ഇതു താന്‍ടാ കോണ്‍ഗ്രസ്; അടൂര്‍ പ്രകാശിനെ തള്ളി കെപിസിസി; കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് സണ്ണി ജോസഫ്; മുന്നണിയുടെ പേരില്‍ അഭിപ്രായം വേണ്ടെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: അഞ്ചാളും പതിനഞ്ച് അഭിപ്രായവും അതാണ് കോണ്‍ഗ്രസ് എന്ന് പറയാറുണ്ട്. ഇതു താന്‍ടാ കോണ്‍ഗ്രസ് എന്ന് മാങ്കൂട്ടത്തില്‍ കൊച്ചിന്റെ കാര്യത്തില്‍ കേരളത്തിന് കാണിച്ചുകൊടുത്ത അടിപിടി ഒന്നൊതുങ്ങിയപ്പോഴേക്കും ദിലീപിന്റെ കാര്യത്തില്‍ അവനവന്‍ അഭിപ്രായങ്ങളുമായെത്തി കോണ്‍ഗ്രസില്‍ പോര്‍വിളി രൂക്ഷമാകുന്നു.
അടൂര്‍ പ്രകാശ് തൊടുത്തുവിട്ട അസ്ത്രത്തിന് എതിരെ വരുന്ന അസ്ത്രക്കൂട്ടം ചെറുതല്ല. മുന്‍പദ്ദേഹം മാങ്കൂട്ടത്തിലിനെ പിന്തുണച്ചു, ഇപ്പോള്‍ ദിലീപിനെയും.
പക്ഷേ ദിലീപ് കേസില്‍ കെപിസിസി തന്നെ അടൂരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തില്‍ അതൃപ്തിയും അമ്പരപ്പും വിയോജിപ്പും പരസ്യമായി പ്രകടിപ്പിച്ച് നേതാക്കള്‍ രംഗത്തെത്തിക്കഴിഞ്ഞു.

അടൂര്‍ പ്രകാശിനെ തള്ളിക്കൊണ്ടാണ് കെപിസിസിയുടെ പ്രതികരണം. കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അടൂര്‍ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസന്‍ പറഞ്ഞു.
മുന്നണിയുടെ പേരില്‍ അഭിപ്രായം വേണ്ടെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കില്‍ അപ്പീല്‍ പോകാമെന്ന് മുരളീധരനും കോണ്‍ഗ്രസ് അതിജീവിതക്കൊപ്പമാണെന്ന് ചെന്നിത്തലയും നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല വ്യക്തിയെന്ന നിലയിലും നീതി കിട്ടിയെന്നായിരുന്നു അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചത്.






