വിധിയും റിലീസും അടുത്തടുത്ത്; നടി ആക്രമിക്കപ്പെട്ട കേസ് വിധി എട്ടിന്; ഭ ഭ ബ റിലീസ് 18ന്; റിലീസ് നീട്ടണോ എന്ന് ചര്‍ച്ച; വിധി കുഴപ്പമില്ലെങ്കില്‍ റിലീസ് ആഘോഷമാക്കാന്‍ ദിലീപ് ഫാന്‍സുകാര്‍

കൊച്ചി : കേരളം ഉറ്റുനോക്കുന്ന പ്രമാദമായ കേസിന്റെ വിധിപ്രഖ്യാപനവും കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയുടെ റിലീസും തമ്മില്‍ പത്തുദിവസത്തെ അകലം മാത്രമാകുമ്പോള്‍ റിലീസ് നീട്ടിവെക്കണോ എന്ന ചര്‍ച്ച അണിയറയില്‍ സജീവം.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഹൈക്കോടതി വിധി പറയുമെന്ന് അറിയിച്ചിരിക്കുന്നത് ഡിസംബര്‍ എട്ടിനാണ്. ഈ കേസില്‍ പ്രതിപ്പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള നടന് ദിലീപിന്റെ പുതിയ ചിത്രമായ ഭ ഭ ബ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിട്ടുള്ളത് ഡിസംബര്‍ 18നും.
കേസിന്റെ വിധി എന്താകുമെന്ന് പറയാനാകാത്ത സാഹചര്യത്തില്‍ ചിത്രത്തിന്റെ റീലീസ് നീട്ടണോ എന്ന ചര്‍ച്ച അണിയറയില്‍ സജീവമായി നടക്കുന്നുണ്ട്. കേസില്‍ ദിലീപിന് പ്രതികുലമായി എന്തെങ്കിലും വിധി വരികയാണെങ്കില്‍ പത്താം നാള് ചിത്രം റിലീസ് ചെയ്യുന്നത് ബോക്്സോഫീസില്‍ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
അതേസമയം വിധിയില്‍ ദിലീപിന് കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ ഭ ഭ ബയുടെ റിലീസ് കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധം ആഘോഷമാക്കാനാണ് ദിലീപ് ഫാന്‍സുകാരുടെ തീരുമാനം.

തുടര്‍ച്ചയായി ബോക്സോഫീസില്‍ ദിലീപ് ചിത്രങ്ങള്‍ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ദിലീപും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ ഭ ബ.
ദിലീപിന് പുറമെ മോഹന്‍ലാല്‍ അടക്കമുള്ള വലിയൊരു താരനിര ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ ദിലീപ് ഫാന്‍സിനൊപ്പം മോഹന്‍ലാല്‍ ഫാന്‍സുകാരും ആവേശത്തോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ഭ.ഭ.ബ നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. ദിലീപിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.
ഇതിനിടെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഹൈക്കോടതി നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പ്രഖ്യാപനം ഡിസംബര്‍ എട്ടിനുണ്ടാകുമെന്ന് അറിയിച്ചത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ വരുന്ന ഡിസംബര്‍ എട്ടിന് അന്തിമവിധി വരുമ്പോള്‍ അവസാനിക്കുന്നത് എട്ടര വര്‍ഷം നീണ്ട വിചാരണയാണ്. അതുകൊണ്ടുതന്നെ കേരളം ഏറെ ആകാംക്ഷയോടെയാണ് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിന്റെ വിധിയറിയാന്‍ കാത്തിരിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ക്വട്ടേഷന്‍ നല്‍കിയതുപ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. നടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി എന്‍.എസ്.സുനില്‍ എന്ന പള്‍സര്‍ സുനി അടക്കം ഒന്‍പത് പ്രതികളാണ് വിചാരണ നേരിട്ടത്. എട്ടാം പ്രതിയാണ് നടന് ദിലീപ്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കിയത്.
ദിലീപ് ഉള്‍പ്പടെ എല്ലാ പ്രതികളും ഡിസംബര്‍ എട്ടിന് വിചാരണക്കോടതിയില്‍ ഹാജരാകണം.
വിധി എന്താണെന്ന് നോക്കിയ ശേഷം ഭ ഭ ബ റിലീസ് ചെയ്യാമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെങ്കിലും റിലീസ് തിയതി പ്രഖ്യാപിച്ച് മിക്ക തീയറ്ററുകളിലും ക്രിസ്മസ് റിലീസ് ആയി ഈ ചിത്രം ഏറെക്കുറെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട സ്ഥിതിക്ക് റിലീസ് മാറ്റുന്നത് ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിധിയും ചിത്രത്തിന്റെ വിജയപരാജയവും തമ്മില്‍ ബന്ധമുണ്ടാവില്ലെന്ന് പലരും പറയുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഒരു ബോക്സോഫീസ് ഹിറ്റ് തന്റെ പേരില്‍ കുറിക്കാന്‍ ദിലീപിനായിട്ടില്ലെന്നതാണ് സത്യം.
ഏറ്റവുമൊടുവില്‍ ഈ വര്‍ഷം റിലീസ് ചെയ്ത പ്രിന്‍സ് ആന്‍ഡ് ഫാമിലി കേടുപാടുകള്‍ കൂടാതെ രക്ഷപ്പെട്ടതൊഴിച്ചാല്‍ പവി കെയര്‍ടേക്കര്‍, തങ്കമണി, ബാന്ദ്ര, വോയ്സ് ഓഫ് സത്യനാഥന്, കേശു ഈ വീടിന്റെ നാഥന്, മൈ സാന്‍ഡ, ജാക്ക് ആന്‍ഡ് ഡാനയേല്‍, കമ്മാര സംഭവം തുടങ്ങിയ ദിലീപ് ചിത്രങ്ങളെല്ലാം തീയറ്ററുകളില്‍ തകര്ന്നടിഞ്ഞവയായിരുന്നു.
തകര്‍ച്ചകളില്‍ നിന്നും ഉയര്ത്തെഴുനേല്ക്കാന് ഭ ഭ ബ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ ദിലീപ് ഉള്‍പ്പെട്ടതോടെ ദിലീപ് സിനിമകള്‍ കാണുന്നതില്‍ നിന്ന് വലിയൊരു വിഭാഗം കുടംബപ്രേക്ഷകര്‍ പിന്മാറിയിരുന്നു. ജനപ്രിയനായകന് എന്നത് ക്രെഡിറ്റുകളില്‍ മാത്രമൊതുങ്ങുന്ന സ്ഥിതിയായി. കേസ് എട്ടുവര്‍ഷത്തോളം നീണ്ടതോടെ ദിലീപിന്റെ സിനിമ കരിയറിനെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
ഭ ഭ ബ തനിക്കൊരു പുതിയ സിനിമവിജയം തരുമെന്ന് ദിലീപ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് റിലീസിന് പത്തുനാള്‍ മുന്‍പ് താനുള്പ്പെട്ടിരിക്കുന്ന കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ഒരു കേസിന്റെ നിര്‍ണായകവിധി വരുന്നത്.






