‘വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ വ്യക്തിപരമായ ചോയ്സ്; ക്രിമിനല്‍ കുറ്റമല്ല’; സ്മിത ശൈലേഷിന്റെ കുറിപ്പിനു താഴെ സൈബര്‍ ആക്രമണം; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതിക്കു പിന്നാലെ ഇരയ്ക്കെതിരേയും കൂട്ടായ നീക്കം

വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ പേർസണൽ ഡിസിഷൻ ആണെന്നും, അത് ക്രിമിനൽ കുറ്റമല്ലെന്നും സ്മിത സൈലേഷ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയില്‍, ഇര വിവാഹിതയാണെന്ന വിവരം പുറത്തു വന്നതോടെ അവര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റ്.
പെൺകുട്ടി വിവാഹിതയാണ് എന്ന് മറക്കരുത് എന്ന കമന്റ് അധികരിച്ചു വന്നത് കണ്ട സാഹചര്യത്തിൽ, എല്ലാർക്കും മറുപടി കൊടുത്തു കൈ കുഴയുന്നത്കൊണ്ട് അതിനുള്ള മറുപടി ഇതിൽ കൂട്ടി ചേർക്കുന്നു. പെൺകുട്ടിക്ക് വിവാഹത്തിന് മുൻപ് ഉണ്ടായിരുന്ന ബന്ധമാണ് എന്നാണ് ഞാൻ അറിഞ്ഞത്. ഇനി അതിന് ശേഷമുള്ള ബന്ധമാണ് എന്നിരിക്കട്ടെ, അങ്ങനെയാണെങ്കിൽ പോലും വിവാഹിതയായ സ്ത്രീ പ്രണയിക്കുന്നത് അവരുടെ പേർസണൽ ഡിസിഷൻ ആണ്. അത് ക്രിമിനൽ കുറ്റമല്ല .പൊളിറ്റിക്കൽ ലീഡർ എന്ന സ്വാധീനം ഉപയോഗിച്ച് പ്രണയം സ്ഥാപിച്ച് അവരെ ഗർഭ നിരോധന മാർഗങ്ങൾ സ്വീകരിക്കാൻ അനുവദിക്കാതെ വിലക്കി ഗർഭിണി ആക്കിയതിനു ശേഷം അബോർഷന് ഭീഷണിപെടുത്തി നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അബോർഷന് മുന്‍പും ശേഷവും ആ പെൺകുട്ടിക്ക് മാനസിക പിന്തുണ നൽകാതിരുന്നത് മനുഷ്യത്വരഹിതവുമാണ്.
ഇടതുപക്ഷക്കാരിയായതോണ്ട് രാഹുലിനെ വിമർശിക്കുന്നു എന്നൊന്നും പറഞ്ഞ് ആരും ഈ വഴി വരണ്ട. ഗോകുലെന്ദ്രനെയും, ശശിയെയും ഉൾപ്പെടെ ഇടതുപക്ഷ നേതാക്കളെയും ആവശ്യത്തിന് വിമർശിച്ചിട്ടുണ്ട്. ഉമ്മൻചാണ്ടി സാറിനെതിരെ സരിതയെ പോലുള്ളവർ വന്നപ്പോൾ ആ സ്ത്രീയേ നിശിതമായി വിമർശിച്ചിട്ടുണ്ട്. എന്റെ നീതിബോധത്തിന്റെ അര ശതമാനം കൊണ്ട് പോലും കൂടെ നിൽക്കാൻ ക്വാളിറ്റി ഇല്ലാത്ത ആളായത് കൊണ്ട് രാഹുലിനെ വെറുക്കുന്നു. അയാൾക്ക് ഏറ്റവും കഠിനമായ ശിക്ഷ കിട്ടണമെന്ന് ആഗ്രഹിക്കുന്നു.
ഏതു പാർട്ടിയിൽ ആണെങ്കിലും ചെറുപ്പക്കാർ പൊളിറ്റിക്കൽ ലീഡേഴ്സ് ആയി വരുന്നതിനെ വളരെ പോസിറ്റീവ് ആയാണ് കണ്ടിരുന്നത്. ഈ രാഹുൽ മാങ്കൂട്ടത്തിലിനെയും അതെ പ്രതീക്ഷയോടെയാണ് നോക്കി കണ്ടിരുന്നത്..നാടിന്റെ വികസനകാര്യങ്ങളിൽ യുവാക്കൾക്ക് കുറേ കൂടി ഊർജ്ജസ്വലമായി ഇടപെടാനാവും എന്നൊക്കെ കരുതുന്ന ഒരാളാണ് ഞാൻ.
പക്ഷേ ഈ രാഹുൽ മാങ്കൂട്ടത്തിൽ എന്തൊരു ബോറൻ മനുഷ്യനാണ്. ആ പെൺകുട്ടിയുടെ കരച്ചിൽ കേൾക്കുകയായിരുന്നു. മുറിവേറ്റ ഒരു പക്ഷിക്കുഞ്ഞ് കരയുംപോലെ. അത്രയ്ക്കും ദയനീയമായി. ആ കൂട്ടി കടന്നു പോയ ദിവസങ്ങളെ ഊഹിക്കാനാവുന്നുണ്ട്. ഇമോഷണലി സപ്പോർട്ട് ചെയ്യാൻ ബാധ്യതപ്പെട്ട ഒരാളും കൂടെയില്ലാതെ, പാവം തോന്നുന്നു അതിനോട്.
പ്രണയം അവസാനിച്ചതിനു ശേഷം പഴയ കാമുകി മുമ്പുണ്ടായിരുന്ന പ്രണയത്തെ പീഡനം എന്ന് വിളിക്കുന്ന ടൈപ്പ് ഓഫ് പരാതിയുടെ വേർഷൻ അല്ലിത്. ഒരു പെൺകുട്ടിക്കാണ് അവളുടെ ശരീരത്തിന് മേലുള്ള തീരുമാനങ്ങളിൽ പൂർണ്ണ അധികാര അവകാശങ്ങൾ എന്നിരിക്കെ, ഈ ഭരണഘടന അവകാശങ്ങളെ ഒക്കെ ചവുട്ടി കൂട്ടി പെൺകുട്ടിയെ ഗർഭിണിയാക്കിയേ പറ്റു എന്ന് നിർബന്ധിക്കുകയാണ് അധികാര സ്ഥാനത്തിരിക്കുന്ന കാമുകൻ. എന്തൊരു സൈക്കോ ആണ് അയാൾ. അതും കഴിഞ്ഞ് പ്രെഗ്നന്റ് ആയ പെൺകുട്ടി തന്റെ ശാരീരിക അവശതകളെ കുറിച്ച് പറയുമ്പോൾ ഡ്രാമ നിർത്തിക്കോളാൻ പറഞ്ഞുള്ള ആക്രോശം. നിർബന്ധിത അബോർഷൻ. അതിന് ശേഷം അവശയായ പെൺകുട്ടിയെ അവഗണിക്കൽ. ഒരു ഘട്ടത്തിൽ പോലും ആ പെൺകുട്ടിക്ക് വൈകാരികപിന്തുണ നൽകാതെ ഓരോ ഫോൺ കോളിലും അയാൾ ആ കുട്ടിയെ അധിക്ഷേപിക്കുകയും, അപമാനിക്കുകയും ചെയ്യുന്നു. ഒരു ഘട്ടത്തിലും ആ പെൺകുട്ടിയോട് ക്ഷമാപണം നടത്താൻ ഇയാൾ തയ്യാറായിട്ടേയില്ല.
നീതിരഹിതമായ നിങ്ങളുടെ നിലപാടുകൾക്കെതിരെയാണ് ആ പെൺകുട്ടി യഥാർത്ഥത്തിൽ പരാതി നൽകിയിരിക്കുന്നത്.. ആ പെൺകുട്ടിക്ക് നിങ്ങളെ ആവശ്യമുണ്ടായിരുന്ന സമയത്ത് ആ കുട്ടിക്കൊപ്പം നിന്നിരുന്നെങ്കിൽ.. അതിനോട് കൊറേ കൂടി മനുഷ്യത്വത്തോടെ ഇടപഴകിയിരുന്നെങ്കിൽ. നിങ്ങളൊരു മനുഷ്യനായിരുന്നെങ്കിൽ.. ആ പെൺകുട്ടി നിങ്ങളോട് ഒരു പക്ഷേ ക്ഷമിക്കുമായിരുന്നു. Forgivenessന് അർഹതയില്ലാത്ത മാനുഷികമായ ഒരു ക്വാളിറ്റിയുമില്ലാത്ത ഒരു വ്യക്തിയായി നിങ്ങൾ ചരിത്രത്തിൽ രേഖപ്പെട്ട് കിടക്കും. എന്തൊരു കരുണയില്ലാത്ത, മനുഷ്യത്വമില്ലാത്ത പ്രവൃത്തിയാണ് നിങ്ങൾ ആ പെൺകുട്ടിയോട് കാട്ടിയത്. ആ പെൺകുട്ടിയ്ക്കൊപ്പമാണ്. കേരളം ഒരു കാലത്തും നിങ്ങളോട് ക്ഷമിക്കില്ല.– സ്മിത സൈലേഷ് വിശദീകരിക്കുന്നു.






