Breaking NewsKeralaLead NewsLocalNEWSNewsthen Specialpolitics

മാങ്കൂട്ടത്തിലിനെ മൂലയ്ക്കിരുത്താന്‍ മുരളീധരന്‍; രാഹുലിനെതിരെ ആ പെണ്‍കുട്ടി മുന്നോട്ടുവരട്ടെയെന്ന് കെ.മുരളീധരന്‍; രാഹുലിന് കോണ്‍ഗ്രസിനകത്ത് പിന്തുണ കുറയുന്നു; കെ.സുധാകരന്റെ ക്ലീന്‍ചിറ്റില്‍ വനിതാപ്രവര്‍ത്തകര്‍ക്ക് അമ്പരപ്പ്

 

തിരുവനന്തപുരം: മുന്‍ കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്‍ എത്ര ക്ലീന്‍ചിറ്റ് കൊടുത്താലും രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒരു മൂലയ്ക്കിരുത്താതെ കെ.മുരളീധരന്‍ അടങ്ങുമെന്ന് തോന്നുന്നില്ല. സുധാകരന്‍ രാഹുലിനെ വിശുദ്ധനാക്കാന്‍ പാടുപെടുമ്പോള്‍ രാഹുലിനെ എങ്ങിനെ പൂട്ടാമെന്നതിനുള്ള വഴി രാഷ്ട്രീയഎതിരാളികള്‍ക്ക് പറയാതെ പറഞ്ഞുകൊടുക്കുകയാണ് രാഷ്ട്രീയചാണക്യനായിരുന്ന ലീഡറുടെ പ്രിയപുത്രന്‍ കെ.മുരളീധരന്‍.
കോണ്‍ഗ്രസ് രാഷ്ട്രീയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരില്‍ രണ്ടു തട്ടിലായിക്കൊണ്ടിരിക്കുകയാണ്. ചെന്നിത്തലയും മുരളിയും യൂത്ത് കോണ്‍ഗ്രസ് നേതാവ് സജനയുമൊക്കെയടങ്ങുന്നവര്‍ രാഹുലിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി വ്യക്തമായ നിലപാട് കൈക്കൊള്ളുമ്പോള്‍ രാഹുലിനെ ചേര്‍ത്തുനിര്‍ത്തി സുധാകരനും ഷാഫി പറമ്പിലും ശ്രീകണ്ഠന്‍ എംപിയുമടക്കമുള്ളവര്‍ മറുപക്ഷത്തു നില്‍ക്കുന്ന കാഴ്ചയ്ക്കാണ് കേരളത്തിലെ കോണ്‍ഗ്രസ് സാക്ഷ്യം വഹിക്കുന്നത്.

Signature-ad


രാഹുലിനെതിരെ കേസെടുക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലേക്ക് തട്ടിയിട്ട മുരളി ഇപ്പോള്‍ രാഹുലിനെതിരെ വന്ന ശബ്ദരേഖയിലെ പെണ്‍കുട്ടിയോട് പരസ്യമായി രംഗത്ത് വരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പാര്‍ട്ടിക്ക് കൂടുതല്‍ നടപടി ഇപ്പോള്‍ സ്വീകരിക്കാന്‍ കഴിയില്ല. പെണ്‍കുട്ടി ധൈര്യമായി മുന്നോട്ടുവരട്ടെ. നിലവില്‍ ചാനലിലെ ശബ്ദം മാത്രമേയുള്ളൂ. പെണ്‍കുട്ടി മുന്നോട്ടുവന്നാല്‍ പൊതുസമൂഹം പിന്തുണ നല്‍കും – എന്നാണ് മുരളീധരന്റെ വാക്കുകള്‍.
ശ്ബ്ദരേഖ മാത്രം കൊണ്ട് കാര്യമില്ലെന്നും അത് ഇപ്പോഴുള്ള പോലെ വെറും വിവാദങ്ങള്‍ മാത്രമേയുണ്ടാക്കൂവെന്നും കൃത്യമായി അറിയുന്നതുകൊണ്ടാണ് രാഹുലിനെതിരെയുള്ള തെളിവുകള്‍ കൂടി പുറത്തുവരട്ടെയെന്ന് മുരളി ആവശ്യപ്പെടുന്നത്.
അത്തരത്തില്‍ ആ ശബ്ദത്തിന്റെ ഉടമയായ പെണ്‍കുട്ടി രംഗത്ത് വന്നാല്‍ സര്‍ക്കാരിന് നടപടിയെടുക്കാതിരിക്കാനുമാകില്ല പോലീസിന് നോക്കിയിരിക്കാനുമാകില്ല. ഇത് മുരളിക്ക് നന്നായി അറിയാം. അതുകൊണ്ടുതന്നെ സര്‍ക്കാരും ഇരയും രാഹുലിനെ പൂട്ടാന്‍ മുന്നിട്ടിറങ്ങണമെന്ന വ്യക്തമായ സന്ദേശമാണ് മുരളി നല്‍കിക്കൊണ്ടിരിക്കുന്നത്.
മുരളിയുടെ ഈ നിലപാട് കെ.സുധാകരനടക്കമുള്ള രാഹുലിന്റെ പരിശുദ്ധിയില്‍ വിശ്വസിക്കുന്നവരെ ചൊടിപ്പിച്ചിട്ടുണ്ട്. എന്തിനാണ് യാതൊരു ആവശ്യവുമില്ലാതെ ആ പെണ്‍കുട്ടിയോട് രംഗത്ത് വരാന്‍ മുരളി ആവശ്യപ്പെട്ടതെന്ന് രാഹുലിനൊപ്പം നില്‍ക്കുന്നവര്‍ ചോദിക്കുന്നു. മുരളിയുടെ വാക്കുകള്‍ കേട്ട്, മുരളി നല്‍കിയ ധൈര്യത്തില്‍ ആ പെണ്‍കുട്ടി രംഗത്ത് വന്നാല്‍ അത് രാഹുല്‍ മാങ്കൂട്ടത്തിലിന് കൂടുതല്‍ അഴിയാക്കുരുക്കാകുമെന്നതില്‍ സംശയമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സുധാകരന്റെ പ്രസ്താവന വെറും പാര്‍ട്ടി അന്വേഷണം എന്ന നിലയ്ക്കു മാത്രമേ മുരളി കാണുന്നുള്ളുവെന്നതും വ്യക്തം. ലൈംഗിക ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ സസ്‌പെന്‍ഷനിലാണെന്നും നേതാക്കളോടൊപ്പം വേദി പങ്കിടാന്‍ രാഹുലിന് അനുമതിയില്ലെന്നു കൂടി കെ.മുരളീധരന്‍ പ്രതികരിക്കുമ്പോള്‍ പ്രചരണത്തിനോ പ്രസംഗത്തിനോ രാഹുലിനെ കൂടെക്കൂട്ടരുതെന്ന വ്യക്തമായ അഭിപ്രായപ്രകടനമാണ് മുരളി നടത്തുന്നത്.


രാഹുലിനെ പരിശുദ്ധരില്‍ വിശുദ്ധനാക്കാന്‍ ശ്രമിക്കുന്ന സുധാകരനും മറ്റുമുള്ള മുരളിയുടെ മറുപടി കൂടിയാണിത്.
രാഹുലിനെ സുധാകരന്‍ കഴിഞ്ഞ ദിവസമാണ് പ്രസ്താവന കൊണ്ട് സംരക്ഷിക്കാനിറങ്ങിയത്. കോണ്‍ഗ്രസിനുള്ളിലെ തന്നെ നേതാക്കളുടെ അമ്പുകൊള്ളാതിരിക്കാന്‍ മാങ്കുട്ടത്തലിനെ പൊതിഞ്ഞുപിടിച്ച് രാഹുലിന്റെ പൊളിറ്റിക്കല്‍ പ്രൊട്ടക്ടറാകാനുള്ള സുധാകരന്റെ നീക്കമാണ് മുരളി പൊളിച്ചുകയ്യില്‍ കൊടുത്തിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കഴിഞ്ഞ ദിവസമാണ് മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്‍ പരാമര്‍ശം നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകണമെന്ന് പറഞ്ഞ സുധാകരന്‍, രാഹുല്‍ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താന്‍ വേദി പങ്കിടുമെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. രാഹുലിനെ പാര്‍ട്ടിയില്‍ സജീവമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
സുധാകരന്റെ ഈ വാക്കുകള്‍ കോണ്‍ഗ്രസിലെ പല വനിതാ നേതാക്കളും സാധാരണക്കാരായ വനിതാപ്രവര്‍ത്തകരും അമ്പരപ്പോടെയാണ് കേട്ടത്. രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് സജനയടക്കമുള്ളവര്‍ കടുത്ത നിലപാടെടുത്ത് എതിര്‍ഭാഗത്ത് ഉറച്ചുനില്‍ക്കുമ്പോഴാണ് രാഹുലിനെ അടിമുടി വെള്ളപൂശി സുധാകരന്‍ അവതരിപ്പിച്ചത്.
പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസിലാക്കണമെന്നും നീതിയെന്നത് പീഡിപ്പീക്കുന്നവനുള്ളതല്ല ഇരകള്‍ക്കുള്ളതാണെന്നും യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ കഴിഞ്ഞ ദിവസം എഫ്ബി പോസ്റ്റിട്ടത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വെയ്ക്കണമെന്നും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും സജന ബി സാജന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചതിനു പിന്നാലെയാണ് സുധാകരന്‍ രാഹുലിനെ പിന്തുണച്ചെത്തിയത്.
രാഹുലിനെ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ആര്‍ക്കാണ് ഉള്ളതെന്ന പ്രസക്തമായ ചോദ്യവും സജന ഉന്നയിച്ചിരുന്നു. അതിനുള്ള ഉത്തരം കൂടിയാണ് സുധാകരന്റെ രാഹുല്‍ വിശുദ്ധ പ്രസ്താവന.

രാഹുല്‍മാങ്കൂട്ടത്തിലിനെതിരെ ആ പെണ്‍കുട്ടി രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ പോലീസിനോ ക്രൈംബ്രാഞ്ചിനോ മുന്നോട്ടുപോകാന്‍ കഴിയൂ.
സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ യുവതി പരാതിയുമായി എത്തുമോ എന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നോക്കുന്നത്. രാഷ്ട്രീയ എതിരാളികള്‍ ഈ പെണ്‍കുട്ടിയെ രംഗത്തേക്ക് കൊണ്ടുവരാന്‍ തയ്യാറായി ഇറങ്ങിയില്ലെങ്കില്‍ രാഹുലിനെതിരെ പരാതി ഉന്നയിച്ച ഈ പെണ്‍ശബ്ദത്തെ പുറത്തുകൊണ്ടുവരാന്‍ കോണ്‍ഗ്രസിനകത്തെ രാഹുല്‍വിരുദ്ധ പക്ഷം കളത്തിലിറങ്ങുമെന്നാണ് സൂചന. ഇപ്പോള്‍ത്തന്നെ അതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും പറയപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: