Breaking NewsIndiaLead NewsNEWSNewsthen SpecialSports

പാക്കിസ്ഥാന്‍ ക്രിക്കറ്റിന് നിരാശ: സിക്‌സടി വീരപദവി നഷ്ടമായതില്‍; ഷാഹിദ് അഫ്രീദിയുടെ സികസുകള്‍ ഇനി ഓര്‍മ; ഇനി വാഴ്ത്തുക രോഹിത്തിന്‍ സിക്‌സറുകള്‍

 

റാഞ്ചി : റാഞ്ചി എന്ന സ്ഥലത്തിന്റെ പേരില്‍ തന്നെയുണ്ട് റാഞ്ചിയെടുക്കാനുള്ള ഒരു ആവേശം. ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരായുള്ള ഒന്നാം ഏകദിനത്തില്‍ മിന്നുന്ന വിജയമടക്കം പലതും റാഞ്ചിയെടുത്തതില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വലിയ നിരാശ. കഴിഞ്ഞ കുറച്ചുകാലങ്ങളായി തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡായി നിലനിന്നിരുന്ന പാക് ടീമിന്റെ തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിംഗുകളുടെ സ്മാരകം തകര്‍ന്നുവീണതിന്റെ നിരാശ.
പാക്കിസ്ഥാന്‍ ക്രിക്കറ്റിന് സിക്‌സടിവീര പദവി നഷ്ടമായതിന്റെ വിഷമം പറഞ്ഞറിയിക്കാവുന്നില്ല അവര്‍ക്ക്.

Signature-ad

ഏകദിന ക്രിക്കറ്റില്‍ ഷാഹീദ് അഫ്രീദിയെ മറികടന്ന് ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിത് ശര്‍മ്മ സ്വന്തമാക്കിയ ആ നിമിഷം ടിവിയില്‍ കളി കണ്ടുകൊണ്ടിരുന്ന പാക് ക്രിക്കറ്റ് താരങ്ങള്‍ക്കും പാക് ക്രിക്കറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും തങ്ങളുടെ ക്രെഡിറ്റില്‍ നിന്നും സിക്‌സടി റെക്കോര്‍ഡ് ഇന്ത്യ റാഞ്ചിയെടുക്കുന്നത് കണ്ണീരോടെ മാത്രമേ നോക്കിനില്‍ക്കാനായുള്ളു. ഇതും ഇന്ത്യയുടെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെയാണ്. പാക് കൈവശമുള്ള റെക്കോര്‍ഡുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് പറിച്ചു നടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

ടെസറ്റില്‍ ദക്ഷിണാഫ്രിക്കയോടേറ്റ അതിരറ്റ നാണക്കേട് മറക്കാന്‍ ശ്രമിച്ചുകൊണ്ടാണ് ഇന്ത്യ ഏകദിനത്തിന് പാഡ് കെട്ടിയത്. മത്സരം അവസാനിച്ചപ്പോള്‍ മുറിവേറ്റത് ദക്ഷിണാഫ്രിക്കയ്ക്ക്. കോലിയും കൂട്ടരും റാഞ്ചിയെടുത്ത വിജയം!!
കോലി സെഞ്ച്വറികളുടെ തമ്പുരാനായി റെക്കോര്‍ഡിട്ടതും രോഹിത് ഏറ്റവുമധികം സിക്‌സറടിച്ചതില്‍ റെക്കോര്‍ഡിട്ടതുമെല്ലാം വന്നതോടെ ടെസ്റ്റ് തോല്‍വി തല്‍ക്കാലം മറക്കാമെന്ന് സ്ഥിതിയായി.
സിക്സറുകളില്‍ റെക്കോര്‍ഡിട്ട് രോഹിത് നിറഞ്ഞാടിയപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ അത് ധാരാളമായി. ഏകദിന കരിയറിലെ 352 സിക്സര്‍ നേടി 369 ഇന്നിങ്സില്‍ നിന്ന് ഷാഹീദ് അഫ്രീദി പടത്തുയര്‍ത്തിയ റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. അതും നൂറ് ഇന്നിംഗ്സുകള്‍ കുറച്ച് കളിച്ചിട്ട് പോലും. രാജ്യാന്തര ക്രിക്കറ്റിലെ ഒട്ടനവധി സിക്സര്‍ റെക്കോര്‍ഡുകള്‍ രോഹിതിന്റെ പേരിലുണ്ട്.

മൂന്ന് ഫോര്‍മാറ്റിലുമായി 645 തവണ ബൗളര്‍മാരെ അടിച്ചുപറത്തിയ രോഹിത് ശര്‍മ തന്നെ ക്രിക്കറ്റിലെ സിക്സര്‍ കിംഗ്. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്സര്‍, ഒരു ടീമിനെതിരെ കൂടുതല്‍ സിക്സര്‍ എന്നിങ്ങനെ സിക്സര്‍ റെക്കോര്‍ഡുകളനവധി ഹിറ്റമാന് സ്വന്തം. പേസര്‍മാരെ പുള്‍ഷോട്ടിലൂടെ സിക്സര്‍ പായിക്കാനാണ് രോഹിതിന് പ്രിയം കൂടുതല്‍. 232 സിക്സറുകളാണ് രോഹിത് പേസര്‍മാര്‍ക്കെതിരെ നേടിയത്. തന്റെ പ്രിയപ്പെട്ട പുള്‍ഷോട്ടിലൂടെയാണ് രോഹിത് 140 തവണ സിക്സര്‍ നേടിയിട്ടുള്ളത്.
പവര്‍പ്ലേയിലെ ഫുള്‍ പവറിലെത്തുന്ന ഹിറ്റ്മാന്‍ ആദ്യ പത്ത് ഓവറില്‍ നേടിയത് 130 സിക്സറുകള്‍. അതില്‍ 60 സിക്സറും നേടിയത് 2023ന് ശേഷം. 2023 ഏകദിന ലോകകപ്പിലെ രോഹിതിന്റെ അഗ്രസീവ് അപ്രോച്ചിന് ആരാധകരേറെ. ഇനി കാത്തിരിപ്പാണ്. അടുത്ത ലോകകപ്പിന് രോഹിത് ഇന്ത്യന്‍ ടീമിലുണ്ടാകുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

കോലിയുടെ വിളയാട്ടത്തിനു റാഞ്ചി സാക്ഷിയാായി. ബാറ്റിംഗ് മികവിന് കോട്ടമൊന്നും തട്ടിയിട്ടില്ലെന്ന് തെളിയിച്ച് വിരാട് കോലിയുടെ വിളയാട്ടം. നാലാം ഓവറില്‍ മൂന്നാമനായി ക്രീസിലെത്തിയ കോലി സെഞ്ച്വറി തികച്ചത് നൂറ്റിരണ്ടാം പന്തില്‍. 120 പന്തില്‍ 135 റണ്‍സെടുത്ത് മടങ്ങുമ്പോള്‍ കോലിയുടെ ഇന്നിംഗ്സില്‍ 11 ഫോറും ഏഴ് സിക്സും ഉണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ 83-ാം സെഞ്ച്വറി. ക്രിക്കറ്റ് ചരിത്രത്തില്‍ സെഞ്ച്വറിവേട്ടക്കാരില്‍ രണ്ടാമന്‍. 100 സെഞ്ച്വറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമത്.
ഒറ്റഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന സച്ചിന്റെ റെക്കോര്‍ഡും കോലി തകര്‍ത്തു. ഒപ്പം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയെന്ന നേട്ടവും കോലിക്ക് സ്വന്തം. മറികടന്നത് അഞ്ച് സെഞ്ച്വറി വീതം നേടിയ സച്ചിനേയും ഡേവിഡ് വാര്‍ണറേയും.

ഇന്ത്യന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വേറെന്തുവേണം. സിക്‌സര്‍ പദവി കൈമോശം വന്നതില്‍ പാക് ടീമിന്റെ നിരാശ കനക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: