Breaking NewsIndiaKeralaLead NewsNEWSNewsthen Specialpolitics

എസ്. ഐ. ആര്‍ സൂയിസൈഡ് ഇന്റന്‍സീവ് റീസണ്‍ ആയി മാറുന്നു; ജീവനൊടുക്കാനും ജീവനെടുക്കാനും ഒരുങ്ങി ബി എല്‍. ഒമാര്‍; അസ്വസ്ഥതയിലും ആശങ്കയിലും കുടുംബങ്ങള്‍

തിരുവനന്തപുരം : തീവ്ര വോട്ടർപട്ടിക പരിഷ്കരണം എന്ന എസ് ഐ ആർ ബി.എൽ ഓ മാരുടെ ജീവനെടുക്കുന്ന സൂയിസൈഡ് ഇന്റൻസീവ് റീസൺ ആയി മാറുന്നു.
 അമിത ജോലിഭാരം, വോട്ടർമാരുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും ഭീഷണിപ്പെടുത്തലും സമ്മർദ്ദങ്ങളും, പറഞ്ഞ സമയത്ത് ചുമതലകൾ പൂർത്തിയാക്കാൻ പറ്റാത്തതിലുള്ള ആശങ്ക എന്നിവയെല്ലാം ബിഎൽഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്.
 ബി എല്‍ ഒ ആത്മഹത്യ ചെയ്ത സംഭവത്തിന് സാക്ഷ്യം വഹിച്ച കേരളം ഇനിയും അത്തരം ജീവനൊടുക്കലുകൾക്ക് സാക്ഷിയാകേണ്ടി വരുമോ എന്ന ആശങ്ക പരക്കുകയാണ്.
 ഈ നിലയ്ക്ക് പോയാൽ ഞാൻ ചാവുകയോ അല്ലെങ്കിൽ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുമെന്ന ഒരു ബിഎൽ ഒ യുടെ ഗത്യന്തരമില്ലാത്ത തുറന്നു പറച്ചിൽ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.
 ടെൻഷൻ അത്രയും താങ്ങാനാകാത്ത ഒരു സാഹചര്യത്തിലാണ് അദ്ദേഹത്തിന് ഇത്തരത്തിൽ പറയേണ്ടി വന്നത്.
 ഈ കണക്കിന് പോയാൽ തനിക്ക് ആത്മഹത്യ ചെയ്യുകയോ ആരെയെങ്കിലും കൊല്ലുകയോ വേണ്ടി വരുമെന്ന് പരസ്യമായി പറഞ്ഞത്
 ബിഎല്‍ഒ ആയ കോട്ടയം മുണ്ടക്കയം സ്വദേശി ആന്റണിയാണ് വില്ലേജ് ഓഫീസര്‍മാർ അടക്കമുള്ളവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ആന്റണി തന്റെ ഓഡിയോ സന്ദേശം പോസ്റ്റ് ചെയ്തത്.
 അതിനൊരു ഭീഷണിയുടെ സ്വരത്തേക്കാൾ ഗതികെട്ടുപോയ ഒരു മനുഷ്യന്റെ നിസ്സഹായാവസ്ഥയുടെ ശബ്ദമായിരുന്നു.
ജോലി സമ്മര്‍ദം താങ്ങാനാകുന്നില്ലെന്ന ഓഡിയോ സന്ദേശം പല ബി എൽ ഒ മാരും പറയാൻ ആഗ്രഹിച്ച് ഉള്ളിൽ കൊണ്ട് നടക്കുന്ന കാര്യമാണ്.
 പലരും തുറന്നുപറയാൻ മടിച്ച കാര്യമാണ് ആന്റണി ഉദ്യോഗസ്ഥ മേധാവികൾക്കും അധികാരത്തിന്റെ ദന്തഗോപുരങ്ങളിൽ ഇരുന്ന് കൽപ്പിക്കുന്നവർക്കും മുന്നിൽ തുറന്നുപറഞ്ഞത്.
ആന്റണി എന്ന ബൂത്ത് ലെവൽ ഓഫീസർ പറഞ്ഞ ദുരവസ്ഥകൾ കേരളം ചർച്ചചെയ്യേണ്ട പ്രധാന വിഷയമായിരിക്കുന്നു.
 ആന്റണിയുടെ വാക്കുകൾ ഇങ്ങനെയാണ് –
ഇലക്ഷന്‍ കമ്മീഷനും റവന്യൂവിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞങ്ങളെ എല്ലാ തരത്തിലും ചൂഷണം ചെയ്യുകയാണ്. മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിട്ടാണ് ഈ അടിമപ്പണി ചെയ്യിക്കുന്നത്. ഇത് ദയവായി നിര്‍ത്തണം. എന്റെ മാനസികനില തകര്‍ന്നു പോകുന്ന അവസ്ഥയാണ്. പലരുമായി സംസാരിച്ച് മനുഷ്യന്റെ സമനിലയും മാനസികമായ ആരോഗ്യവും നഷ്ടപ്പെട്ടു. ഒന്നുകില്‍ ഞാന്‍ ആരെയെങ്കിലും കൊല്ലും. അല്ലെങ്കില്‍ ആരെങ്കിലും എന്നെ കൊല്ലും. ദയവായി ഈ ജോലിയില്‍ നിന്ന് പിന്മാറാന്‍ അനുവദിക്കണം. മടുത്ത്, സഹികെട്ടാണിത് പറയുന്നത്. വില്ലേജ് ഓഫീസിന് മുന്നില്‍ വന്ന് വിഷം കഴിച്ച് മരിക്കും. അത്രയും മാനസിക സമ്മര്‍ദമാണ്. സ്വൈര്യമായി ജോലി ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമില്ല.
ഡിജിറ്റലൈസേഷന്‍ ഒരു മിനുട്ട് കൊണ്ട് ചെയ്യാമെന്ന് പറയുന്നു. നിങ്ങള്‍ക്കൊക്കെ എസി റൂമില്‍ ഇരുന്നുകൊണ്ട് പറയാം. പുറത്ത് വെയിലുകൊണ്ട് നടക്കുന്ന മനുഷ്യരുടെ ബുദ്ധിമുട്ട് എന്താണെന്ന് അറിയില്ല. ജനത്തിന്റെയും നിങ്ങളുടെയും തെറി കേള്‍ക്കാന്‍ പറ്റില്ല. ഒന്നുകില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. അതിന് ഉത്തരവാദി ഈ ഇലക്ഷന്‍ കമ്മീഷനും എസ്‌ഐആറുമാണെന്ന് മാത്രമേ പറയാനുള്ളു.
 ഇതാണ് ഓഡിയോ സന്ദേശത്തിൽ ആന്റണി അധികാരികളോട് പറഞ്ഞത്. സംസ്ഥാനത്തെ ബിഎൽഒ മാരായി പ്രവർത്തിക്കുന്ന നിരവധി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളിൽ ആശങ്കകളും അസ്വസ്ഥതകളും പടരുകയാണ്. അമിത ജോലിഭാരവും ടെൻഷനും ജനങ്ങളുടെ തെറിവിളിയും ഉദ്യോഗസ്ഥ മേധാവികളുടെ സമ്മർദ്ദങ്ങളും രാഷ്ട്രീയപാർട്ടികളുടെ ഭീഷണികളും എല്ലാം അനുഭവിക്കേണ്ടിവരുന്ന ബി എൽ ഒമാർ മാനസിക സംഘർഷം താങ്ങാനാവാതെ എന്തെങ്കിലും കടുംകൈ ചെയ്തു കളയുമോ എന്ന പേടിയിലാണ് ഓരോ ബി എൽ ഒ മാരുടെ കുടുംബങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: