Breaking NewsCrimeKeralaLead NewsNEWS

കളങ്കാവലല്ല കൈക്കൂലിക്കാവല്‍; ജയിലില്‍ പരോള്‍മാഫിയയുടെ ഓണ്‍ലൈന്‍ അഴിഞ്ഞാട്ടം; എത്ര കൊടിയ ക്രിമിനലിനും പരോള്‍ കിട്ടും കൈക്കൂലി കൊടുത്താല്‍; കേരളത്തില്‍ പരോളിനും കൈക്കൂലി; മുന്‍കാല പരോളുകള്‍ അന്വേഷിക്കണമെന്നാവശ്യം ശക്തം;ജയിലുകളില്‍ പരിശോധന വരും; കൈക്കൂലി വാങ്ങിയ ഡിഐജിക്ക് പേരിനൊരു സസ്‌പെന്‍ഷന്‍

 

തൃശൂര്‍: എത്ര കൊടിയ ക്രിമിനലാണെങ്കിലും കാശുവീശിയെറിഞ്ഞാല്‍ ജയിലില്‍ നിന്ന് പരോള്‍ കിട്ടി സുഖമായി പുറത്തിറങ്ങാമെന്നും വീണ്ടും കാശെറിഞ്ഞാല്‍ പരോള്‍ നീട്ടിക്കിട്ടുമെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വിശദമായി അന്വേഷിക്കും.
കേരള രാഷ്ട്രീയത്തില്‍ ഇപ്പോഴും അലയൊലികള്‍ തീര്‍ത്തുകൊണ്ടിരിക്കുന്ന ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന്റെ അകത്തളക്കഥകള്‍ പുറത്തുവന്നതോടെയാണ് പരോളുകള്‍ അനുവദിക്കുന്നതിലെ അഴിമതിയും കൈക്കൂലിവാങ്ങലും വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ കേരളത്തിലെ പരോള്‍ വിവാദം കേന്ദ്രം നേരിട്ട് അന്വേഷിക്കുമെന്നും സൂചനകളുണ്ട്.

Signature-ad

പല പ്രമാദമായ കേസുകളിലും പെട്ടവര്‍ക്ക് പരോള്‍ ലഭിച്ച മുന്‍കാല ഫയലുകള്‍ വിശദമായി പരിശോധിക്കാനാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കെല്ലാം പരോള്‍ കിട്ടാറുണ്ടെന്നത് ഏതു സംസ്ഥാനത്തും നടക്കുന്ന കാര്യമാണെങ്കിലും കേരളത്തില്‍ ഇത്തരമൊരു വിഷയത്തില്‍ അന്വേഷണം വരുന്നത് ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം.

 

കേരളത്തിലെ ജയിലുകളിലെല്ലാം ഇതുമായി ബന്ധപ്പെട്ട പരിശോധന സംസ്ഥാന സര്‍ക്കാര്‍ തന്നെ അടിയന്തിരമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഇതു സംബന്ധിച്ച് എന്തെങ്കിലും ചോദ്യമോ അന്വേഷണമോ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടിയെക്കുറിച്ച് പറയേണ്ടി വരുമെന്നതുകൊണ്ടുതന്നെ കണ്ണില്‍ പൊടിയിടാനെങ്കിലും സംസ്ഥാന ജയില്‍ വകുപ്പും ആഭ്യന്തരവകുപ്പും അന്വേഷണവും പരിശോധനകളും നടത്തുമെന്നുറപ്പാണ്.

 

ടി.പി കേസിലെ പ്രതികള്‍ക്ക് ഇടക്കിടെ പരോള്‍ കിട്ടുമ്പോള്‍ തന്നെ അതെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും പ്രതികള്‍ പലര്‍ക്കും വേണ്ടപ്പെട്ടവരായതിനാല്‍ അതിനെക്കുറിച്ച് ഫോളോ അപ്പുകള്‍ ഉണ്ടായില്ല.

 

എന്നാല്‍ ടി.പികേസിലെ പ്രതിയുടെ പരോളിന് ജയില്‍ ഡിഐജി കൈക്കൂലി വാങ്ങിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴാണ് കറക്ഷന്‍ ഹോം എന്നറിയപ്പെടുന്ന ജയില്‍ കറപ്ഷന്‍ ഹോം ആണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞത്.
കാശു വീശിയെറിഞ്ഞാല്‍ പരോള്‍ കിട്ടും പിന്നെയും കാശെറിഞ്ഞാല്‍ പരോള്‍ നീട്ടിക്കിട്ടും എന്നാണ് മുകളില്‍ പിടിപാടുണ്ടെങ്കില്‍ ജയിലുകളിലെ സ്ഥിതിയെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു.

 

എന്തായാലും ടി.പി.കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങി അവര്‍ക്ക് നിര്‍ലോഭം പരോള്‍ അനുവദിച്ച ഡിഐജി വിനോദ്കുമാറിനെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇത്രയും ഗുരുതരമായ കുറ്റത്തിന് തല്‍ക്കാലം സസ്‌പെന്‍ഷന്‍ മാത്രമായിരിക്കും ശിക്ഷ. വിനോദ് കുമാര്‍ മാത്രമല്ല ഈ പരോള്‍മാഫിയയിലെ കണ്ണികളെന്നും സംശയങ്ങളുണ്ട്. കൊടും ക്രിമിനലുകള്‍ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങി വിലസാന്‍ ലക്ഷങ്ങളും കോടികളും ആരു വാരിവിതറി എന്നതും അന്വേഷിക്കേണ്ട കാര്യമാണ്. പ്രതികളുടെ ബന്ധുക്കള്‍ എന്ന് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും ഉന്നതര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടി വരും. ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ എംഎല്‍എ തന്നെ ഇത് ആവശ്യപ്പെട്ടു കഴിഞ്ഞു.

കള്ളും കഞ്ചാവും മയക്കുമരുന്നും പണം വാങ്ങി ജയിലില്‍ വില്‍ക്കുന്ന ക്രിമിനില്‍ കച്ചവടത്തിലേക്ക് പരോള്‍ കൂടി ചേര്‍ത്തുവെക്കുകയാണ് ജയില്‍ അധികാരികള്‍ എന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്.
കാശുണ്ടെങ്കില്‍ പരോള്‍കിട്ടി പുറത്തിറങ്ങാം, ഇല്ലെങ്കില്‍ അകത്ത് കിടക്കാം എന്നാണ് ജയിലകത്തു നിന്നും വിജിലന്‍സ് പുറത്തുകൊണ്ടുവന്നിരിക്കുന്ന വിവരം. ജയിലിലെ എമ്പുരാന്‍മാരെ കാണേണ്ട വിധം കണ്ടാല്‍ എത്രകാലം വേണമെങ്കിലും സ്വാതന്ത്ര്യത്തിന്റെ രുചിയറിഞ്ഞ് ഔദ്യോഗികമായി ജയില്‍ ചാടി പുറത്ത് വിലസിനടക്കാം എന്നാണ് വിജിലന്‍സ് നല്‍കുന്ന വിവരങ്ങളില്‍ നിന്ന് ഊഹിച്ചെടുക്കാവുന്ന സത്യം. പര്‍ച്ചേയ്‌സിംഗ് കപ്പാസി്റ്റി കൂടുതലുള്ള പ്രതിക്ക് കൂടുതല്‍ കാലം പുറത്തുല്ലസിക്കാം.

കൈക്കൂലിപണം നേരിട്ട് വാങ്ങി കുരുക്കിലാകാന്‍ ജയില്‍ ഡിഐജി തലവെച്ചുകൊടുത്തില്ല, പകരം ഗൂഗിള്‍പേ വഴി പണം കൈപ്പറ്റി. കൈക്കൂലിപ്പണം സ്വീകരിക്കാന്‍ പ്രത്യേക അക്കൗണ്ടു തന്നെ സെറ്റു ചെയ്തിരുന്നതായാണ് അഭ്യൂഹം. ഭാര്യയുടെ അക്കൗണ്ടിലേക്കും ജി പേയിലേക്കും വരെ ഇത്തരത്തില്‍ പ്രതികളുടെ ബന്ധുക്കള്‍ പണം ഇട്ടുകൊടുത്തെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതെല്ലാം ഇനി വിശദമായി അന്വേഷിക്കുമ്പോഴേക്കും കാലം കുറേ കഴിയും, എല്ലാവരും ഇതൊക്കെ മറക്കും, പ്രതികള്‍ പതിയെ രക്ഷപ്പെടുകയും ചെയ്യും.

പരോള്‍ ലഭ്യമാക്കാന്‍ മാത്രമല്ല പരോള്‍ നീട്ടിനല്‍കാനും ജയിലില്‍ സൗകര്യങ്ങളൊരുക്കാനുമൊക്കെയായി എട്ടു തടവുകാരുടെ ബന്ധുക്കളില്‍നിന്ന് 1.80 ലക്ഷം രൂപ വാങ്ങിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.

ജയില്‍ ഡിഐജിക്ക് ഭരണ നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. അതുകൊണ്ടുതന്നെ തനിക്ക് താത്പര്യമുള്ള പരോള്‍ കേസുകള്‍ യാതൊരു നൂലാമാലകളുമില്ലാതെ പാസാക്കാന്‍ ഡിഐജിക്ക് സാധിച്ചിരുന്നുവെന്നാണ് പറയുന്നത്.
ഭരണ നേതൃത്വവുമായി അടുപ്പമുള്ള ഇദ്ദേഹം ജയില്‍ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നുവെന്നും വിയ്യൂര്‍ ജയിലിലെ തടവുകാര്‍ക്കു സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജന്റാക്കിയെന്നും പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലുണ്ട്. സസ്‌പെഷനോടൊപ്പം വിനോദ് കുമാറിന്റെ അനധികൃത സ്വത്തുസമ്പാദനവും അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.

 

സസ്‌പെന്‍ഷന്‍ വിനോദ് കുമാറിന് പുത്തരിയല്ലെന്ന് സര്‍വീസ് റെക്കോര്‍ഡുകള്‍ കാണിക്കുന്നു.
സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടായിരുന്നപ്പോള്‍ ഇദ്ദേഹം സസ്‌പെന്‍ഷനിലായിട്ടുണ്ട്. എന്നാല്‍ പിടിപാെേടയുള്ള അദ്ദേഹത്തിന് തനിക്കെതിരെയുള്ള വകുപ്പുതല അന്വേഷണങ്ങളെല്ലാം ഒതുക്കാന്‍ വലിയ പാടുപെടേണ്ടി വന്നില്ലെന്നാണ് ജയിലക വര്‍ത്തമാനം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡിഐജിയായ വിനോദ് കുമാറിനെ ജയില്‍ ആസ്ഥാനത്ത് നിയമിച്ചു.
ഇദ്ദേഹത്തെക്കുറിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ
പരാതികളേറുകയും ജോലിയില്‍ വീഴ്ച വരുത്തുകയും ചെയ്തപ്പോള്‍ ജയില്‍ ആസ്ഥാനത്തുനിന്നു മാറ്റണമെന്ന് ജയില്‍ മേധാവിമാര്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലത്രെ. വിരമിക്കാന്‍ നാല് മാസം ബാക്കിനില്‍ക്കെയാണ് വിജിലന്‍സ് കേസില്‍ കുടുങ്ങിയത്.

ടി.പി.കേസിലെ പ്രതികള്‍ക്ക് ജയിലില്‍ കുളിച്ചുണ്ടുല്ലസിക്കാന്‍ എല്ലാ സൗകര്യങ്ങളും സിപിഎം ചെയ്തുകൊടുക്കുന്നുവെന്ന ആരോപണവും പരാതിയും പ്രതികള്‍ ജയിലിനകത്തേക്ക് കയറിയതു മുതല്‍ ഉയരുന്ന ആക്ഷേപങ്ങളാണ്. ഇതെല്ലാം ശരിവെക്കുന്ന നിരവധി തെളിവുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ജയില്‍ ഭരിക്കാനും നിയന്ത്രിക്കാനും അധികാരപ്പെട്ടയാള്‍ തന്നെ കുറ്റവാളികള്‍ക്ക് സകല ഒത്താശകളും ചെയ്തുകൊടുത്തെന്ന വിവരം പുറത്തുവരുമ്പോള്‍ ആരോപണങ്ങളും ആക്ഷേപങ്ങളും കെട്ടുകഥയല്ലെന്ന് തെളിയുകയാണ്.

 

2024 ഡിസംബര്‍ മുതല്‍ ജൂലൈ 21 വരെയുള്ള ഏഴു മാസത്തിനിടെ മൂന്ന് തവണയായി കൊടി സുനിക്ക് 60 ദിവസത്തെ പരോള്‍ അനുവദിച്ചു. പുറത്തിറങ്ങി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ആരും ഗൗനിച്ചില്ല.

കഴിഞ്ഞ ജൂലൈയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വധിച്ച കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു തലശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോള്‍ കൊടി സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ മദ്യപിച്ചത് പോലീസിന്റെ കാവലിലായിരുന്നു. ജയിലില്‍ സ്വന്തം ഫോണ്‍ ഉപയോഗിച്ചതും വിവാദമായിരുന്നു.

ജയിലകം സ്വന്തം തറവാടു പോലെ കരുതുന്ന ക്രിമിനലുകള്‍ വിയ്യൂരടക്കമുള്ള ജയിലുകളില്‍ എല്ലാകാലത്തുമുണ്ടായിട്ടുണ്ട്. ഒരു മൊബൈല്‍ ഷോപ്പില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് പിടികൂടിയത് ഒരു മേലധികാരിയേയും അറിയിക്കാതെ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറായിരുന്ന യതീഷ് ചന്ദ്ര നടത്തിയ ഒരു അപ്രതീക്ഷിത പുലര്‍കാല റെയ്ഡിലാണ്.
മയക്കുമരുന്നും കഞ്ചാവും ജയിലിനകത്ത് സുലഭമാണെന്നത് ഇന്ന് രഹസ്യമല്ല.
ഇനി പരോളും കിട്ടും ഈസിയായി എന്ന് ഏമാന്‍മാര്‍ പണം വാങ്ങി കാണിച്ചുകൊടുത്തതു കൊണ്ട് അതും തുടരും….

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: