
തൃശൂര്‍: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുവായൂര്‍ പോലീസിന് ഒരുപാട് പരാതികള്‍ ഒരു അജ്ഞാതനെക്കുറിച്ച് കിട്ടിക്കൊണ്ടിരുന്നു. ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി സ്ത്രീകള്‍ക്കു നേരെ ലൈംഗീകാതിക്രമം നടത്തുന്ന ഒരു നികൃഷ്ടനെക്കുറിച്ച്.
പരാതികളിന്മേല്‍ പോലീസ് നടത്തിയ കൃത്യമായ അന്വേഷണം ഒടുവില്‍ അവനെ കുടുക്കി.
സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തൃശൂര്‍ ചൊവല്ലൂര്‍ കിഴക്കേകുളം സ്വദേശി അബ്ദുല്‍ വഹാബിനെ പോലീസ് അറസ്റ്റു ചെയ്യുമ്പോള്‍ ഗുരുവായൂരിലും പരിസരത്തുമുള്ള സ്ത്രീകള്‍ക്ക് ആശ്വാസമാവുകയായിരുന്നു.
സന്ധ്യയായാല്‍ ഹെല്‍മറ്റ് ധരിച്ച് സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു ഇയാള്‍. വിദ്യാര്‍ത്ഥിനികളേയും ജോലി കഴിഞ്ഞു പോകുന്ന സ്ത്രീകളെയുമാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയിരുന്നത്. റോഡിലൂടെ നടന്നുപോവുന്ന സ്ത്രീകളെയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഇതുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു.
ഇയാള്‍ സ്ഥിരമായി ഇത്തരത്തില്‍ സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിവന്നിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് പോലീസ് ലഭിച്ച പരാതികളില്‍ പറഞ്ഞ വിവരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്തെ അന്‍പതോളം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കൂടുതല്‍ കേസുകളിലും പ്രതി ഏതാണ്ട് ഒരേ സ്ഥലത്ത് വെച്ചാണ് സ്ത്രീകളെ ആക്രമിച്ചിരുന്നതെന്ന് പോലീസിന് മനസിലായത് കേസിന് വലിയ തുമ്പായി. ഈ സ്ഥലത്ത് പോലീസ് അവനുവേണ്ടി വലവിരിച്ച് കാത്തിരുന്നു. പോലീസിന്റെ ഊഹവും കണക്കുകൂട്ടലും തെറ്റിയിലല്ല. കൃത്യമായി വില്ലന്‍വന്ന് പോലീസിന്റെ കണ്‍മുന്നില്‍ വീണു. പോലീസ് കയ്യോടെ പൊക്കുകയും ചെയ്തു.






