എംഎല്‍എ സ്ഥാനം വേണമെന്ന് പറഞ്ഞാല്‍ അതും അംഗീകരിക്കാന്‍ പ്രയാസമുണ്ട്. അതുകൊണ്ട് ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യജനാധിപത്യ മുന്നണിയെ നോക്കി കാണാന്‍ സാധ്യമല്ലയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പി.വി.അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം.

പലതും തുറന്നുപറയാനും തുറന്നടിക്കാനുമുള്ള മൂഡിലായിരുന്നു മുല്ലപ്പള്ളി കെ.കരുണാരന്‍ അനുസ്മരണ പരിപായില്‍. ഒരുപാട് നന്ദികേട് ജീവിതത്തില്‍ നേരിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആര്‍ക്കൊക്കെ സഹായം ചെയ്തിട്ടുണ്ടോ അവരെല്ലാം പുറത്തുനിന്നു കുത്തിയിട്ടുണ്ട്. അധികാരം നഷ്ടപെടുമ്പോള്‍ ആരും കൂടെ ഉണ്ടാവില്ല എന്ന് എല്ലാവരും ഓര്‍ക്കണം. തന്നെയും ലീഡറെയും ചിലര്‍ അകറ്റാന്‍ ശ്രമിച്ചു. അവസാന നാളില്‍ ലീഡറെ കാണാന്‍ ഞാന്‍ തയ്യാറായില്ല. അന്ത്യാഭിലാഷം ആണെന്ന് പറഞ്ഞു കാറുമായി കെ വി തോമസിനെ പറഞ്ഞയച്ചപ്പോഴാണ് താന്‍ കാണാന്‍ തയ്യാറായത്. അന്ന് എന്നെയും ലീഡറെയും അകറ്റിയവരുടെ പേരുകള്‍ ലീഡര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി പറഞ്ഞതും മുന്നറിയിപ്പ് നല്‍കിയതുമെല്ലാം ഗൗരവത്തിലെടുക്കേണ്ട കാര്യങ്ങള്‍ തന്നെയാണ്. ആളുകൂടിയാല്‍ പാമ്പു ചാവില്ലെന്ന് പറയും പോലെ യുഡിഎഫില്‍ ഘടകകക്ഷികളുടെ എണ്ണം കൂടിയതുകൊണ്ട് ഗുണമുണ്ടാകണമെന്നില്ല എന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.
മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും മത്സരിക്കണ്ട എന്ന് പറഞ്ഞാലും പിന്തുണയ്ക്കുമെന്ന് പറഞ്ഞ അന്‍വര്‍ വാക്കുംനയവും മാറ്റുമോ എന്ന ആശങ്ക പലര്‍ക്കുമുള്ളിലുണ്ടെങ്കിലും ആരും തുറന്നുപറഞ്ഞില്ല, മുല്ലപ്പളളിയൊഴികെ.






