രാഹുലിനെ നേരത്തെ തന്നെ സസ്‌പെന്റു ചെയ്തതല്ലേയെന്ന് സണ്ണി ജോസഫ്; കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്ററു ചെയ്തതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്.
യുവതിയുടെ പരാതി വന്ന സമയത്ത് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്ന് സണ്ണി ജോസഫ് പ്രതികരിച്ചു.

രാഹുലിനെതിരെ പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാല്‍ അന്വേഷണം എവിടെയും എത്തിയില്ല. തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ല. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍, ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയം എന്നിവ ഇതുകൊണ്ട് മറച്ചുപിടിക്കാന്‍ ആര്‍ക്കും കഴിയില്ല. ഏറെ നാളായി രാഹുലിന്റെ വിഷയം മാധ്യമങ്ങളിലടക്കം ചര്‍ച്ചചെയ്യപ്പെട്ടതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തിനനുസരിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണ് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണം രാഹുല്‍ കോണ്‍ഗ്രസിന് പുറത്താണ് അതുകൊണ്ടുതന്നെ യുവതി നല്‍കിയ പരാതിക്കനുസരിച്ച് ഇനി സര്‍ക്കാരിന് നിലപാട് എടുക്കാമെന്ന് മുരളീധരന്‍ പ്രതികരിച്ചു.
പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത ആള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ എടുക്കണമെങ്കില്‍ തുടര്‍നടപടികള്‍ നോക്കി ബാക്കി കാര്യങ്ങള്‍ ചെയ്യും. എംഎല്‍എ സ്ഥാനം രാജിവെക്കുമോ എന്നത് തുടര്‍നടപടികള്‍ നോക്കി പാര്‍ട്ടി തീരുമാനം എടുക്കും. പാര്‍ട്ടിയില്‍ ഇതുവരെ ഒരു ആശയക്കുഴപ്പവുമില്ല. കെപിസിസിക്ക് അന്നും ഇന്നും ഒരേ സ്റ്റാന്‍ഡ് ആണ്.പുറത്താക്കിയ അന്നുമുതല്‍ രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല. പക്ഷെ കൂടുതല്‍ കാര്യങ്ങള്‍ പോലീസ് എടുക്കുമ്പോള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പാര്‍ട്ടി നിലപാട് സ്വീകരിക്കുമെന്നും മുരളി പറഞ്ഞു.






