രാഹുല്‍ മാങ്കൂട്ടത്തിലിനായി തമിഴ്നാട്ടിലും തിരച്ചില്‍; പാലക്കാട്ടെ സുഹൃത്തുക്കള്‍ വഴി തമിഴ്നാട് അതിര്‍ത്തിയില്‍ കഴിയുന്നുവെന്ന് സംശയം; രക്ഷപ്പെട്ടത് ചെറിയ കാറിലെന്നും സൂചന; യാത്ര സിസിടിവി ക്യാമറകളില്ലാത്ത ഊടുവഴികളിലൂടെ; ദൃശ്യങ്ങള്‍ കിട്ടാതെ വലഞ്ഞ് പോലീസ്: ഇന്നുച്ചയോടെ ഏതെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്തുമെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്

പാലക്കാട്: ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി കേരളത്തിനു പുറമെ തമിഴ്നാട്ടിലും തിരച്ചില്‍ ഊര്‍ജിതമാക്കി. രാഹുലിന്റെ പാലക്കാടുള്ള അടുത്ത സുഹൃത്തുക്കള്‍ വഴഴി പാലക്കാട് – തമിഴ്നാട് അതിര്‍ത്തിയിലും മറ്റും രാഹുലിന് ആരുടേയും കണ്ണില്പെടാതിരിക്കാന് ധാരാളം സ്ഥലങ്ങളുണ്ടെന്ന് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ പോലുമില്ലാത്ത ഈ സ്ഥലങ്ങളില്‍ ഒളിച്ചുതാമസിക്കാന്‍ സൗകര്യമാണ്. Nഇതില്‍ വലിയ ഫാമുകളടക്കമുണ്ടെന്നാണ് പറയുന്നത്.
രാഹുലിന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ പോലീസ് നിരീക്ഷണത്തിലാകുമെന്ന് രാഹുലിനും കൂട്ടര്‍ക്കും അറിയാവുന്നതുകൊണ്ട് അതിനപ്പുറത്തെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്താനാകും ശ്രമിക്കുകയെന്ന് പോലീസും കരുതുന്നു.
അതേസമയം രാഹുല്‍ കേരളം വിട്ടിട്ടില്ലെന്നും പോലീസിന് സംശയമുണ്ട്. ലുക്ക്ഔട്ട് നോട്ടീസും മറ്റും പുറത്തിറക്കിയിട്ടുള്ളതിനാല്‍ അതിര്‍ത്തി കടന്നുവരുന്നതില്‍ റിസ്കുളളതിനാല്‍ രാഹുല്‍ കേരളം വിടില്ലെന്നും പോലീസ് കരുതുന്നു.
എയര്‍പോര്‍ട്ടുകള്‍ വഴി അന്യസംസ്ഥാനത്തേക്ക് കടക്കാനിടയില്ലാത്തതിനാല്‍ ബംഗളരുവിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നു.

കോഴിക്കോട്, കണ്ണൂര്‍ മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രാഹുലിന്റെ രാഷ്ട്രീയസംരക്ഷകരുടെ തട്ടകം ഈ ജില്ലകളായതിനാലും പോലീസിനു പോലും കയറാന്‍ കഴിയാത്ത ഒളിത്താവളങ്ങള്‍ കോഴിക്കോടും കണ്ണൂരും ഉണ്ടെന്നതിനാലും രാഹുല്‍ ഈ ജില്ലയിലെവിടെയെങ്കിലുമുണ്ടാകുമോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
രാഹുലുമായി ചെറിയ ബന്ധം പോലുമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ വരെ പോലീസിന്റെ നിരീക്ഷണത്തിലാണ്. എന്നാല്‍ ഫോണ്‍വിളികളില്‍ ഒരു പാളിച്ചപോലും സംഭവിക്കാത്തതുകൊണ്ട് മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്.

രാഹുല്‍ സഞ്ചരിച്ച വഴികളും റൂട്ട് മാപ്പും കണ്ടെത്താന്‍ പോലീസ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരിക്കുകയാണ്.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായാണെന്നും പാലക്കാട്ടെ ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ രാഹുല്‍ പോകാന്‍ തെരഞ്ഞെടുത്ത വഴിയിലൊന്നും സിസി ടിവി ക്യാമറകള്‍ ഇല്ലായിരുന്നു. പാലക്കാട് നഗരത്തിലെ ഒമ്പതിടങ്ങളിലെ സിസി ടിവി ക്യാമറകള്‍ അരിച്ചുപെറുക്കിയിട്ടും പോലീസിന് രാഹുലിന്റെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. രാഹുല്‍ ചെറിയ കാറിലാണ് കടന്നുകളഞ്ഞതെന്നും പോലീസ് സംശയിക്കുന്നു. വീതിയില്ലാത്ത ചെറിയ വഴികളിലൂടെ പോകാനുള്ള സൗകര്യത്തിന് വേണ്ടിയാണിതെന്നാണ് പോലീസ് കരുതുന്നത്. സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഊടുവഴികളാണ് യാത്രയ്ക്ക് തെരഞ്ഞെടുത്തതെന്ന് പോലീസ് ഉറച്ചുവിശ്വസിക്കുന്നതും ഇതുകൊണ്ടാണ്.

രാഹുല്‍ പല കാറുകള്‍ മാറിക്കയറിയിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഒരേ കാര്‍ തന്നെ ഉപയോഗിച്ചാല്‍ കണ്ടുപിടിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ കാറുകള്‍ മാറിക്കയറിയിട്ടുണ്ടെന്നാണ് പോലീസിന്റെ ഊഹം. സ്പെഷ്യല്‍ ബ്രാഞ്ച് ഇന്നും സിസിടിവി കേന്ദ്രീകരിച്ച് പരിശോധന തുടരും. ഉച്ചയോടെ രാഹുല്‍ പോയ വഴി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിടികൂടാന്‍ ഓരോ ജില്ലകളിലും പോലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബലാത്സംഗ കേസില്‍ രാഹുല്‍ നല്കിയ ജാമ്യാപേക്ഷ ബുധാനാഴ്ചയാണ് കോടതി പരിഗണിക്കുക. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോള്‍ അറസ്റ്റിന് തടസ്സമില്ലെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. ഈ സാഹചര്യത്തിലാണ് രാഹുലിനെ പിടികൂടാനുള്ള പോലീസിന്റെ ഊര്‍ജ്ജിത നീക്കം. അറസ്റ്റൊഴിവാക്കി ജയിലില്‍ പോകാതിരിക്കാനുള്ള നീക്കമാണ് രാഹുലും കോണ്‍ഗ്രസും നടത്തുന്നത്.

കേസ് അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പോലിസിന്റെ കീഴില്‍ പ്രത്യേക സംഘമുണ്ട്. ഇതിന് പുറമേ ഓരോ ജില്ലകളിലും രാഹുലിനെ കണ്ടെത്തനായി ഓരോ സംഘങ്ങളെയും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓരോ ജില്ലയിലെയും പരിശോധന.
രാഹുലിനൊപ്പം കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തെരച്ചില്‍ പുരോഗമിക്കുകയാണ്. പാലക്കാട്, പത്തനംതിട്ട ജില്ലകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ വ്യാപക പരിശോധന. രാഹുലിന്റെ സുഹൃത്തുക്കളുടെ വീടുകളില്‍ ഉള്‍പ്പെടെ പരിശോധന നടന്നു. രാഹുലുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം. ഇതിലൂടെ രാഹുലിലേക്കും ജോബിയിലേക്കും എത്താനാകുമെന്നാണ് പോലീസ് കണക്ക് കൂട്ടുന്നത്.






