Breaking NewsCrimeIndiaLead NewsNEWSNewsthen SpecialWorld

ഫാസിസത്തിന് എതിരേ സ്‌പെയിനില്‍ അര്‍ധനഗ്നരായി യുവതികളുടെ പ്രതിഷേധം; മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം; ഫ്രാന്‍സിസ് ഫ്രാങ്കോയുടെ ചരമ വാര്‍ഷിക ദിനത്തില്‍ പള്ളിയില്‍ ദിവ്യബലിയുമായി അനുയായികള്‍

മാഡ്രിഡ്: സ്പെയിനിൽ ഫാസിസത്തിനെതിരെ അര്‍ധ നഗ്നരായി പ്രതിഷേധിച്ച യുവതികളുടെ മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം. ഇരുപതാം നൂറ്റാണ്ടിൽ ലോകം കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് സ്വേച്ഛാധിപതികളില്‍ ഒരാളായ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ചരമവാർഷിക ദിനത്തില്‍, വ്യാഴാഴ്ചയാണ് സംഭവം. വൈകുന്നേരം മാഡ്രിഡിലെ ഒരു പള്ളിയിൽ ഫ്രാങ്കോയുടെ അനുയായികളുടെ നേതൃത്വത്തില്‍ ദിവ്യബലി നടന്നുകൊണ്ടിരിക്കെയാണ് പുറത്ത് ഫ്രാങ്കോയ്ക്കെതിരെ രണ്ട് അർദ്ധനഗ്നരായ സ്ത്രീകൾ പ്രതിഷേധവുമായി എത്തിയത്.

 

Signature-ad

അര്‍ധനഗ്നരായി ഫാസിസത്തിനെതിരെ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു യുവതികളുടെ പ്രതിഷേധം. ഇതിനിടെയാണ് ഒരു പുരുഷൻ സ്ത്രീകളിൽ ഒരാളുടെ മാറിടത്തില്‍ കൈവയ്ക്കുന്നത്. പിന്നാലെ യുവതി ഒഴിഞ്ഞുമാറുകയും ‘സർ, എന്നെ തൊടരുത്!’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ കാലഘട്ടത്തിലെ പതാകയുമായാണ് അക്രമി എത്തിയത്. യുവതികളുടെ അനുയായികളില്‍ ഒരാള്‍‌ ഇടയ്ക്കുകയറി തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ആക്രമണം തുടര്‍ന്നു. പിന്നാലെ രണ്ടാമത്തെ സ്ത്രീക്ക് നേരെ തിരിഞ്ഞ അയാള്‍ ആ യുവതിയേയും കടന്നുപിടിക്കുകയായിരുന്നു. എങ്കിലും യുവതികള്‍ പ്രതിഷേധം തുടര്‍ന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഉടനീളം പ്രചരിക്കുന്നുണ്ട്.

 

അതേസമയം, കാഴ്ചക്കാര്‍ യുവതികളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പള്ളിക്ക് പുറത്ത് പ്രതിഷേധിച്ചതിന് ആളുകള്‍ അവരെ ശാസിക്കുകയും ചെയ്യുന്നു. സംഭവം സ്പെയിനിലുടനീളം വലിയ പ്രതിഷേധത്തിന് കാരണമായി. യുവതികള്‍ക്ക് നേരെയുള്ള ആക്രമണത്തെ നിരവധി അപലപിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. അമ്പത് വർഷങ്ങൾ കടന്നുപോയിട്ടും ചിലർ ഒന്നും പഠിച്ചിട്ടില്ലെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെയും ഒരു സ്വേച്ഛാധിപതിയോടുള്ള ആരാധനയും ഇനിയും പൊറുക്കില്ലെന്നും സ്പെയിനിന്‍റെ തുല്യതാ മന്ത്രി(Ministry of Equality)യായ അന റെഡോണ്ടോ ഗാർസിയ പറഞ്ഞു. ക്യാമറകൾക്ക് മുന്നിൽ രണ്ട് സ്ത്രീകളെ ആക്രമിക്കാന്‍ മാത്രം ധൈര്യം എന്നാണ് മന്ത്രി എക്സില്‍ കുറിച്ചത്.

 

ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ചരമവാർഷിക ദിനത്തില്‍ ‘ഫ്രാങ്കോ നീണാൾ വാഴട്ടെ’ എന്ന മുദ്രാവാക്യവുമായെത്തിയ അനുയായികള്‍ സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിനെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. അടുത്തിടെയായി സ്പെയിനിന്‍റെ ഫാസിസ്റ്റ് കാലത്തെ ഓര്‍മ്മകള്‍ ഇല്ലാതാക്കാന്‍ ഭരണത്തിലുള്ള ഇടതുപക്ഷ സർക്കാർ കിണഞ്ഞു പരിശ്രമിച്ചിട്ടും ഫ്രാങ്കോയുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന സ്പെയിനിലെ തീവ്ര വലതുപക്ഷ അനുയായികളുടെ പിന്തുണ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ മാസം സ്റ്റേറ്റ് പോൾസ്റ്റർ സിഐഎസ് നടത്തിയ ഒരു സർവേയിൽ 21 ശതമാനത്തിലധികം ആളുകള്‍ ഫ്രാങ്കോ യുഗത്തെ ‘നല്ലത്’ അല്ലെങ്കിൽ ‘വളരെ നല്ലത്’ എന്ന് വിശേഷിപ്പിച്ചിരുന്നു. 2000 ൽ ഇത് 11 ശതമാനമായിരുന്നു.

ഫ്രാൻസിസ്കോ ഫ്രാങ്കോ

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും കരുത്തരായ ഏകാധിപതികളിൽ ഒരാളായിരുന്നു ഫ്രാൻസിസ്കോ ഫ്രാങ്കോ. ജനങ്ങളോടോ പാർലമെന്റിനോടോ ഉത്തരം പറയാൻ താൻ ബാധ്യസ്ഥനല്ല, തന്റെ പ്രവൃത്തികൾ ദൈവത്തിന് മുന്നിൽ മാത്രമേ വിചാരണ ചെയ്യപ്പെടൂ എന്നുമായിരുന്നു ഫ്രാങ്കോ പറഞ്ഞിരുന്നത്. ജനാധിപത്യം അട്ടിമറിച്ച്, സൈനിക ബലത്തിലൂടെ അധികാരത്തിലെത്തിയ ഫ്രാങ്കോ 1939 മുതൽ 1975ൽ മരിക്കുന്നതു വരെ സ്പെയിനിന്റെ പരമാധികാരിയായിരുന്നു. നാത്‌സി ജർമനിയിൽനിന്ന് ഹിറ്റ്‌ലറുടെയും ഇറ്റലിയിൽനിന്ന് മുസോളിനിയുടെയും സഹായം ലഭിച്ച സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലൂടെയാണ് ഫ്രാങ്കോ സ്പെയിന്‍ കീഴടക്കിയത്. യുദ്ധത്തിൽ ഏകദേശം 5 ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്.

ലൈംഗികത പാപമാണെന്ന് കരുതിയിരുന്ന ഫ്രാങ്കോ സ്പെയിനിൽ വിവാഹമോചനം, ഗർഭച്ഛിദ്രം, ഗർഭനിരോധന മാർഗങ്ങൾ എന്നിവ കർശനമായി നിരോധിച്ചിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തു. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു അദ്ദേഹം. 1975 നവംബർ 20ന് 82-ാം വയസ്സിലാണ് ഫ്രാങ്കോയുടെ മരണം. ഇതോടെ ഫ്രാങ്കോ യുഗം സ്പെയിനില്‍ അവസാനിച്ചു. തുടര്‍ന്ന് യുവാൻ കാർലോസ് രാജാവ് അധികാരത്തിലേറി. അദ്ദേഹമാണ് പിന്നീട് സ്പെയിനിനെ ജനാധിപത്യത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: