Breaking NewsCrimeKeralaLead NewsNEWSNewsthen Special

പ്രേക്ഷകരടക്കമുള്ളവര്‍ കാത്തിരിക്കുന്ന ആ കേസിന്റെ വിധി എട്ടിന്; ക്ലൈമാക്‌സ് എന്താകുമെന്ന് കേരളമാകെ ആകാംക്ഷ; നടി ആക്രമിക്കപ്പെട്ടതിന് കാരണം ദിലീപ് – കാവ്യ ബന്ധമെന്ന് സൂചന

 

കൊച്ചി : ഒരു സിനിമയുടെ റിലീസിനേക്കാള്‍ ആകാംക്ഷയോടെ പ്രേക്ഷകരടക്കമുള്ളവര്‍ കാത്തിരിക്കുന്നത് എട്ടാം തിയതിയിലെ കോടതി വിധിക്കായാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വരുന്നത് ഈ എട്ടാം തിയതിയാണ്. എന്താകും കേസിന്റെ ക്ലൈമാക്‌സ് എന്ന് ആര്‍ക്കും അറിയില്ല.
നടന്‍ ദിലീപ് ഉള്‍പ്പെട്ട കേസ് എന്നതാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ സിനിമാറ്റിക് വശം.
ദിലീപിന്ററെ ജീവിത-സിനിമ ഭാവി നിര്‍ണയിക്കുന്നത് എട്ടിന് വരുന്ന കോടതിയുടെ തീരുമാനമാകും.
കേസില്‍ താന്‍ നിരപരാധിയാണെന്നാണ് ദിലീപ് ആവര്‍ത്തിച്ചു പറയുന്നത്.

Signature-ad

 

കേസിന്റെ വിധി പ്രസ്താവത്തിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഒരു സ്വകാര്യചാനല്‍ വിചാരക്കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ പുറത്തുവിട്ടു.
നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധിക്ക് മൂന്നു നാള്‍ ബാക്കി നില്‍ക്കെയാണ് വിചാരകോടതിയില്‍ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. അടച്ചിട്ട കോടതിമുറിയില്‍ ഇന്‍കാമറയായാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നത്. അതുകൊണ്ടുതന്നെ വിചാരണ വേളയിലെ അധികം കാര്യങ്ങളൊന്നും പുറത്തു വന്നിരുന്നില്ല.

ഇപ്പോള്‍ പുറത്തുവരുന്നത് മുന്‍പ് പറഞ്ഞുകേട്ടിരുന്ന കാര്യങ്ങള്‍ തന്നെയാണ്. ദിലീപിന് കാവ്യയുമായുള്ള ബന്ധമാണ് നടിയെ ആക്രമിച്ചുകൊണ്ടുള്ള കൃത്യത്തിന് കാരണമെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രോസിക്യൂഷന്‍ ആരോപണം തളളിയാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. ക്വട്ടേഷന്‍ നല്‍കിയിയതിന് തെളിവില്ലെന്നും പോലീസ് കെട്ടിച്ചമച്ച കഥകളാണിതെല്ലാമെന്നും ദിലീപ് വാദിച്ചു. ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുളള വിവാഹമോചനത്തിനും നടിയൊരു കാരണമല്ലെന്നും ദിലീപ് വാദിച്ചു. 2012ല്‍ തന്നെ മഞ്ജുവാര്യര്‍ ദിലീപും കാവ്യും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്റെ വാദത്തിലുണ്ട്. ദിലീപിന്റെ ഫോണില്‍ വന്ന മെസേജിലൂടെയാണ് ഇക്കാര്യം അറിയുന്നത്. മറ്റു പേരുകളില്‍ വന്ന മേസജില്‍ സംശയം തോന്നിയതോടെ മഞ്ജുവാര്യര്‍ സംയുക്താ വര്‍മ്മയ്ക്കും ഗീതു മോഹന്‍ദാസിനുമൊപ്പം നടിയെ പോയി കാണുകയായിരുന്നു. തുടര്‍ന്ന് നടി ഇക്കാര്യം പറയുകയും ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

 

 

2017 ഫെബ്രുവരി 17ന് രാത്രിയിലാണ് കൊച്ചി നഗരത്തിലൂടെ ഓടിയ കാറില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പതുപേരാണ് കേസില്‍ പ്രതികളായത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയുക. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്. ആദ്യഘട്ടത്തില്‍ ദിലീപിനെ പ്രതിചേര്‍ത്തിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് രണ്ടുമാസത്തിനുശേഷം ഒക്ടോബര്‍ മൂന്നിന് ദിലീപിന് ജാമ്യം ലഭിച്ചു. 2017 ഫെബ്രുവരിയിലാണ് പള്‍സര്‍ സുനി പിടിയിലാകുന്നത്. ഇയാള്‍ക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.

 

കാവ്യമാധവന്റെ നമ്പറുകള്‍ ദിലീപിന്റെ ഫോണില്‍ പല പേരുകളിലായാണ് സേവ് ചെയ്തിരുന്നതെന്നും പ്രോസിക്യൂഷന്‍ പറയുന്നു.
രാമന്‍, രുക്ക് അണ്ണന്‍, മീന്‍, വ്യാസന്‍ എന്നീ പേരുകളിലാണ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തിരുന്നതത്രെ.
കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരില്‍ നിന്ന് മറച്ചുപിടിക്കാനായിരുന്നു ഇത്തരത്തില്‍ മറ്റു പേരുകള്‍ നല്‍കിയതെന്നുമാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഡ്രൈവര്‍ അപ്പുണ്ണിയുടെ നമ്പല്‍ ദില്‍ ക എന്ന പേരിലാണ് സേവാക്കിയിരുന്നത്. ഈ നമ്പര്‍ ഉപയോഗിച്ചിരുന്നതും ദിലീപായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്രെ.

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരസംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ടത്. മലയാള സിനിമാലോകത്തും വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. അമ്മ എന്ന സംഘടനയില്‍ തന്നെ പല അഭിപ്രായഭിന്നതകളും ഉടലെടുക്കുന്നതിനും ഈ സംഭവം കാരണമായിരുന്നു. ഹേമ കമ്മിഷനിലേക്ക് വരെയെത്തിയ സംഭവപരമ്പരകളുടെ തുടക്കം നടിയെ ആക്രമിച്ച കേസ് തന്നെയായിരുന്നു.
അതുകൊണ്ടൊക്കെത്തന്നെ കേസില്‍ എന്താകും വിധിയെന്നറിയാന്‍ കേരളവും ലോകമെമ്പാടുമുള്ള മലയാളികളു കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: