Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘തെറ്റും ശരിയും കോടതിക്കു നോക്കാനറിയാം’; വി.സി. നിയമനത്തില്‍ ഗണര്‍ണറെ കുടഞ്ഞ് സുപ്രീം കോടതി; തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം പൊളിഞ്ഞു; ധൂലിയ സമിതി റിപ്പോര്‍ട്ട് വെറും കടലാസ് കഷണമല്ലെന്നും നടപടി എടുക്കണമെന്നും കര്‍ശന നിര്‍ദേശം

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ സ്ഥിരം വൈസ് ചാന്‍സലര്‍മാരുടെ നിയമനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശം. വിസി നിയമനത്തിനുള്ള വിദഗ്ധരുടെ പട്ടിക തയ്യാറാക്കി നല്‍കിയ റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സമിതിയുടെ റിപ്പോര്‍ട്ട് വെറും കടലാസുകഷണമല്ലെന്നും ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

 

Signature-ad

ആദ്യം നടപടി സ്വീകരിക്കണം. തെറ്റും ശരിയും കോടതി നോക്കിക്കൊള്ളാം. ഗവര്‍ണര്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമെന്നും ബെഞ്ച് പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അനുബന്ധ രേഖകള്‍ മുഖ്യമന്ത്രി കൈമാറിയില്ലന്ന് പറഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിക്കാനും ഗവര്‍ണറുടെ അഭിഭാഷകന്‍ ശ്രമിച്ചു.

മുന്‍ഗണനാക്രമത്തില്‍ മുഖ്യമന്ത്രി നല്‍കിയ പേരുകളടങ്ങുന്ന സമിതി റിപ്പോര്‍ട്ടില്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കാന്‍ ഉത്തരവ് നിലനില്‍ക്കെ ഗവര്‍ണര്‍ അത് പാലിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വെള്ളിയാഴ്ച കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ധൂലിയ സമിതി റിപ്പോര്‍ട്ട് ചാന്‍സലര്‍ പരിശോധിച്ചോയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വെങ്കിട സുബ്രഹ്‌മണിയോട് ബെഞ്ച് ആരാഞ്ഞു. ഇല്ലെന്ന മറുപടി കോടതിയെ ചൊടിപ്പിച്ചു. എന്തുകൊണ്ട് പരിശോധിച്ചില്ലെന്ന് ആരാഞ്ഞപ്പോള്‍ നടപടിക്രമങ്ങളുടെ രേഖകള്‍ ആവശ്യപ്പെട്ട് സമിതിക്ക് കത്ത് നല്‍കിയെന്ന മറുപടിയാണ് ലഭിച്ചത്.

ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നാണോ അവകാശപ്പെടുന്നതെന്ന് വീണ്ടും കോടതി ചോദിച്ചു. മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട് ലഭിച്ചെങ്കിലും പൂര്‍ണമായി അനുബന്ധരേഖ കിട്ടിയിട്ടില്ലെന്നായി സുബ്രഹ്‌മണി. എന്ത് രേഖയാണ് ഇവര്‍ ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാരിനോട് ചോദിച്ചു.

തന്റെ അറിവില്‍ അനുബന്ധ രേഖകളെല്ലാം ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്ന് ഗുപ്ത ബെഞ്ചിനെ അറിയിച്ചതോടെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു. തുടര്‍വാദം ഉന്നയിക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. ഇരുപക്ഷവും അംഗീകരിച്ചതുപ്രകാരമാണ് സമിതിയെ നിയമിച്ചതെന്നും റിപ്പോര്‍ട്ട് പരിശോധിക്കുന്നതിന് എന്തിനാണ് അനുബന്ധ രേഖയെന്ന് മനസിലാകുന്നില്ലെന്നും ഉത്തരവില്‍ ബെഞ്ച് രേഖപ്പെടുത്തിയത് ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടിയായി.

മുഖ്യമന്ത്രിയുടെ അധികാരം അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍

വിസി നിയമനത്തില്‍ മുന്‍ഗണന നിശ്ചയിക്കാന്‍ സുപ്രീംകോടതി മുഖ്യമന്ത്രിക്ക് നല്‍കിയ അധികാരത്തെ വീണ്ടും വെല്ലുവിളിച്ച് ഗവര്‍ണര്‍. കോടതിയില്‍ സമര്‍പ്പിച്ച പുതിയ അപേക്ഷയിലാണ് വിസി നിയമനത്തില്‍ മുഖ്യമന്ത്രി നിശ്ചയിച്ച മുന്‍ഗണ അംഗീകരിക്കില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നിലപാടെടുത്തത്. കോടതി നല്‍കിയ അധികാരം ഉപയോഗിച്ച് മുഖ്യമന്ത്രി ജസ്റ്റിസ് ധൂലിയ സമിതി നല്‍കിയ ചുരുക്കപ്പട്ടികകളില്‍ മുന്‍ഗണന നിശ്ചയിച്ച് ഗവര്‍ണറുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്നു. ഇതംഗീകരിക്കില്ലെന്നും പകരം സമിതി അക്ഷരമാല ക്രമത്തില്‍ നല്‍കിയവയില്‍ രണ്ടുപേരെ നിയമിക്കാമെന്നുമാണ് ഗവര്‍ണറുടെ വിചിത്രവാദം. നിയമന പ്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭ്യമാക്കാന്‍ ധൂലിയ സമിതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട ഗവര്‍ണര്‍, മുഖ്യമന്ത്രിയെ പ്രക്രിയയില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി വേഗം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: