Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

കെഎഫ്‌സി വായ്പത്തട്ടിപ്പ്: പി.വി. അന്‍വറിനു കുരുക്കു മുറുകുന്നു; മറ്റു വരുമാനമില്ലാതെ അഞ്ചു വര്‍ഷത്തിനിടെ 50 കോടിയുടെ ആസ്തി വര്‍ധന; ഇഡിക്കു മുന്നില്‍ മറുപടിയില്ല; ഡ്രൈവറിന്റെ പേരിലടക്കം ദുരൂഹ സാമ്പത്തിക ഇടപാടുകള്‍; പിവിആര്‍ മെട്രോ വില്ലേജില്‍ വന്‍ നിര്‍മിതികള്‍

മലപ്പുറം: കെഎഫ്‌സി വായ്പത്തട്ടിപ്പില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ എംഎല്‍എ പി.വി. അന്‍വറിന് കുരുക്ക് മുറുകുന്നു. കെഎഫ്‌സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തരപ്പെടുത്തിയ വായ്പ ദുരുപയോഗം നടത്തിയതായി ഇഡി റെയ്ഡില്‍ കണ്ടെത്തി. അഞ്ച് വര്‍ഷത്തിനിടെ അന്‍വറിന്റെ ആസ്തിയില്‍ അന്‍പത് കോടി രൂപയുടെ വര്‍ധനയുണ്ടായതായും ഇഡി കണ്ടെത്തി.

അന്‍വറിന്റെ വീട്ടിലടക്കം ആറിടങ്ങളില്‍ വെള്ളിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇഡിക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. അന്‍വറിന്റെ ഡ്രൈവറിന്റെയും ബന്ധുക്കളുടെയും പേരുകളില്‍ തുടങ്ങിയ ബെനാമി സ്ഥാപനങ്ങള്‍ക്കാണ് കെഎഫ്‌സിയില്‍ നിന്ന് പന്ത്രണ്ട് കോടി രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തുതന്നെ പണയംവെച്ചാണ് വിവിധ ഘട്ടങ്ങളിലായി ലോണ്‍ അനുവദിച്ചത്. കെഎഫ്‌സിയില്‍ നിന്നെടുത്ത വായ്പകള്‍ പിവിആര്‍ ടൗണ്‍ഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്ന് അന്‍വര്‍ ചോദ്യം ചെയ്യലില്‍ ഇഡിയോട് സമ്മതിച്ചു.

Signature-ad

2016ല്‍ 14 കോടി രൂപയായിരുന്നു അന്‍വറിന്റെ ആസ്തി. എന്നാല്‍ 2021ല്‍ ആസ്തി 64 കോടിയിലേക്ക് ഉയര്‍ന്നു. 2015 മുതല്‍ 2020 വരെ മറ്റു വരുമാനമില്ലെന്ന് അന്‍വര്‍ വെളിപ്പെടുത്തിയതിന് വിരുദ്ധമാണ് ഈ കണക്ക്. ഈ വര്‍ധന സംബന്ധിച്ച് ഇഡിക്ക് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ അന്‍വറിന് കഴിഞ്ഞിട്ടില്ല. ഡ്രൈവറിന്റെ പേരിലുള്ള മാലാംകുളം കണ്‍സ്ട്രക്ഷന്‍സ് തന്റേതാണെന്നും അന്‍വര്‍ സമ്മതിച്ചു. പല സാമ്പത്തികയിടപാടുകളും ദുരൂഹമാണെന്നും ഇഡിയുടെ പരിശോധനയില്‍ കണ്ടെത്തി.

പിവിആര്‍ മെട്രോ വില്ലേജില്‍ നടത്തിയ പരിശോധനയില്‍ പാര്‍ക്ക്, വില്ലകള്‍ റിസോര്‍ട്ടുകളും സ്‌കൂളുമടക്കം വന്‍ നിര്‍മിതികളാണ് നടന്നിട്ടുള്ളതെന്നും ഇഡി കണ്ടെത്തി. നിര്‍മാണങ്ങള്‍ അനധികൃതമാണെന്നും തട്ടിയെടുത്ത കോടികള്‍ ഈ നിര്‍മാണങ്ങള്‍ക്കാണ് വിനിയോഗിച്ചതെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍. രേഖകള്‍ പോലും പരിശോധിക്കാതെ അനധികൃതമായാണ് കെഎഫ്‌സി ഉദ്യോഗസ്ഥര്‍ വായ്പകള്‍ അനുവദിച്ചതിന്റെ തെളിവുകളും ഇഡിക്ക് ലഭിച്ചു.

ടെക്‌സിനിക്കല്‍ ഓഫിസറും ലീഗല്‍ ഓഫിസറുമടക്കം വീഴ്ചകള്‍ ഇഡി ഉദ്യോഗസ്ഥരോട് തുറന്ന് സമ്മതിച്ചു. റെയ്ഡില്‍ ബെനാമി പേരുകളിലുള്ള പതിനഞ്ച് അക്കൗണ്ടുകളാണ് ഇഡി കണ്ടെത്തിയത്. കൂടാതെ ഡിജിറ്റില്‍ തെളിവുകളും രേഖകളും പരിശോധനയില്‍ ലഭിച്ചു. വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം. അന്‍വറിന് പുറമെ ഡ്രൈവര്‍ സിയാദ് കെഎഫ്‌സി മലപ്പുറം ശാഖയിലെ മൂന്ന് ഉദ്യോഗസ്ഥരുമാണ് വിജിലന്‍സ് കേസിലെ പ്രതികള്‍. അന്വേഷണത്തിന്റെ ഭാഗമായി പി.വി.അന്‍വറിനെയടക്കം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

 

Back to top button
error: