ഇതാ വയനാട് ടൗണ്‍ഷിപ്പ്: വിമര്‍ശകരുടെ വായടപ്പിച്ച് എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ നിര്‍മാണ പുരോഗതി പുറത്തുവിട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി; 24 മണിക്കൂറും വിശ്രമമില്ലാത്ത ജോലി; സ്ഥലം കണ്ടെത്താന്‍ പോലും കഴിയാതെ കോണ്‍ഗ്രസിന്റെ 30 വീടുകള്‍ ഇപ്പോഴും ത്രിശങ്കുവില്‍

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി രണ്ടു ടൗണ്‍ഷിപ്പുകളിലായി നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പുരോഗതി പുറത്തുവിട്ട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് ഇതുവരെയുള്ള നിര്‍മാണത്തിന്റെ പുരോഗതി വ്യക്തമാക്കുന്നത്. വയനാട് കോണ്‍ഗ്രസ് എംപിയുടെ നൂറുവീടുകള്‍ ഉള്‍പ്പെടെ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ അതിവേഗം മുന്നോട്ടു പോകുന്നത് എന്നതാണ് പ്രത്യേകത. കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ് 30 വീടുകള്‍ നല്‍കുമെന്നു വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെ വീടുകള്‍ക്കായി സ്ഥലം കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ല.
സാങ്കേതിക പ്രശ്‌നം കൊണ്ടാണ് വീടു നിര്‍മിക്കാത്തതെന്നു യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പറഞ്ഞു. ഇതിനു പിന്നാലെ അബിന്‍ വര്‍ക്കിയും ഒരു അഭിമുഖത്തില്‍ സര്‍ക്കാരിനെ പഴിച്ചാണു രംഗത്തുവന്നത്. എന്നാല്‍, സര്‍ക്കാര്‍ പണം കൊടുത്താണു ഭൂമി വാങ്ങിയത്. സമാനമായ രീതിയില്‍ സ്ഥലം കണ്ടെത്താന്‍ കോണ്‍ഗ്രസ് വിചാരിച്ചാല്‍ കഴിയുമായിരുന്നു.
മുസ്ലിം ലീഗ് അടക്കമുള്ള മറ്റു സംഘടനകളും കത്തോലിക്കാ സഭയും വ്യാപാരി വ്യവസായികളും അടക്കമുള്ളവര്‍ വീടുകള്‍ പൂര്‍ത്തിയാക്കുകയാണ്. ചിലര്‍ വീടുകളുടെ താക്കോലും കൈമാറിയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 725 കോടി രൂപ നിര്‍മ്മാണത്തിന് വിനിയോഗിച്ചാണു എല്‍സ്റ്റണ്‍ എസ്‌റ്റേറ്റിലെ ടൗണ്‍ഷിപ്പില 402 കുടുംബങ്ങള്‍ക്കു വീടൊരുങ്ങുന്നത്. 1000 ചതുരശ്ര അടിയില്‍ ഏഴു സെന്റിലാണ് ഒരു വീട്. ഒരു ക്‌ളസ്റ്ററില്‍ 20 വീടുകള്‍ പൂര്‍ത്തിയാക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിമാണച്ചുമതല. കിഫ്ബിയെ പ്രൊജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി നേരത്തെ സര്‍ക്കാര്‍ നിശ്ചയിച്ചിരുന്നു.
ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 15 ലക്ഷം രൂപ നല്‍കാന്‍ ഉത്തരവായിരുന്നു. ദുരന്തബാധിത പ്രദേശത്തെ ഗോത്ര കുടുംബങ്ങള്‍ക്ക് അവരുടെ താല്‍പര്യപ്രകാരമാകും പുനരധിവാസം. ടൗണ്‍ഷിപ്പ് ആശ്യമില്ലാത്തവര്‍ക്ക് 15 ലക്ഷം രൂപ അനുവദിക്കുകയോ വനാവകാശ നിയമപ്രകാരം ഭൂമി അനുവദിക്കുകയോ ചെയ്തിട്ടുണ്ട്. ടൗണ്‍ഷിപ്പിലുടനീളം ഒരേസമയം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.
നിര്‍മാണ പുരോഗതി ഇങ്ങനെ
ഠ പുരയിടങ്ങള്‍ ഒരുക്കലും മണ്‍പണികളും പൂര്‍ണ്ണമായും കഴിഞ്ഞു.
ഠ 296 വീടുകള്‍ക്ക് ഫൗണ്ടേഷനു വേണ്ട അടിസ്ഥാന കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി.
ഠ 270 വീടിന്റെ ഫൂട്ടിങ് കോണ്‍ക്രീറ്റ് ചെയ്തുകഴിഞ്ഞു.
ഠ 242 വീടുകള്‍ക്ക് പ്ലിന്ത് ഘടനയുടെ സ്ഥിരത ഉറപ്പാക്കാനുള്ള സ്റ്റമ്പ് കാസ്റ്റിങ് നടത്തി.
ഠ 173 വീടുകള്‍ക്ക് പ്ലിന്ത് ബീമിനു കീഴെയുള്ള ഇഷ്ടികക്കെട്ട് പൂര്‍ത്തിയായി.
ഠ 129 വീടീന്റെ പ്ലിന്ത് ജോലികള്‍ കഴിഞ്ഞു.
ഠ 84 വീടിന്റെ ഷിയര്‍ വാള്‍ പൂര്‍ത്തിയായി.
ഠ 34 വീടിന്റെ ബീമും സ്ലാബും നിര്‍മ്മിച്ചുകഴിഞ്ഞു.
ഠ ഇതിനെല്ലാം സമാന്തരമായി ഇഷ്ടികകെട്ടലും സിമന്റുപൂശലും മറ്റു ജോലികളും പുരോഗമിക്കുകയാണ്. സമയത്തുതന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കൃത്യമായ ആസൂത്രണത്തോടെ ചിട്ടയായ പ്രവൃത്തികളാണ് ഊരാളുങ്കല്‍ സൊസൈറ്റി നടത്തുന്നത്. പ്രതികൂലകാലാവസ്ഥയിലും നിര്‍മ്മാണം സജീവമായി നടക്കുന്നു. ആധുനികയന്ത്രോപകരണങ്ങള്‍ ഉപയോഗിച്ചാണു നിര്‍മ്മാണം. അതുകൊണ്ടുതന്നെ വേഗത്തിലും മികച്ച ഗുണമേന്മയിലുമാണു നിര്‍മ്മാണം പുരോഗമിക്കുന്നത്.






